മുംബൈ ∙ ഐഐടി ബോംബെയിലെ വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം. സെപ്റ്റംബർ 18ന് നടന്ന മിഡ് സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു പിടിക്കപ്പെട്ടതിനു ശേഷം, വിദ്യാർഥി ഒരു പെൺസുഹൃത്ത് ഉൾപ്പെടെയുള്ള ചില സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് സംഭവത്തിൽ കടുത്ത ഖേദവും വിഷമവും പ്രകടിപ്പിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഐഐടിയിലെ വിദ്യാർഥികളും ഹോസ്റ്റൽ ജീവനക്കാരും ഉൾപ്പെടെ ഇരുപത്തഞ്ചിലധികം ആളുകളുടെ മൊഴി ക്രൈംബ്രാഞ്ച് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് 12.40 ഓടെയാണ് വിദ്യാർഥിയെ കോപ്പിയടിച്ചതിനു പിടികൂടിയത്. അന്ന് വൈകിട്ടോടെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘‘പരീക്ഷയ്ക്ക് ശേഷം ഹോസ്റ്റലിൽ ചെലവഴിച്ച സമയത്താണ് അവൻ സുഹൃത്തുക്കളെ വിളിച്ചത്. അന്നേദിവസം ഉച്ചയ്ക്ക് 2.30 ഓടെ ഒരു പെൺസുഹൃത്തിനെ വിളിച്ച് തന്റെ പരീക്ഷ മോശമായതിനെക്കുറിച്ചും, അതിനുപിന്നാലെ കോപ്പിയടി വിവാദത്തിൽ പെട്ടതിനെക്കുറിച്ചും അവൻ കടുത്ത വിഷമം പങ്കുവച്ചിരുന്നു.’’ – അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
വിദ്യാർഥിയുടെ ഐഫോൺ അൺലോക്ക് ചെയ്ത് വിവരങ്ങൾ ശേഖരിക്കാനായി കലീന ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ആവശ്യമെങ്കിൽ ആപ്പിൾ കമ്പനിയുടെയും വാട്സാപ്പിന്റെയും സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. പരീക്ഷാ വിവാദത്തിനു പുറമെ, വിദ്യാർഥിയുടെ കുടുംബം ഉന്നയിച്ച ജാതി അധിക്ഷേപ ആരോപണങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥാപനത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഐഐടി ബോംബെയിലെ പ്രഫസർ സൂര്യനാരായണ ഡൂല്ലയെ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ക്രൈംബ്രാഞ്ച് ഇതുവരെ ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മൂന്നു മാസമായി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശിരീഷ് കേദാരെയുടെ നിർദേശപ്രകാരം പ്രഫസർ സൂര്യനാരായണ തന്റെ മകനെ ജാതീയമായി അധിക്ഷേപിക്കുന്നുണ്ടെന്നും, കള്ളക്കേസിൽ കുടുക്കുമെന്ന് മകൻ ഭയപ്പെട്ടിരുന്നതായും പിതാവ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.







