ഭീകരവാദ ആശയങ്ങൾ മറച്ചുവച്ചു, ഒപ്പം ‘നല്ല നടപ്പ് സർട്ടിഫിക്കറ്റും; ഫ്ലൈദുബായ് സഹപൈലറ്റിന്റെ പ്ലാൻ പൊളിഞ്ഞത് ഇങ്ങനെ

Spread the love

ദുബായ്∙ ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് എഫ്സെഡ് 1073 വിമാനത്തിൽ സെപ്റ്റംബർ 30ന് നടപ്പിലാക്കാൻ ശ്രമിച്ച ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണ റിപോർട്ട് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷെംസി പുറത്തുവിട്ടു.

 

ഒമാൻ പൗരനായ 29 വയസ്സുള്ള സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ടെൽ അവീവിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനലിലേക്ക് ഇടിച്ചിറക്കി വൻതോതിൽ ആളപായം വരുത്താൻ ലക്ഷ്യമിട്ടാണ് ഈ ചാവേർ ആക്രമണം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.

 

∙ ഭീകരവാദ ആശയങ്ങളിലേക്കുള്ള മാറ്റവും ആസൂത്രണവും

 

പ്രതി 2017-ൽ ഓസ്ട്രേലിയയിലെ മെൽബണിൽ പഠിച്ചുകൊണ്ടിരുന്ന കാലത്താണ് ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടനാകുന്നത്. മെൽബണിലെ റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (ആർഎംഐടി) ബന്ധപ്പെട്ട പള്ളിയിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന ഇയാൾ, അബൂഹംസ എന്ന ലെബനൻ സ്വദേശി നടത്തുന്നതും മുസ് ലിം ബ്രദർഹുഡ് സംഘടനയുടെ പിന്തുണയുള്ളതുമായ ‘മൈ സെന്റർ’ എന്ന കേന്ദ്രത്തിലെ ആളുകളുമായി അടുപ്പത്തിലായി. തുടർന്ന് എക്സ്ട്രീമിസ്റ്റ് സാഹിത്യങ്ങളിലൂടെയും ഓൺലൈൻ ഉള്ളടക്കങ്ങളിലൂടെയും തക്ഫീരി ആശയങ്ങളിലേക്ക് ഇയാൾ മാറുകയായിരുന്നു.

 

2001 സെപ്റ്റംബർ 11ന് യുഎസിൽ നടന്ന ഭീകരാക്രമണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിമാനം ഉപയോഗിച്ച് സമാനമായ ആക്രമണം നടത്താൻ ഇയാൾ തീരുമാനിച്ചത്. ഇതിനായി മാനസിക തയാറെടുപ്പുകൾക്കൊപ്പം സ്വകാര്യ പരിശീലകന് കീഴിൽ ബോക്സിങ് പരിശീലനവും പൂർത്തിയാക്കി. ഏവിയേഷൻ രംഗത്തേക്ക് വരാൻ ഇയാളെ പ്രേരിപ്പിച്ചതും ഈ പദ്ധതിയാണെന്ന് മൊഴിയിൽ പറയുന്നു. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ടെൽ അവീവിലേക്കുള്ള റൂട്ടും ബെൻ ഗുരിയൻ വിമാനത്താവളത്തിന്റെ ഭൂമിശാസ്ത്രവും വ്യക്തമായി മനസ്സിലാക്കാൻ രണ്ട് മുൻ സർവീസുകളിൽ ഇയാൾ നിരീക്ഷണ യാത്രകൾ നടത്തിയിരുന്നു.

 

∙ തൊഴിൽ പശ്ചാത്തലവും റിക്രൂട്ട്മെന്റ് പരിശോധനകളും

 

2020 മുതൽ 2024 വരെ ഒമാൻ എയറിൽ ജോലി ചെയ്ത പ്രതി, 2025 ആദ്യത്തോടെ റോയൽ എയർ മൊറോക്കോയിലേക്ക് മാറുകയും തുടർന്ന് 2026 ജനുവരിയിലാണ് ഫ്ലൈദുബായിൽ സഹപൈലറ്റായി ചേരുകയും ചെയ്തത്. ഫ്ലൈദുബായിലെ നിയമന ഘട്ടത്തിൽ പൈലറ്റ് ലൈസൻസ്, നല്ല നടപ്പ് സർട്ടിഫിക്കറ്റ്, സുരക്ഷാ പരിശോധനകൾ എന്നിവ കൃത്യമായി പൂർത്തിയാക്കിയിരുന്നു. അന്നത്തെ പരിശോധനകളിൽ ഇയാളുടെ ഭീകരവാദ ആശയങ്ങളോ സംശയകരമായ മുൻകാല ചരിത്രമോ വെളിപ്പെട്ടിരുന്നില്ല.

