തിരുവാഭരണം മോഷ്ടിച്ചെന്ന് പഴികേട്ട് സുരേന്ദ്രൻ നായർ; ഭൂമി വിറ്റ് സ്വർണം വാങ്ങി നൽകി: ഒടുവിൽ യഥാർഥ പ്രതി പിടിയിൽ

Spread the love

ദൈവമുണ്ടോ? ഉത്തരങ്ങൾ പലതു വരുമെങ്കിലും ചിലനേരം ദൈവമുണ്ടെന്നുതന്നെ പറയേണ്ടിവരും; ചില മനുഷ്യരുടെ ജീവിതത്തെ കൊടിയ സങ്കടങ്ങളു‌ടെ കയത്തിൽനിന്നു കൈപിടിച്ചുയർത്തുന്ന വിസ്മയത്തെ അപ്പോൾ ദൈവം എന്നല്ലാതെ എന്തു വിളിക്കാൻ! ആ വിസ്മയത്തിന്റെ സാക്ഷ്യമാണു കട്ടപ്പന കൊച്ചറ മടപ്പാട്ട് സുരേന്ദ്രൻ നായർ. എന്നും തൊഴുന്ന ധർമശാസ്താവിന്റെ തിരുവാഭരണങ്ങൾ മോഷ്ടിച്ചവൻ എന്ന ആരോപണത്തിന്റെ വിഷമുനയേറ്റ് സുരേന്ദ്രൻ നായരും കുടുംബവും പൊള്ളിജീവിച്ചത് പത്തുമാസം. സ്വന്തം പറമ്പു വിറ്റ്, ചെയ്യാത്ത കുറ്റത്തിനു നഷ്ടപരിഹാരവും നൽകി. ഒടുവിൽ, ഒരദ്ഭുത കഥയുടെ ശുഭാവസാനം പോലെ, യഥാർഥ മോഷ്ടാവ് പിടിയിലായി. ഈശ്വരൻ ഇടപെട്ടു എന്നു വിശ്വസിക്കാനാണ് സുരേന്ദ്രൻ നായർക്കും അദ്ദേഹത്തിന്റെ അടുപ്പക്കാർക്കും ഇഷ്ടം. അപ്പോഴും, പത്തുമാസം താനനുഭവിച്ച വേദനയ്ക്കു പകരം ഒന്നുമില്ലെന്നു പറയുന്നു സുരേന്ദ്രൻ നായർ.

 

പത്തുമാസം മുൻപാണ് കട്ടപ്പന കൊച്ചറ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കപ്പെട്ടത്. ആഭരണം സൂക്ഷിച്ചിരുന്ന മുറിയുടെ താക്കോൽ കൈവശമുണ്ടായിരുന്ന ക്ഷേത്രം ഭരണസമിതി സെക്രട്ടറി അറിയാതെ മോഷണം നടക്കില്ലെന്നു ചിലർ ആരോപണമുന്നയിച്ചു. ഇതോടെ, ഭരണസമിതി സെക്രട്ടറി സുരേന്ദ്രൻ നായർക്കു നേരേയായി സംശയം. താൻ നിരപരാധിയാണെന്ന് അദ്ദേഹം ആവർത്തിച്ചെങ്കിലും പലരും അതു വിശ്വാസത്തിലെടുത്തില്ല. നാട്ടുകാ‌‌രടക്കം കുറ്റക്കാരനെന്നു തെറ്റിദ്ധരിച്ചതോടെ, സ്വന്തം ഭൂമി വിറ്റ് സുരേന്ദ്രൻ നായർ ക്ഷേത്രത്തിനു സ്വർണാഭരണങ്ങൾ വാങ്ങി നൽകി. ഒടുവിൽ പത്തുമാസത്തിനുശേഷം, യഥാർഥ മോഷ്ടാവ് പിടിയിലായി. ക്ഷേത്രത്തിലെ മുൻ പൂജാരി കൊല്ലം എഴുകോൺ സ്വദേശി കെ.യു.മിഥുൻ ആയിരുന്നു പ്രതി. സത്യം തെളിഞ്ഞെങ്കിലും ഇക്കാലമത്രയും നേരിട്ട മാനസിക സമ്മർദത്തിന് പ്രതിവിധിയില്ലെന്ന് സുരേന്ദ്രൻ നായർ  പറഞ്ഞു.

