നോയിഡ∙ ഉത്തർ പ്രദേശിലെ നോയിഡയിൽ ആഡംബര ഹോട്ടലിന്റെ 43ാം നിലയിൽനിന്ന് ചാടി യുവാവ് മരിച്ചു. നോയിഡ സെക്ടർ 94ലെ സൂപ്പർ നോവ സൊസൈറ്റി കെട്ടിടത്തിൽനിന്നാണ് മനേസർ സ്വദേശി സംഭവ് ജെയ്ൻ (35) ചാടി ജീവനൊടുക്കിയത്. വീഴ്ചയുടെ ആഘാതത്തിൽ സംഭവിന്റെ ശരീരം രണ്ടായി പിളർന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സൂപ്പർ നോവ സൊസൈറ്റിയിലെ സ്പൈറ കെട്ടിടത്തിൽ സംഭവ് എത്തിയത്. ഓൺലൈനായി ഒരു ദിവസത്തേക്കാണ് ഇയാൾ മുറി ബുക്ക് ചെയ്തിരുന്നത്. ശനിയാഴ്ച രാവിലെ 11 ഓടെ 43ാം നിലയുടെ ബാൽക്കണിയിലെത്തിയ ഇയാൾ കൈവരിയിൽ കയറി. സമീപത്തെ ഫ്ലാറ്റിൽ എസി അറ്റകുറ്റപ്പണിക്കെത്തിയ ഏതാനും തൊഴിലാളികൾ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ് കെട്ടിടത്തിൽനിന്ന് ചാടുകയായിരുന്നു. തുടർന്ന് ദൃക്സാക്ഷികൾ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുതന്നെ ഇയാൾ മരിച്ചതായി പൊലീസ് പറഞ്ഞു. ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. യുവാവ് ചാടുന്നതിന്റെ അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് സംഭവ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.







