മസ്കത്ത് ∙ ഒമാൻ കടലിൽ കാണപ്പെടുന്ന 12 ഇനം പഫർ മത്സ്യങ്ങൾ വാങ്ങുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ഭക്ഷ്യസുരക്ഷാ-ഗുണനിലവാര കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അപകടം തോന്നുമ്പോൾ ശരീരം വീർപ്പിക്കുന്ന മത്സ്യങ്ങളാണ് പഫർ മത്സ്യങ്ങൾ. ഇവയിൽ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്സിൻ എന്ന ശക്തമായ വിഷം മരവിപ്പ്, ഛർദി, പേശികളുടെ ബലക്കുറവ്, പക്ഷാഘാതം, ശ്വാസതടസ്സം എന്നിവയ്ക്കു കാരണമാകും. ഗുരുതരമായാൽ മരണം വരെ സംഭവിച്ചേക്കാം.
പാചകം ചെയ്താലോ ഫ്രീസ് ചെയ്താലോ വിഷം ഇല്ലാതാകില്ലെന്നും അധികൃതർ വ്യക്തമാക്കി.∙ വിഷമത്സ്യം
അരോത്രോൺ ഹിസ്‌പിഡസ്, അരോത്രോൺ നൈഗ്രോപങ്ക്റ്റേറ്റസ്, കാന്തിഗാസ്റ്റർ വാലന്റിനി, അരോത്രോൺ ഇമ്മാക്കുലേറ്റസ്, ചെലോനോഡോൺ പറ്റോക, ഡയോഡൺ ലിറ്റ്യൂറോസസ്, ലാഗോസെഫാലസ് ലൂനാരിസ്, ഡയോഡൺ ഹൈസ്ട്രിക്സ്, അരോത്രോൺ മെലിയാഗ്രിസ്, ലാഗോസെഫാലസ് സ്കെലെറാറ്റസ്, ഡയോഡൺ ഹോളോകാന്തസ്.
സുരക്ഷിതമെന്ന് ഉറപ്പുള്ള മത്സ്യം വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്ന് മാത്രം വാങ്ങണമെന്നും നിർദേശമുണ്ട്.








