കൊച്ചി ∙ അനധികൃത സ്വത്ത് സമ്പാദനത്തിൽ വിജിലൻസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് സംസ്ഥാന ജിഎസ്ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജൻ ദീർഘകാലം പ്രവർത്തിച്ച സർവീസ് സംഘടന വിട്ട് കൂടുമാറിയത്. ഇടതു സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ അംഗമായിരുന്ന പ്രജനി ഈ മാസം ഏഴിന് കോൺഗ്രസ് അനുകൂല യൂണിയനായ കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയനിൽ അംഗമാവുകയായിരുന്നു. പ്രജനിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയ വിവരം പുറത്തു വന്നതോടെ കെജിഒയു പ്രജനിയുടെ അംഗത്വം താൽക്കാലികമായി സസ്പെൻഡ് ചെയ്തു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 2025 അവസാനത്തോടെ എറണാകുളം വിജിലൻസ് സ്പെഷൽ സെൽ പ്രജനിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. സമ്പത്തിന്റെ ഉറവിടം വ്യക്തമാക്കാൻ അഞ്ചു തവണ അവസരം നൽകിയിട്ടും തൃപ്തികരമായ മറുപടി നൽകാൻ പ്രജനിക്കു സാധിച്ചിരുന്നില്ല എന്നാണ് വിവരം. തുടർന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് എഫ്ഐആർ സമർപ്പിച്ചത്. അന്വേഷണം തനിക്കെതിരെ തിരിഞ്ഞു എന്ന് മനസ്സിലാക്കിയതോടെയാണ് വിജിലൻസ് കേസ് ഒതുക്കാനും എറണാകുളം ജില്ലയിൽ തന്നെ തുടരാനും വേണ്ടി രാഷ്ട്രീയ സംരക്ഷണത്തിനായി ഇവർ കോൺഗ്രസ് സംഘടനയിലേക്ക് മാറിയത് എന്നാണ് ആക്ഷേപം.
തന്ത്രപ്രധാനമായ പദവികളിൽ തുടരുന്നതിനായി മുൻപും ഭരണതലത്തിലെ സ്വാധീനവും ഉന്നത ബന്ധങ്ങളും പ്രജനി ഉപയോഗിച്ചിരുന്നതായി ആക്ഷേപമുണ്ട്. 2005ലാണ് പിഎസ്‍സി വഴി സെയിൽസ് ടാക്സ് വകുപ്പിൽ പ്രജനി എത്തുന്നത്. സ്ഥാനക്കയറ്റം ലഭിച്ച് സംസ്ഥാന ജിഎസ്ടി ജോയിന്റ് കമ്മിഷണറായി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ എടുക്കുന്ന കേസുകളിൽ അന്തിമനടപടിയും അംഗീകാരവും നൽകേണ്ട ഉദ്യോഗസ്ഥയായിരുന്നു പ്രജനി. ഈ കാലയളവിലെല്ലാം എറണാകുളം ജില്ലയിൽ തന്നെ പദവികളിൽ തുടരാനും പ്രജനിക്കായി. വലിയ വ്യാപാര സ്ഥാപനങ്ങളുടെ അസസിങ് ഓഫിസറായി എറണാകുളത്ത് ദീർഘകാലം ഇവർ സ്പെഷൽ സർക്കിളിൽ ജോലി ചെയ്തിട്ടുണ്ട്. 2020ലാണ് സ്ഥാനക്കയറ്റം ലഭിച്ച് ജോയിന്റ് കമ്മിഷണറാകുന്നത്.
പ്രജനിയുടെ തേവരയിലെ ഓഫിസിലും പച്ചാളത്തെ വസതിയിലും ശനിയാഴ്ച രാവിലെ മുതൽ നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് 14.10 ലക്ഷം രൂപ, 788 യുഎസ് ഡോളർ, ഒരു പവൻ വീതം തൂക്കമുള്ള നാലു സ്വർണനാണയങ്ങൾ, 190 ഗ്രാം സ്വർണാഭരണങ്ങൾ എന്നിവയാണ്. ഇതിൽ ഭൂരിഭാഗവും വൻ നികുതി വെട്ടിപ്പുകാരിൽനിന്നു കൈക്കൂലിയായി വാങ്ങിയതാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പ്രജനിയുടെ ബാങ്ക് അക്കൗണ്ടുകളും പാൻകാർഡ് വിവരങ്ങളും വിജിലൻസ് വിശദമായി പരിശോധിക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ ബാർ ഹോട്ടലുകളിലെ ജിഎസ്ടി തിരിച്ചടവുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും ജിഎസ്ടി ഉന്നതരുടെ ഒത്താശ ഇതിനുണ്ടെന്നുമുള്ള വിവരം വിജിലൻസിന് നേരത്തേ ലഭിച്ചിരുന്നു. ഒരു അഭിഭാഷകന്റെ പേരിലെത്തിയ കത്തിലായിരുന്നു വിവരങ്ങൾ. കത്തിലെ പേര് വ്യാജമായിരുന്നെങ്കിലും അതിലെ വിവരങ്ങൾ വിജിലൻസ് ഗൗരവമായെടുത്തു.
തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ 2014 മുതൽ 2024 വരെ രണ്ടേമുക്കാൽ കോടിയോളം രൂപയുടെ അനധികൃത സ്വത്ത് പ്രജനി സമ്പാദിച്ചെന്ന് വിജിലൻസ് കണ്ടെത്തി. തുടർന്നായിരുന്നു റെയ്‍ഡ്. വീട്ടിൽ നിന്നു കണ്ടെടുത്ത തുക എറണാകുളം സൗത്തിൽ സ്വന്തം ഉടമസ്ഥതയിലുള്ള ലോഡ്ജിൽ നിന്നുള്ള മാസവരുമാനമാണെന്നും യാത്രാ ആവശ്യത്തിനായി കരുതിയതാണ് യുഎസ് ഡോളർ എന്നുമാണ് പ്രജനി വിജിലൻസിനോട് പറഞ്ഞത്. എന്നാൽ ഈ തുകയുടെ കൃത്യമായ കണക്കുകളോ രേഖകളോ ഹാജരാക്കാൻ സാധിച്ചിട്ടില്ല. അന്വേഷണസംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകും.






