പല തരം മസാജ്; പ്രീമിയം മെംബർഷിപ്പിന് ‘രഹസ്യ സർവീസ്’; തൃശൂരിൽ മനുഷ്യക്കടത്തും

Spread the love

വിദേശത്തു സ്പാകളിൽ തെറ‍പ്പിസ്റ്റ് ജോലി വാഗ്ദാനംചെയ്ത് വിസിറ്റ് വീസയിൽ സ്ത്രീകളെ കൊണ്ടുപോയശേഷം ശരീരവിൽപനയ്ക്ക് ഇരയാക്കുന്ന റാക്കറ്റ് സജീവമാണ്. ഗൾഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കുമാണ് ഇത്തരത്തിൽ മനുഷ്യക്കടത്തു സജീവം. ജോലിയിൽ മികവു പുലർത്തിയാൽ തൊഴിൽ വീസയിലേക്കു മാറ്റാമെന്നും വാഗ്ദാനമുണ്ടാകും. വിദേശ സ്പാകളിലും മസാജ് പാർലറുകളിലും വനിതാ തെറപ്പിസ്റ്റിനെ ആവശ്യമുണ്ടെന്ന് വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പരസ്യം നൽകിയാണ് റിക്രൂട്മെന്റ് നടത്തുക. സമീപിക്കുന്ന സ്ത്രീകൾക്കു വീസ അടക്കം എല്ലാ സൗകര്യങ്ങളും ഏജൻസി ചെയ്തുകൊടുക്കും. വിദേശരാജ്യത്തെത്തിയാൽ ഏജന്റ് വിമാനത്താവളത്തിനു പുറത്തു കാത്തുനിൽക്കുന്നുണ്ടാകും. പാസ്പോർട്ടും വീസയുമടക്കം രേഖകൾ വാങ്ങിവയ്ക്കും.

 

മസാജ് പാർലറെന്ന വ്യാജേന പ്രവർത്തിക്കുന്ന അനാശാസ്യകേന്ദ്രങ്ങളിലെത്തുമ്പോൾ മാത്രമാകും സ്ത്രീകൾ ചതി തിരിച്ചറിയുക. എതിർക്കാൻ ശ്രമിക്കുമ്പോഴാണു റാക്കറ്റിന്റെ ക്രൂരതകൾ മറനീക്കുക. ആവശ്യക്കാർക്കു സമീപിക്കാം എന്ന രീതിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും. അതോടെ സ്ത്രീകൾ ഒത്തുതീർപ്പിനു തയാറാകും. ബന്ധുക്കൾക്കു ദൃശ്യങ്ങൾ അയച്ചുനൽകുമെന്നും ലഹരിക്കേസിൽ കുടുക്കി ജയിലിലാക്കുമെന്നുമുള്ള ഭീഷണിയിൽ പലരും നിശ്ശബ്ദരാകും.

 

കേരളത്തിലേക്കും

 

തൃശൂർ കണിമംഗലത്ത് സ്പാ എന്ന വ്യാജേന പ്രവർത്തിച്ച അനാശാസ്യകേന്ദ്രം റെയ്ഡ് ചെയ്ത പൊലീസ് സംഘം കണ്ടെത്തിയത് മനുഷ്യക്കടത്തും! സ്ത്രീകളിലൊരാളുടെ തിരിച്ചറിയൽരേഖകൾ വ്യാജമെന്നുകണ്ടു പരിശോധിച്ചപ്പോഴാണ് ബംഗ്ലദേശിൽനിന്ന് അനധികൃതമായി എത്തിച്ചതാണെന്നു വ്യക്തമായത്. തൃശൂരിൽ പടിപ്പുരയും അറയും നിരയ‍ുമൊക്കെയുള്ള വീട്. മസാജ് സെന്റർ എന്നു ബോർഡ്. പൊലീസ് റെയ്ഡ് ചെയ്തപ്പോഴാണ് ഇതരസംസ്ഥാനക്കാർക്കു മാത്രം പ്രവേശനമുള്ള ‘എക്സ്ക്ലൂസീവ്’ അനാശാസ്യകേന്ദ്രമാണെന്നു മനസ്സിലായത്. നാഗാലാൻഡ് സ്വദേശിയായ 19 വയസ്സുകാരിയടക്കം രണ്ടു വനിതകളും നടത്തിപ്പുകാരായ 5 പുരുഷന്മാരും അറസ്റ്റിലായി റിമാൻഡിലാണിപ്പോ‍ൾ.

