മുംബൈ ∙ ജയന്റ്‌വീലിൽ കറങ്ങുന്നതിനിടെ തലമുടിമുടി കുരുങ്ങിയ യുവതിയുടെ ശിരോചർമ്മം അടർന്നു പോയി. ബാലി മരോട്ടി തലിക്കോട്ടെ എന്ന 25 കാരിയാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ജയന്റ്‌വീൽ നിർത്തി. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ മഹാഗാവ് താലൂക്കിൽ ‘തൻഹ പോള’ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മേളയിലാണ് സംഭവം. ഏകദിന മേളയിൽ സമീപ ഗ്രാമങ്ങളിൽ നിന്ന് നിരവധി സ്ത്രീകളും കുട്ടികളും പങ്കെടുത്തിരുന്നു.
മറ്റ് സന്ദർശകർക്കൊപ്പം ഫുൾസാവംഗി സ്വദേശിനിയായ ബാലി ജയന്റ്‌വീലിൽ കയറുകയായിരുന്നു. ജയന്റ്‌വീൽ അതിവേഗം കറങ്ങാൻ തുടങ്ങിയപ്പോൾ, അവരുടെ സീറ്റിന് പിന്നിലെ കറങ്ങുന്ന ബെയറിംഗിൽ മുടി കുരുങ്ങി. യുവതി വേദനയിൽ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. മുടി അതിശക്തമായി വലിഞ്ഞതോടെ ശിരോചർമ്മം അടർന്നുപോവുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ സ്ത്രീയെ കണ്ട മേളയിലുണ്ടായിരുന്നവർ ഭയന്ന് പരിഭ്രാന്തരായി. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സുനിൽ അംബുരെ, പൊലീസ് കോൺസ്റ്റബിൾ സുഹാസ് കായ്ട്ടെ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ജയന്റ്‌വീൽ നിർത്തി. തുടർന്ന് പുറത്തെടുത്ത യുവതിയെ ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.








