ആലപ്പുഴ ∙ സംസ്ഥാനത്ത് ഇൻഫ്ലൂവൻസ വൈറസ് പടരുന്നതിനാൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സമീപജില്ലകളെ അപേക്ഷിച്ചു കുറവാണെങ്കിലും ആലപ്പുഴ ജില്ലയിലും പനിബാധിതരുടെ എണ്ണത്തിൽ വർധനയുണ്ട്. അപ്രതീക്ഷിതമായെത്തിയ മഴയും കാലാവസ്ഥാമാറ്റവുമാണു പനിബാധിതരുടെ എണ്ണം കൂടാൻ കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായ സാഹചര്യത്തിൽ വ്യാപിക്കുന്ന തരം വൈറസാണു രോഗം പരത്തുന്നത്. കുട്ടികളിലാണു ഇൻഫ്ലുവൻസ ബാധ കൂടുതൽ. രണ്ടാഴ്ച വരെ നീണ്ടു നിൽക്കുന്ന ചുമയാണു രോഗികളെ വലയ്ക്കുന്നത്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ രോഗം ഗുരുതരമാകും.
ആശുപത്രികളിൽ കഫ് കോർണർ വേണം
ആശുപത്രികളിൽ മുഴുവൻ ആരോഗ്യപ്രവർത്തകരും മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് കർശനനിർദേശം നൽകി. രോഗികളോടും മാസ്ക് ഉപയോഗിക്കാൻ ആവശ്യപ്പെടണം. മാസ്കുകൾ വിതരണം ചെയ്യാനും ഉപയോഗിച്ച മാസ്കുകൾ ഉപേക്ഷിക്കാനുമായി ആശുപത്രികളിൽ കഫ് കോർണറുകൾ ആരംഭിക്കണമെന്നും നിർദേശമുണ്ട്.
വാക്സീനുണ്ട്, സർക്കാർ നൽകുമോ?
ഇൻഫ്ലുവൻസ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പുണ്ടെങ്കിലും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങളിൽപെടുന്നവർക്കെങ്കിലും സർക്കാർ ഈ പ്രതിരോധ മരുന്ന് സൗജന്യമായി നൽകാൻ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം. പ്രായമായവർക്ക് ന്യുമോണിയ പ്രതിരോധത്തിനുള്ള മരുന്നുണ്ട്. 60 വയസ്സു കഴിഞ്ഞവർക്ക് ഒറ്റ ഡോസ് മരുന്ന് നൽകിയാൽ 5 വർഷം വരെ പ്രതിരോധശേഷി ലഭിക്കും. വയോജന വകുപ്പ് മുഖേന സർക്കാർ സൗജന്യമായി ലഭ്യമാക്കണമെന്നാണ് ആവശ്യം.





