ആരോഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം വന്ന് ആളുകൾ മരിക്കുന്ന വാർത്തകൾ ഇപ്പോൾ വളരെ സാധാരണമായിരിക്കുകയാണ്. സാധാരണ ശരീരഭാരം, വ്യായാമം ചെയ്യുന്ന ശീലം, ഭക്ഷണത്തിൽ ശ്രദ്ധ, പുകവലിയോ മദ്യപാനമോ ഇല്ല. എന്നിട്ടും അപ്രതീക്ഷിതമായി ഹാർട്ട് അറ്റാക്ക് ഉണ്ടായി?
പലപ്പോഴും എന്തെങ്കിലും ലക്ഷണങ്ങളോ അസ്വസ്ഥതകളോ വന്നാൽ മാത്രം മെഡിക്കൽ ചെക്കപ്പ് ചെയ്യുന്ന രീതിയാണ് പലരുടെയും. എന്നാൽ ഹൃദയാഘാതം പെട്ടെന്നൊരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. ഹൃദയാഘാതം എപ്പോഴും വ്യക്തമായി കാണുന്ന ആരോഗ്യപ്രശ്നങ്ങളുടെ ഫലമായിരിക്കണമെന്നില്ല.
ഹൃദയധമനികളിൽ വർഷങ്ങളായി പതുക്കെ രൂപപ്പെടുന്ന മാറ്റങ്ങൾ പലപ്പോഴും പുറത്തുനിന്ന് തിരിച്ചറിയാനാകില്ല. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാനോ പെട്ടെന്നുള്ള മരണത്തിനോ കാരണമാകുന്നു.
‘ഫിറ്റ്’ ആണെന്ന് പുറമേ തോന്നാമെങ്കിലും ഹൃദയം സുരക്ഷിതമായിരിക്കണമെന്നില്ല
ശരീരഘടനയോ ദിവസവും വ്യായാമം ചെയ്യുന്നുണ്ടോ എന്നതൊക്കെ നോക്കി ഹൃദയാരോഗ്യം വിലയിരുത്താനാകില്ല. ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, ജനിതക പാരമ്പര്യം തുടങ്ങിയ ചില ഘടകങ്ങൾ പുറത്ത് ലക്ഷണങ്ങൾ ഉണ്ടാക്കണമെന്നില്ല. ഹൃദയധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും മറ്റ് വസ്തുക്കളും അടിഞ്ഞ് പ്ലാക്ക് രൂപപ്പെടുന്നത് വർഷങ്ങളെടുത്ത് സംഭവിക്കാം. ഇത് പൊട്ടുമ്പോൾ അതിന് മുകളിൽ രക്തം കട്ടപിടിച്ച് ധമനിയിലെ രക്തയോട്ടം പെട്ടെന്ന് തടസ്സപ്പെടുകയും ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യാം.
അറിയാതെ ഉയർന്നിരിക്കുന്ന കൊളസ്ട്രോൾ
ചീത്ത കൊളസ്ട്രോൾ ഉയർന്നിരിക്കുമ്പോൾ കാലക്രമേണ ധമനികളിൽ പ്ലാക്ക് രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന് ശരീരഭാരം മാത്രമല്ല കാരണം. ജനിതക ഘടകങ്ങൾ, ഭക്ഷണരീതി, ശാരീരിക പ്രവർത്തനത്തിന്റെ കുറവ് തുടങ്ങിയവയും സ്വാധീനിക്കും. എന്നാൽ ഉയർന്ന കൊളസ്ട്രോളിന് പലപ്പോഴും വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. അതുകൊണ്ടാണ് ആരോഗ്യവാനായി തോന്നുന്ന ഒരാൾക്കും രക്തത്തിലെ കൊളസ്ട്രോൾ അറിയാതെ ഉയർന്നിരിക്കാനുള്ള സാധ്യതയുള്ളത്.
ഉയർന്ന രക്തസമ്മർദം
ഉയർന്ന രക്തസമ്മർദം ഉണ്ടെന്ന് അറിയാതെ ജീവിക്കുന്നവരാണ് പകുതിയിലേറെ ആളുകളും. വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ നിശബ്ദ കൊലയാളിയെന്നാണ് ഉയർന്ന രക്തസമ്മർദത്തെ വിശേഷിപ്പിക്കുന്നത്. ദീർഘകാലം നിയന്ത്രിക്കാത്ത ഉയർന്ന രക്തസമ്മർദം രക്തക്കുഴലുകൾക്ക് സമ്മർദ്ദം ഉണ്ടാക്കുകയും ഹൃദയധമനികളിലെ രോഗസാധ്യത വർധിപ്പിക്കുകയും ചെയ്യും.
പ്രമേഹം അറിയാതെ വളരുന്നത്
പ്രമേഹം പലരിലും വർഷങ്ങളോളം ശ്രദ്ധയിൽപ്പെടാതെ തുടരാം. രക്തത്തിലെ ഉയർന്ന പഞ്ചസാര രക്തക്കുഴലുകളെയും ഹൃദയാരോഗ്യത്തെയും ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്. പ്രമേഹമുള്ളവരിൽ ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോഴും സാധാരണ കാണുന്ന നെഞ്ചുവേദന വ്യക്തമായി അനുഭവപ്പെടാതിരിക്കാനുള്ള സാധ്യതയുണ്ട്.
