ടെനിസി ∙ അമേരിക്കയിലെ ടെനിസി സംസ്ഥാനത്തുള്ള റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റൂഷനിൽ വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ ഉണ്ടായ ഗുരുതര വീഴ്ചയെത്തുടർന്ന്, ടെനിസി കറക്ഷൻ ഡിപ്പാർട്ട്മെന്റ് കമ്മീഷണറും ജയിൽ മേധാവിയുമായ ഫ്രാങ്ക് സ്ട്രാഡ പദവിയിൽ നിന്ന് പടിയിറങ്ങുന്നു. കൊലക്കേസിൽ കുറ്റവാളിയായ ക്രിസ്റ്റ പൈക്ക് എന്ന തടവുകാരിക്ക് മാരകമായ വിഷാംശം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഗുരുതരമായ പിഴവുകൾ സംഭവിച്ചത്. ഐവി ലൈനുകൾ സ്ഥാപിക്കുന്നതിലുണ്ടായ വീഴ്ചയെത്തുടർന്ന് ബോധരഹിതയായ തടവുകാരി നിലവിൽ വെന്റിലേറ്ററിലും ഗുരുതരാവസ്ഥയിലുമാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെനിസി ഗവർണർ ബിൽ ലീ ഈ വർഷത്തെ ബാക്കിയുള്ള എല്ലാ വധശിക്ഷകളും മരവിപ്പിക്കുകയും സംഭവത്തെക്കുറിച്ച് സമഗ്രമായ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഉദ്യോഗസ്ഥർ നിയമപരമായ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നാണ് ഫ്രാങ്ക് സ്ട്രാഡ വാദിച്ചതെങ്കിലും, സ്വതന്ത്ര അന്വേഷണം നിഷ്പക്ഷമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി താൻ സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മാസം തന്നെ അദ്ദേഹം കമ്മീഷണർ സ്ഥാനത്തുനിന്ന് പടിയിറങ്ങും. അമേരിക്കൻ ജയിൽ ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഇത്തരം പിഴവുകൾ വധശിക്ഷാ രീതികളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് രാജ്യത്ത് വീണ്ടും വഴിവച്ചിരിക്കുന്നത്.








