കുവൈത്ത് സിറ്റി: ഡ്രോണുകള്‍, ലൈറ്റ് സ്‌പോര്‍ട്‌സ് വിമാനങ്ങള്‍, അനുബന്ധ എയര്‍ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് രാജ്യത്ത് കര്‍ശന നിയന്ത്രണം. ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി കുവൈത്ത് പുതിയ നിയമം പുറത്തിറക്കി. സുരക്ഷയും വ്യോമമേഖലയുടെ സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമം.
ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണുകളും നിയമത്തിന്റെ പരിധിയില്‍ വരുന്ന മറ്റ് വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 5,000 ദിനാര്‍ വരെ പിഴയുമാണ് പരമാവധി ശിക്ഷ. അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കാം. പുതിയ ഉത്തരവ് അനുസരിച്ച് കുവൈത്തിലേക്ക് ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും അസംബിള്‍ ചെയ്യുന്നതിനും ഇവ പ്രോഗ്രാം ചെയ്യുന്നതിനും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് നേടണം.
എല്ലാ ഡ്രോണുകളും രജിസ്റ്റര്‍ ചെയ്യണമെന്നും അവയില്‍ വ്യക്തമായ തിരിച്ചറിയല്‍ രേഖകള്‍ പതിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. നിലവിലുള്ള ഡ്രോണ്‍ ഉടമകള്‍ക്ക് പുതിയ നിയമം പാലിക്കുന്നതിനായി ഒരു വര്‍ഷത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. നിയമത്തിന്റെ വിശദമായ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്താവളങ്ങള്‍, സൈനിക-സുരക്ഷാ കേന്ദ്രങ്ങള്‍, തന്ത്രപ്രധാനമായ മറ്റ് നിയന്ത്രിത മേഖലകള്‍ എന്നിവക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. രാജ്യസുരക്ഷയ്‌ക്കോ പൊതുസുരക്ഷയ്‌ക്കോ ഭീഷണിയാകുന്ന രീതിയില്‍ സൈനിക-സുരക്ഷാ കേന്ദ്രങ്ങള്‍ക്ക് സമീപം പറക്കുന്ന ഡ്രോണുകളെ തടയാനോ നിയന്ത്രണം ഏറ്റെടുക്കാനോ ആവശ്യമെങ്കില്‍ വെടിവെച്ചിടാനോ സുരക്ഷാ-സൈനിക വിഭാഗങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.