 

‘‘ഈ വർഷം ജനുവരിയിലാണ് മിഥുൻ ക്ഷേത്രത്തിൽ പൂജാരിയായി വന്നത്. മുൻപുണ്ടായിരുന്ന മേൽശാന്തിക്ക് ചില അസൗകര്യങ്ങളുണ്ടായതോടെ അദ്ദേഹത്തിനു പകരക്കാരനെ അന്വേഷിച്ചപ്പോഴാണ് മിഥുൻ ബന്ധപ്പെടുന്നത്. അന്വേഷിച്ചപ്പോൾ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണാത്തതോടെ ക്ഷേത്ര ഭരണസമിതി ഇയാളെ നിയമിച്ചു. ഞാനും ഭരണസമിതിയുടെ ഭാഗമായിരുന്നു. കുടുംബത്തിനൊപ്പം ക്ഷേത്രത്തിനടുത്തു തന്നെ വന്നു താമസിച്ച് ജോലി ചെയ്യാമെന്നാണ് മിഥുന്‍ പറഞ്ഞത്. സാധാരണ പൂജാരിമാർക്ക് താമസിക്കാൻ നമ്മൾ വീട് കൊടുക്കാറുണ്ട്. മിഥുൻ വരുന്ന സമയത്ത് ആ വീടിന് പെയിന്റടിക്കുകയായിരുന്നു. പെയിന്റിന്റെ മണം ബുദ്ധിമുട്ടാണെന്നു പറഞ്ഞ മിഥുൻ, ക്ഷേത്രത്തിന്റെ ഓഫിസ് മുറിയിൽ താമസിച്ചോട്ടേ എന്നു ചോദിച്ചു. ഓഫിസ് മുറിയും ഹാളും വിശ്രമിക്കാനുള്ള കട്ടിലും സോഫയുമൊക്കെ അവിടെയുണ്ട്. നമ്മുടെ ക്ഷേത്രത്തിലെ പൂജാരിയല്ലേ എന്നാണ് ഞാൻ കരുതിയത്. അതുകൊണ്ട് അയാളെക്കുറിച്ച് ഒരു സംശയവും തോന്നിയില്ല. അദ്ദേഹത്തിന് ഭക്ഷണം വരെ ഞാനാണ് എത്തിച്ചുകൊടുത്തത്. താക്കോലും പൂജാരിയുടെ കയ്യിൽ കൊടുത്തു. എല്ലാ താക്കോലുകളും ഒന്നിച്ചുള്ള കൂട്ടമായിരുന്നു.

 

രണ്ട് മൂന്നുദിവസം കഴിഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽനിന്ന് താക്കോൽ വാങ്ങി അലമാര തുറന്നപ്പോഴും ക്ഷേത്രാവശ്യത്തിനായി സൂക്ഷിച്ചിരുന്ന പണമെല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നതിനാൽ സംശയമൊന്നും തോന്നിയില്ല. ജ്വല്ലറിയിൽനിന്നു കിട്ടുന്ന മൂന്ന് ബോക്സുകളിലിട്ട് തിരുവാഭരണങ്ങൾ ഒരു നേരിയതു കൊണ്ട് കെട്ടിയാണ് അലമാരയിൽ വച്ചിരുന്നത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ, അമ്മയ്ക്ക് തൊണ്ടയിൽ ഒരു മുഴയുണ്ടെന്നും ഓപ്പറേഷൻ വേണമെന്നും പറഞ്ഞ് മിഥുൻ നാട്ടിലേക്കു പോയി. പിന്നീട്, പുതിയ ക്ഷേത്രം നിർമിക്കാൻ പ്രതിഷ്ഠയുടെ ആവശ്യത്തിനായി ഒരു സ്വർണപത്മം പണിയണമായിരുന്നു. തിരുവാഭരണത്തിൽനിന്ന് 10 ഗ്രാം എടുത്ത് പത്മം പണികഴിപ്പിക്കാമെന്നാണ് ഭരണസമിതി തീരുമാനിച്ചത്. ഇതനുസരിച്ച് സ്വർണം എടുക്കാൻ ഫെബ്രുവരി 27ന് അലമാര തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടു എന്നറിയുന്നത്. മിഥുനാണ് എടുത്തതെന്ന് എനിക്ക് സംശയമുണ്ടായിരുന്നെങ്കിലും ബാക്കി കമ്മിറ്റിക്കാർ എന്നെ വിശ്വസിച്ചില്ല. സെക്രട്ടറി അറിയാതെ സ്വർണം നഷ്ടപ്പെടില്ല എന്നാണ് അവർ പറഞ്ഞത്. അങ്ങനെ ആ കുറ്റം അവർ എന്റെ തലയിൽ ചാർത്തി. ഒരു വർഷത്തോളം ഞാൻ ഒരുപാട് വിഷമിച്ചു. കുറ്റപ്പെടുത്തൽ സഹിക്കാനാവാതെ, എന്റെ പേരിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം– എന്റെ പിതാവിൽനിന്ന് കിട്ടിയതാണ്. അത് വിറ്റ് ആ പണം കൊണ്ട് സ്വർണം വാങ്ങി. 59 ഗ്രാം സ്വർണമാണ് ക്ഷേത്രത്തിൽനിന്ന് പോയത്. ഒരു ഗ്രാം എന്റെ വകയായിക്കൂടി കണക്കാക്കി 60 ഗ്രാം സ്വർണം വാങ്ങി ക്ഷേത്രത്തിനു നൽകി.

