‘ദീർഘകാലമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധം’; ബലാത്സംഗക്കേസിൽ നിന്ന് കോൺഗ്രസ് എംപി കുറ്റവിമുക്തൻ

Spread the love

ലക്നൗ ∙ ഉത്തർപ്രദേശിലെ സീതാപുരിൽ റജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ നിന്ന് കോൺഗ്രസ് എംപി രാകേഷ് റാത്തോറിനെ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് കുറ്റവിമുക്തനാക്കി. പരാതിക്കാരിയും ജനപ്രതിനിധിയും തമ്മിൽ ദീർഘകാലമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു നിലനിന്നിരുന്നതെന്ന് പ്രോസിക്യൂഷൻ രേഖകളിൽ നിന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം നൽകി റാത്തോർ ശാരീരിക ബന്ധം സ്ഥാപിച്ചുവെന്നാണ് ആരോപണമെങ്കിലും അത് തെളിയിക്കാനായില്ലെന്നും ഉത്തരവിൽ ജസ്റ്റിസ് സുഭാഷ് വിദ്യാർഥി പറഞ്ഞു.

 

പൊതുയോഗങ്ങൾക്കിടയിലാണ് താൻ രാകേഷ് റാത്തോറിനെ പരിചയപ്പെട്ടതെന്നും, തുടർന്ന് അദ്ദേഹം തനിക്ക് രാഷ്ട്രീയ പിന്തുണയും ഒപ്പം നിൽക്കാമെന്ന ഉറപ്പും നൽകിയതായും പരാതിക്കാരി മൊഴി നൽകിയിരുന്നു. ഇത് സ്വീകരിച്ചതിനെത്തുടർന്ന് തൈലിക് മഹാസഭയുടെ ജില്ലാ വനിതാ പ്രസിഡന്റായി ഇവരെ നിയമിക്കുകയും തുടർന്ന് ഇരുവരും തമ്മിലുള്ള അടുപ്പം വർധിക്കുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. രാകേഷ് റാത്തോർ പലപ്പോഴും യുവതിയെ തന്റെ വസതിയിലേക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും ചിലപ്പോൾ അവർ രാത്രി വൈകുവോളം അവിടെ തുടരാറുണ്ടായിരുന്നുവെന്നുമുള്ള പരാതിക്കാരിയുടെ ഭർത്താവിന്റെ മൊഴിയും കോടതി പരാമർശിച്ചു. ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, വിവാഹിതരും പ്രായപൂർത്തിയായവരുമായ രണ്ട് വ്യക്തികൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധമാണ് പ്രോസിക്യൂഷൻ രേഖകൾ സൂചിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

 

പരാതിക്കാരിയുടെ ഭർത്താവ്, വിവാഹിതനായ മകൻ, മരുമകൾ എന്നിവർ റാത്തോറിനെതിരെയുള്ള ആരോപണങ്ങളെ പിന്തുണച്ച് നൽകിയ മൊഴികളും കോടതി പരിശോധിച്ചു. എന്നാൽ, പ്രോസിക്യൂഷൻ അവതരിപ്പിച്ച സംഭവങ്ങളുടെ പതിപ്പ് സാധാരണ ബുദ്ധിയുള്ള ഒരു വ്യക്തിക്ക് വിശ്വസിക്കാൻ കഴിയാത്തതാണെന്നും അതിനാൽ റാത്തോർ കുറ്റം ചെയ്തതായി ശക്തമായ സംശയം തോന്നുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം പരസ്പരവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുടെ പേരിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുന്നത് നിയമനടപടികളുടെ ദുരുപയോഗമാണെന്നും അത് നീതി നിഷേധത്തിനു കാരണമാകുമെന്നും കോടതി കൂട്ടിച്ചേർത്തു.

 

ഭാര്യയെ വിവാഹമോചനം ചെയ്ത് തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി, റാത്തോർ 2020ൽ ‌ബലാത്സംഗം ചെയ്തതായി ആരോപിച്ച് 2025 ജനുവരിയിലാണ് യുവതി സീതാപൂരിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. നേരത്തെ, കേസിൽ നിന്ന് ഒഴിവാക്കണമെന്ന റാത്തോറിന്റെ അപേക്ഷ വിചാരണ കോടതി തള്ളുകയും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. വിചാരണ കോടതിയുടെ 2025 മേയ് അഞ്ചിലെ ഈ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി റാത്തോറിനെ കുറ്റവിമുക്തനാക്കിയത്.

  • Related Posts

    പാചക വിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു

    Spread the love

    Spread the loveചെന്നൈ ∙ പാചക വിദഗ്ധനും കുക്കു വിത്ത് കൊമാളി തമിഴ് റിയാലിറ്റി ഷോയിലെ വിധികർത്താവുമായ ഷെഫ് ദാമോദരൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച…

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    Leave a Reply

    Your email address will not be published. Required fields are marked *