ഡൽഹി ജന്തർ മന്തറിൽ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് സിനിമാ ലോകത്തുനിന്നും വൻ പിന്തുണ. ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റും ജെഎൻയു ഗവേഷകയുമായ നേഹ ബോറയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പ്രമുഖ താരങ്ങളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന നേഹ ബോറയുടെ റീൽ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി. ‘‘അവകാശങ്ങളെക്കുറിച്ച് അറിഞ്ഞ് വളരുന്ന ഒരു മകളെയാണ് എനിക്ക് വേണ്ടത്! ഈ ലോകത്ത് കേവലം അതിജീവനത്തിനായി മാത്രം പഠിച്ച് വളരുന്നതും, പങ്കാളിയെ പരിപാലിക്കുകയാണ് തന്റെ ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് ചിന്തിക്കുന്നതും എനിക്കിഷ്ടമല്ല.
സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്ദയാക്കപ്പെടാനോ സ്വന്തമായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്ത, ലോകം മുഴുവൻ എതിരായാലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി അവൾ വളരണം.
എന്റെ മകൾ ആരായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് അറിയാമോ? അവൾ,’’–വിനീത് ശ്രീനിവാസൻ പങ്കുവച്ച റീലിൽ പറയുന്നു.
വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി സിനിമാ പ്രവർത്തകരാണ് ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്. നേഹ ബോറയുടെ ചിത്രമുൾക്കൊള്ളുന്ന പോസ്റ്റർ നസ്രിയ സ്റ്റോറിയിൽ പങ്കുവച്ചു. ‘ദസറയുടെ ആദ്യ ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റർ ഷെയർ ചെയ്തത്. തിന്മയ്ക്കു മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ദസറയുടെ സങ്കൽപത്തെ ഡൽഹിയിലെ സമരങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന തരത്തിലാണ് പോസ്റ്റർ.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് പ്രശസ്ത അവതാരകയായ രഞ്ജിനി ഹരിദാസും തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രതിഷേധം പങ്കുവച്ചിരുന്നു.നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം ഡൽഹിയിൽ നടക്കുന്ന വിവിധ ജനകീയ പ്രക്ഷോഭങ്ങളിൽ വിദ്യാർഥി സമൂഹം ഉയർത്തുന്ന ആവശ്യങ്ങൾക്ക് സിനിമാ-സാംസ്കാരിക രംഗത്തുനിന്നും ലഭിക്കുന്ന പിന്തുണ സമരത്തിന് കൂടുതൽ കരുത്ത് പകർന്നിരിക്കുകയാണ്.