 

∙ കോക്പിറ്റിൽ നടന്ന അതിക്രമം

 

സെപ്റ്റംബർ മുപ്പതിലെ വിമാന സർവീസിനിടെ, കോക്പിറ്റിലുള്ള എമർജൻസി ക്രാഷ് ആക്സ് (അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന കോടാലി) ഉപയോഗിച്ച് പ്രതി ക്യാപ്റ്റൻ സ്മിത് മച്ഛാറിന് നേരെ പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു. തലച്ചോറിന് കടുപ്പമേറിയ ആഘാതമേൽപ്പിച്ച് ക്യാപ്റ്റനെ വധിക്കാനായിരുന്നു ശ്രമം. ക്യാപ്റ്റൻ ശക്തമായി ചെറുത്തുനിൽക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു.

 

ഈ സമയം ടെൽ അവീവിൽ നിന്ന് ദുബായിലേക്കുള്ള മടക്കയാത്രയ്ക്ക് സർവീസ് നടത്തേണ്ടിയിരുന്ന മറ്റൊരു പൈലറ്റ് ഈ വിമാനത്തിൽ യാത്രക്കാരനായി ഉണ്ടായിരുന്നു. കോക്പിറ്റിന്റെ വാതിൽ അസാധാരണമായി തുറക്കുകയും അടയുകയും ചെയ്യുന്നത് കണ്ട ഇയാൾക്ക് സംശയം തോന്നുകയും ആക്സസ് കോഡ് ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തുകയറുകയും ചെയ്തു. സഹപൈലറ്റ് ക്യാപ്റ്റനെ കോടാലി ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ട ഇയാൾ ഉടൻ തന്നെ ഇടപെടുകയായിരുന്നു. ഒരു ക്യാബിൻ ക്രൂ അംഗത്തിന്റെയും ഏതാനും യാത്രക്കാരുടെയും സഹായത്തോടെ അക്രമിയെ അടിച്ചമർത്തുകയും ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റനെ രക്ഷപ്പെടുത്തുകയും ചെയ്തു.

 

∙ സുരക്ഷിതമായ ലാൻഡിങ്ങും അന്വേഷണവും

 

അതിക്രമം തടഞ്ഞതിന് പിന്നാലെ, മടക്കയാത്രയ്ക്കുള്ള ക്യാപ്റ്റനും അദ്ദേഹത്തിന്റെ സഹപൈലറ്റും ചേർന്ന് വിമാനത്തിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു.

 

ക്യാപ്റ്റന്റെ തലയിലേറ്റ പരുക്കുകൾ അടിയന്തര കോടാലി കൊണ്ടുള്ള ആക്രമണത്തിന് സമാനമാണെന്ന് ഫോറൻസിക് മെഡിക്കൽ റിപോർട്ട് സ്ഥിരീകരിച്ചു. തന്റെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ കുറ്റസമ്മതം നടത്തിയ പ്രതി താൻ ഒറ്റയ്ക്കാണ് ഈ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്നും മറ്റ് സംഘടനകളുമായി നേരിട്ട് ബന്ധമില്ലെന്നും അവകാശപ്പെട്ടു. എങ്കിലും സംഭവത്തിൽ മറ്റെതെങ്കിലും കൂട്ടുപ്രതികളുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ റിപോർട്ടുകളും റിക്കോർഡിങ്ങുകളും സാങ്കേതിക വിവരങ്ങളും അപഗ്രഥിച്ച് അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്. ഫ്ലൈദുബായ് കമ്പനി കേസിൽ അന്വേഷണ ഏജൻസികളുമായി പൂർണമായി സഹകരിച്ചു വരുന്നു.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *