മുംബൈ∙ 1987ൽ ഇന്ത്യൻ പര്യടനത്തിനെത്തിയ വെസ്‌റ്റിൻഡിസ് ക്രിക്കറ്റ് ടീം ഇന്നും അറിയപ്പെടുന്നത് അവരുടെ നായകൻ വിവിയൻ റിച്ചാർഡ്‌സ്- നടി നീനാ ഗുപ്‌ത പ്രണയത്തിലൂടെയാണ്. റിച്ചാർഡ്‌സും നീനയും ഈ പര്യടനത്തിലൂടെ പരിചയപ്പെട്ടു. പിന്നീട് പലകുറി റിച്ചാർഡ്‌സ് തന്റെ നീനയെ കാണാൻ ഇന്ത്യയിലേക്ക് പറന്നു. പ്രണയം പുഷ്‌പിച്ചു. റിച്ചാർഡ്‌സിന്റെ ഛായയിൽ ഒരു കുഞ്ഞു നീനയിൽ ജനിച്ചു– മസാബ ഗുപ്‌ത. അവിവാഹിതയായ നീന ഗുപ്‌ത ഒരു പെൺകുഞ്ഞിനു ജന്മംനൽകിയത് അന്ന് ഗോസിപ്പ് കോളങ്ങളിൽ ചൂടേറിയ ചർച്ചയായി. നീനയും വിവിയൻ റിച്ചാർഡ്‌സും ഒരിക്കലും വിവാഹിതരായില്ലെങ്കിലും മസാബയെ നീന വളർത്തി, റിച്ചാർഡ്‌സിന്റെ മകളായി തന്നെ. മസാബയെ വളർത്തിയതിനെക്കുറിച്ചും, പിതാവിനെക്കുറിച്ചുള്ള സത്യങ്ങൾ മകൾക്ക് എങ്ങനെ വിശദീകരിച്ചു കൊടുത്തു എന്നതിനെക്കുറിച്ചും ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ് നീന ഗുപ്ത.
‘സൂം സ്‌പോട്ട്‌ലൈറ്റ് സെഷൻസിൽ’ സംസാരിക്കവെ, മകൾ മസാബയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും കുട്ടികളോട് സത്യസന്ധത പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും തുറന്ന ആശയവിനിമയം അവർക്കിടയിൽ എങ്ങനെ വിശ്വാസം വളർത്തിയെന്നും നീന പങ്കുവച്ചു. പിതാവിനോട് യാതൊരുവിധ ദേഷ്യവും വിദ്വേഷവും തോന്നാതെയാണ് താൻ മകളെ വളർത്തിയതെന്നും അവർ വ്യക്തമാക്കി. തന്റെ കുടുംബ സാഹചര്യങ്ങളെക്കുറിച്ച് മറ്റാരെങ്കിലും പറഞ്ഞു മസാബ അറിയുന്നതിനേക്കാൾ നല്ലത്, അവൾ വളരുന്നതിനനുസരിച്ച് അവളുടെ ചോദ്യങ്ങൾക്ക് ഘട്ടംഘട്ടമായി സത്യം പറഞ്ഞു കൊടുക്കുന്നതാണെന്ന് താൻ തീരുമാനിക്കുകയായിരുന്നെന്ന് നീന പറഞ്ഞു. ‘‘അവൾ എന്നോട് ചോദിച്ചപ്പോഴൊക്കെ, അവൾക്ക് അവളുടെ പിതാവിനോട് വെറുപ്പ് തോന്നാത്ത രീതിയിലാണ് ഞാൻ സത്യം പറഞ്ഞുകൊടുത്തത്. ഞാൻ അവളെ അവളുടെ അച്ഛനെ ഇഷ്ടപ്പെടുന്ന രീതിയിലാക്കി മാറ്റി.’’– നീന പറഞ്ഞു.
മസാബ വളർന്നുവന്ന സാഹചര്യങ്ങൾ അവളിൽ പല ചോദ്യങ്ങളും ഉയർത്താൻ സാധ്യതയുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നെന്ന് നീന പറഞ്ഞു. എല്ലാം ഒന്നിച്ച് പറഞ്ഞു കൊടുക്കുന്നതിന് പകരം, ഈ കാര്യങ്ങൾ പതിയെ പതിയെ സംസാരിക്കാനാണ് നീന തീരുമാനിച്ചത്. ‘‘ഞാൻ അത് വളരെ ആസൂത്രിതമായാണ് ചെയ്തത്. കാരണം ഒരു കുട്ടിയോട് ഒന്നിച്ച് എല്ലാ കാര്യങ്ങളും പറയാൻ കഴിയില്ല. പതുക്കെ, അവൾ എന്നോട് ചോദിച്ചപ്പോഴൊക്കെ, അവൾക്ക് അവളുടെ പിതാവിനോട് വെറുപ്പ് തോന്നാത്ത രീതിയിലാണ് ഞാൻ സത്യം പറഞ്ഞത്. ഞാൻ അവളെ അവളുടെ അച്ഛനെ ഇഷ്ടപ്പെടുന്ന രീതിയിലാക്കി. അവൾ വലുതായപ്പോൾ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ഞാൻ പറഞ്ഞു കൊടുത്തു, അതുകൊണ്ട് എന്നോട് അവൾക്ക് യാതൊരുവിധ ദേഷ്യവും വിദ്വേഷവും ഉണ്ടായില്ല, കാരണം ഞാൻ അവളോട് സത്യമാണ് പറഞ്ഞത്.’’- നീന കൂട്ടിച്ചേർത്തു.