പുകവലി മാത്രമല്ല, മറ്റ് പുകയില ഉപയോഗവും
പുകവലി ഹൃദയാഘാതത്തിന്റെ പ്രധാന അപകടഘടകങ്ങളിലൊന്നാണ്. ഒരാൾ വളരെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താലും പുകവലി തുടരുകയാണെങ്കിൽ ഹൃദയസംബന്ധമായ അപകടസാധ്യത കുറയണമെന്നില്ല. പുകയില ഉപയോഗം രക്തക്കുഴലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ഹൃദയധമനികളിലെ രോഗസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
കുടുംബ ചരിത്രം
ജനിതക സാധ്യതയും ഇതിൽ തള്ളിക്കളയാനാകില്ല. ചില കൊളസ്ട്രോൾ പ്രശ്നങ്ങൾക്കും ഹൃദ്രോഗസാധ്യതകൾക്കും ജനിതക ഘടകങ്ങൾ പങ്കുവഹിക്കാം.
അമിതമായ മാനസിക സമ്മർദ്ദം
കടുത്ത മാനസിക സമ്മർദ്ദം ശരീരത്തിൽ പല മാറ്റങ്ങൾക്കും കാരണമാകും. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം തുടങ്ങിയവയിൽ മാറ്റമുണ്ടാകാം. ചില പ്രത്യേക ഹൃദയധമനി പ്രശ്നങ്ങളിൽ കടുത്ത മാനസിക സമ്മർദം ഒരു ട്രിഗർ ആയി പ്രവർത്തിക്കാമെന്നും പഠനങ്ങൾ വിശദീകരിക്കുന്നു.
അമിതമായ വ്യായാമം എല്ലായ്പ്പോഴും സുരക്ഷിതമല്ല
വ്യായാമം ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പരിശീലനമില്ലാത്ത ഒരാൾ പെട്ടെന്ന് വളരെ കഠിനമായ വ്യായാമത്തിലേക്ക് പോകുന്നത് ശരീരത്തിന് വലിയ സമ്മർദ്ദമാകാം. പ്രത്യേകിച്ച് അറിയപ്പെടാത്ത ഹൃദയരോഗമോ രക്തക്കുഴൽ പ്രശ്നമോ ഉള്ളവരിൽ ശക്തമായ ശാരീരിക സമ്മർദ്ദം ചില അപൂർവ സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. SCAD പോലുള്ള അവസ്ഥകളിൽ തീവ്രമായ വ്യായാമം ഒരു ട്രിഗർ ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് വ്യായാമം ഒഴിവാക്കണമെന്നല്ല. ക്രമമായി, ശരീരശേഷിക്കനുസരിച്ച് വ്യായാമം ചെയ്യുക എന്നതാണ് പ്രധാനപ്പെട്ടത്.
ഹാർട്ട് അറ്റാക്ക് എന്ന് കേൾക്കുമ്പോൾ നെഞ്ചിൽ കടുത്ത വേദന, വിയർപ്പ്, ശ്വാസംമുട്ടൽ എന്നിവയാണ് പലരും ചിന്തിക്കുന്നത്. എന്നാൽ എല്ലാ സാഹചര്യങ്ങളിലും ഇത്ര വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. സൈലൻ്റ് ഹാർട്ട് അറ്റാക്ക് എന്നത് വ്യക്തമായ മുന്നറിയിപ്പ് ലക്ഷണങ്ങളില്ലാതെയോ വളരെ ചെറിയ ലക്ഷണങ്ങളോടെയോ സംഭവിക്കുന്ന ഹാർട്ട് അറ്റാക്കാണ്. അസാധാരണമായ ക്ഷീണം, ചെറിയ ശ്വാസംമുട്ടൽ, ദഹനക്കേട് പോലെ തോന്നൽ, നെഞ്ചിന് ചെറിയ സമ്മർദ്ദം, തലകറക്കം, വിയർപ്പ്, താടി/പുറം/കൈ ഭാഗങ്ങളിലെ അസ്വസ്ഥത തുടങ്ങിയവ ചിലരിൽ ഉണ്ടാകാം.
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ 2026-ലെ റിപ്പോർട്ട് പ്രകാരം, ചിലർക്ക് പിന്നീട് ECG, echocardiogram, cardiac MRI തുടങ്ങിയ പരിശോധനകളിലാണ് മുമ്പ് സംഭവിച്ച silent heart attack കണ്ടെത്തുന്നത്.
ഹൃദയാഘാത സാധ്യത എങ്ങനെ കുറയ്ക്കാം?
കൃത്യമായ പരിശോധന: 30 വയസ്സ് കഴിഞ്ഞവരും കുടുംബത്തിൽ ഹൃദ്രോഗ പാരമ്പര്യമുള്ളവരും രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവ കൃത്യമായി പരിശോധിക്കുക
ഭക്ഷണക്രമത്തിൽ മാറ്റം: ഉപ്പും മധുരവും അനാരോഗ്യകരമായ കൊഴുപ്പും പൂർണ്ണമായും കുറയ്ക്കുക. പഴങ്ങൾ, പച്ചക്കറികൾ, മുഴുവൻ ധാന്യങ്ങൾ എന്നിവ അടങ്ങിയ ഡയറ്റ് ശീലമാക്കുക
വ്യായാമം: ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക
ലഹരിവർജനം: പുകവലിയും മദ്യപാനവും പൂർണമായും ഉപേക്ഷിക്കുക
സ്ട്രെസ് മാനേജ്മെന്റ്: യോഗ, മെഡിറ്റേഷൻ എന്നിവയിലൂടെ മാനസിക സമ്മർദം കുറയ്ക്കുന്നത് രക്തസമ്മർദം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.







