ബെംഗളൂരു ∙ സംസ്ഥാനാന്തര വ്യാജ മരുന്നു ലോബി ഒന്നര വർഷത്തിനിടെ രാജ്യത്തു വിറ്റത് 15,000 കുപ്പി (വയൽ) വ്യാജ ആന്റിബയോട്ടിക് കുത്തിവയ്പുകൾ. യുഎസ് കമ്പനി ഫൈസറിന്റെ സാവിസെഫ്റ്റ, എംബ്ലാവ്കോ എന്നിവ ഉൾപ്പെടെയുള്ള മരുന്നുകളുടെ വ്യാജ ലേബലുകൾ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്ത് വയലുകളിൽ ഒട്ടിച്ചായിരുന്നു തട്ടിപ്പ്. നിലവാരം കുറഞ്ഞ മരുന്നു നിറച്ച വയലുകൾക്കു പുറത്ത് രാജ്യാന്തര കമ്പനിയുടെ ലേബൽ പതിപ്പിച്ച് ബെംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ മാത്രം 10 കോടിയുടെ മരുന്നു വിറ്റു.
കർണാടകയിൽ വ്യാജ മരുന്നു ലോബിക്കു ചുക്കാൻ പിടിക്കുന്ന പ്രശാന്ത് രാജൻ ബാബുവാണ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അസർബൈജാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞയാഴ്ച ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ കർണാടക പൊലീസിന്റെ പിടിയിലായി. കർണാടകയിലെ ഫാം ഹൗസുകളിൽ ഫൂഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഓഗസ്റ്റിൽ നടത്തിയ റെയ്ഡിൽ 4.91 കോടിയുടെ വ്യാജമരുന്നു പിടിച്ചതോടെയാണു തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. എക്സ്പയറി ഡേറ്റ് കഴിഞ്ഞ് ഉപയോഗശൂന്യമായ മരുന്നുകൾ ഉൾപ്പെടെ വൻകിട മരുന്നുകമ്പനികളുടെ ലേബൽ ഒട്ടിച്ചു വിതരണം ചെയ്തതായി കണ്ടെത്തി.
ഹരിയാന, ഹിമാചൽപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നാണു വിലകുറഞ്ഞതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ എത്തിച്ചിരുന്നത്.
ചെന്നൈ സ്വദേശി ബാലസുബ്രഹ്മണ്യൻ, പ്രശാന്തിന്റെ ഭാര്യ പ്രിയങ്ക എന്നിവരുടെ പേരിൽ റജിസ്റ്റർ ചെയ്ത ഡിഎം ഫാർമ, വീരേഷ് കുമാർ ജൈനിന്റെ ഉടമസ്ഥതയിലുള്ള കൃപ ഫാർമ തുടങ്ങിയവ വഴിയാണു വ്യാജമരുന്നു വിൽപന നടത്തിയത്. ബാലസുബ്രഹ്മണ്യനും അറസ്റ്റിലായിട്ടുണ്ട്.








