ഒരു ഓട്ടോറിക്ഷ ഡ്രൈവർക്ക് മാസത്തിൽ 75,000 രൂപ വരുമാനമുണ്ടെന്ന് കേട്ടാൽ സാധാരണക്കാരനായ ഏതൊരാളും ഒന്ന് അദ്ഭുതപ്പെടും. സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത, സുഖകരമായ ജീവിതമായിരിക്കും അദ്ദേഹത്തിന്റേതെന്ന് കരുതുന്നവരും കുറവല്ല. എന്നാൽ, വലിയ അക്കങ്ങളിലുള്ള ഈ വരുമാനത്തിന് പിന്നിലെ ജീവിത യാഥാർഥ്യം എന്താണ്?
ഒരു യാത്രക്കാരനുമായുള്ള സംഭാഷണത്തിനിടെ തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഒരു ഓട്ടോ ഡ്രൈവർ നടത്തിയ തുറന്നുപറച്ചിൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. മാസം 75,000 രൂപയോളം കയ്യിൽ വരുന്നുണ്ടെങ്കിലും മാസാന്ത്യത്തിൽ തനിക്ക് സമ്പാദ്യമായി ഒന്നുമില്ലെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ, രൂക്ഷമായ ജീവിതച്ചെലവിനെയും സാമ്പത്തിക സമ്മർദത്തെയും വെളിപ്പെടുത്തുന്നു.
ജീവിതത്തിലെ യാഥാർഥ്യം
ദിവസവും ആഴ്ചയിലെ ഏഴ് ദിവസവും വിശ്രമമില്ലാതെ ജോലി ചെയ്താണ് അദ്ദേഹം ഈ തുക സമ്പാദിക്കുന്നത്. ശരാശരി 2,500 രൂപയാണ് അദ്ദേഹത്തിന്റെ ദിവസേനയുള്ള വരുമാനം. ഒരു മാസം കണക്കുകൂട്ടുമ്പോൾ അത് 75,000 രൂപയോളം വരും. എന്നാൽ, ഈ തുക മുഴുവൻ കഠിനാധ്വാനത്തിന്റെ ആകെത്തുക മാത്രമാണ്. അതിൽ നിന്നും ജീവിതച്ചെലവുകൾ കുറയ്ക്കുമ്പോഴാണ് യഥാർഥ ചിത്രം വ്യക്തമാകുന്നത്.
ദിവസവും 400 മുതൽ 500 രൂപ വരെ ഇന്ധനത്തിനായി ചെലവ് വരുന്നു. പ്രതിദിനം 400 രൂപ ഓട്ടോയ്ക്ക് ഇംഎംഐയുണ്ട്. ദിവസവും 200 രൂപ ഭക്ഷണത്തിനായും 300 രൂപ നിത്യോപയോഗ സാധനങ്ങൾക്കും ഓട്ടോയുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി ദിവസവും 200 രൂപയും ചെലവാകുന്നുണ്ട്. ദിനംപ്രതി ഉണ്ടാകുന്ന ഈ ചെലവുകൾക്ക് പുറമെയാണ് മാസാമാസമുള്ള വലിയ സാമ്പത്തിക ബാധ്യതകൾ.






