കൊച്ചി ∙ കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. കൂടുതൽ ഉപദ്രവിച്ചത് സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണെന്നും യുവതി പറഞ്ഞതായി ഭർത്താവ് വ്യക്തമാക്കി. കടുത്ത മാനസിക, ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന യുവതി ഇപ്പോഴും കളമശേരി മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്. ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. യുവതികളെ ഇത്തരത്തിൽ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് പൊലീസ് കരുതുന്നത്.
ഒളിവിലുള്ള രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിൽ ശ്രീരാജും ജിത്തും അമ്മുവുമാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. ലോഡ്ജിൽ നിന്ന് രക്ഷപെടാനുള്ള ശ്രമം തടഞ്ഞത് സഞ്ജുവാണ്.
നേരത്തെ അധ്യാപികയായി ജോലി ചെയ്തിരുന്ന യുവതി ജോലി നഷ്ടമായതിനു ശേഷം പുതിയ ജോലി തേടുന്ന സമയത്താണ് സ്പായിൽ മാനേജരുടെ ഒഴിവുണ്ടെന്ന പരസ്യം ഒഎൽഎക്സിൽ കാണുന്നത്. ഇവരുടെ ഭർത്താവ് ടാക്സി ഡ്രൈവറാണ്. അന്നു രാവിലെ മൂന്നാറിലേക്ക് ടൂറിസ്റ്റുകളേയും കൊണ്ട് അദ്ദേഹം യാത്ര പോയിരുന്നു. ഇതിനിടയിൽ ഒരു ജോലി ഒഴിവുണ്ടെന്നും ഇന്റര്‍വ്യൂന് വിളിച്ചിട്ടുണ്ടെന്നും യുവതി ഭർത്താവിനെ അറിയിച്ചു. രാവിലെ ഇന്റർവ്യൂവിന് പോയ യുവതി 10 മണിയോടെ തിരിച്ചെത്തി ജോലി ലഭിച്ചെന്നും ശമ്പളവും ലൊക്കേഷനും ഉൾപ്പെടെ ഭർത്താവിനെ അറിയിച്ചിരുന്നു.