 

എന്നിട്ടും ആക്ഷേപങ്ങൾ തുടർന്നതോടെ പൊലീസിൽ പരാതി നൽകി. ഞാൻ പരാതി കൊടുത്തതിനുശേഷമാണ് ഭരണസമിതി പരാതി നൽകിയത്. മിഥുനാണ് എടുത്തതെന്ന് എനിക്ക് ഉറപ്പായിരുന്നു. സ്വർണം കാണാതായതിനെക്കുറിച്ച് മിഥുനോടു ഞാൻ പറഞ്ഞിരുന്നു. പൊലീസിൽ പരാതി കൊടുക്കേണ്ട. സാധനം അടുത്ത മണ്ഡലകാലത്തിനുള്ളിൽ തിരിച്ചു കിട്ടും എന്നൊക്കെയാണ് ഇയാൾ പറഞ്ഞത്. അതോടെ അയാളായിരിക്കും എടുത്തതെന്ന് എനിക്കുറപ്പായി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മിഥുനെ ചോദ്യം ചെയ്യുന്നതും അയാൾ കുറ്റം സമ്മതിക്കുന്നതും. സ്വർണം വിറ്റതിന്റെ രേഖകൾ ഇയാളിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്.

 

ഇക്കാലമത്രയും ഞാൻ അനുഭവിച്ച സങ്കടം പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല. മറ്റൊന്നും പോലെയല്ല, പൊതു ഉടമസ്ഥതയിലുള്ള ഒരു സാധനം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന സമ്മർദം അത്രയും സഹിക്കാൻ കഴിയാത്തതാണ്. ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത്. അത്രയും ബുദ്ധിമുട്ടിൽനിന്നാണ് ആ സ്ഥലം വിറ്റ് സ്വർണം വാങ്ങി നൽകിയത്. ആരോപണം വന്നതിനെത്തുടർന്ന് ഞാൻ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കുകയാണ്. വീട്ടുകാരിൽനിന്ന് കിട്ടിയ പിന്തുണയായിരുന്നു ആശ്വാസം. ഞാൻ അങ്ങനെയൊരാളല്ലെന്ന് വീട്ടുകാർക്ക് അറിയാം. സ്വർണം ഭരണസമിതി തിരികെ നൽകുമെന്നാണ് പ്രതീക്ഷ.’’–സുരേന്ദ്രൻ നായർ പറയുന്നു.

  • Related Posts

    കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം. ടിക്കറ്റ് വില്‍പ്പനയില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ശബരിമല സീസണ്‍ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടമാണ്.   ഇതില്‍…

    ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ; പ്രതിയെ പുറത്തിറക്കിയത് കാറിന്റെ ചില്ലുപൊട്ടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ രാസലഹരി ഉണ്ടെന്ന സംശയത്തിൽ കിലോമീറ്ററുകളോളം പിന്തുടര്‍‍ന്ന ഡാൻസാഫ് സംഘത്തെ ഇടിച്ചുവീഴ്ത്തിയ യുവാവ് എംഡിഎംഎയുമായി പിടിയിൽ. ഇന്നു രാവിലെ പത്തുമണിയോടെ എളമക്കരയിലായിരുന്നു സംഭവം. മൂത്തകുന്നം തുരുത്തിപ്പുറം പുലിക്കൽ വീട്ടിൽ പി. പ്രീതിഷ് (38) എന്നയാളാണ് അറസ്റ്റിലായത്. ഡാൻസാഫ്…

    Leave a Reply

    Your email address will not be published. Required fields are marked *