 

കാജൽ വന്ന വഴി

 

കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംക്‌ഷനിൽ വൈദ്യുതപോസ്റ്റിൽ യൂണിസെക്സ് സ്പായുടെ പേരിൽ പതിച്ച പോസ്റ്ററിലെ ഫോൺ നമ്പറിലേക്കു വിളിച്ചു. അങ്ങേത്തലയ്ക്കലെ പെൺകുട്ടി ഒരു കെട്ടിടത്തിലേക്കുള്ള വഴി പറഞ്ഞുതന്നു. ഫുൾ മസാജിന് 3000 രൂപ. എക്സ്ട്രാ സർവീസിന് തെറപ്പിസ്റ്റുമായി നേരിട്ടു സംസാരിക്കാനായിരുന്നു ഉപദേശം. സ്പാ ലൈസൻസ് ഉണ്ടോ എന്നു ചോദിച്ചപ്പോൾ അതൊന്നുമറിയില്ലെന്നു മറുപടി. സ്പാ തുടങ്ങാൻ താൽപര്യമുണ്ടെന്നും നല്ല ശമ്പളത്തിലായിരിക്കും സ്റ്റാഫിനെ നിയമിക്കുകയെന്നും പറഞ്ഞതോടെ സംഭാഷണം വഴിമാറി. റിസപ്ഷനിസ്റ്റിന്റെ ഒഴിവിൽ പരിഗണിക്കണമെന്ന് അഭ്യർഥന. നല്ല തെറപ്പിസ്റ്റുകളെ വേണമെന്നു പറഞ്ഞതോടെ കാജലിന്റെ പേരു പറഞ്ഞു.

 

കാജൽ ഉത്തരേന്ത്യക്കാരിയാണ്. 3 മാസമായിട്ടേയുള്ളൂ അവിടെയെത്തിയിട്ട്. 16–ാം വയസ്സിൽ വിവാഹം കഴിഞ്ഞു. നല്ല ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ചു ഭർത്താവ് ആലപ്പുഴ മുല്ലശ്ശേരിയിലെ ഒരു സ്ത്രീയുടെ വീട്ടിലെത്തിച്ചതാണ്. അവർക്കൊപ്പം ആലപ്പുഴ ടൗണിലുള്ള ലോഡ്ജിൽ പോയി. അവിടെ കാത്തിരുന്നയാൾക്കു വഴങ്ങിയതോടെ അതു പതിവായി. ഒരു ഇടപാടുകാരനാണു സ്പായിൽ നല്ല ശമ്പളം വാഗ്ദാനംചെയ്തു കണ്ണൂരിലെത്തിച്ചത്. കാജലിന്റെ അറിവിൽ മലയാളികളടക്കം അറുപതിലേറെ പെൺകുട്ടികൾ ആ സ്ത്രീയുടെ ‘കസ്റ്റഡി’യിലുണ്ട്. പലരും സംസ്ഥാനത്തെ വിവിധ സ്പാകളിൽ, ഉഴിച്ചിൽ പഠിക്കാതെ ഉഴിച്ചിലും പിഴിച്ചിലും നടത്തുന്നു. ആലപ്പുഴയിലെ മിക്ക പൊലീസ് ഉദ്യോഗസ്ഥർക്കും ഈ സ്ത്രീയെ അറിയാം. പക്ഷേ, ഇടപാടുകൾ സംബന്ധിച്ച് ആരും അന്വേഷിക്കാറില്ല. അത്രയ്ക്കുണ്ട് പിടിപാട്.

 

മെംബർഷിപ്, പ്രീമിയം

 

‘വെറൈറ്റി’ ആഗ്രഹിക്കുന്നവർക്കായി അനധികൃത സ്പാകളിലുള്ളതു ‘പ്രീമിയം ഗോൾഡ്’ മെംബർഷിപ്പുകൾ. ലക്ഷങ്ങൾ ഒരുമിച്ചു മുടക്കിയാൽ ഒരേ ഉടമയുടെ സ്പാ ശൃംഖലയിലെ ഏതു സെന്ററിലും 100 തവണ ‘ഫുൾ സർവീസ്’ ലഭ്യമാകും. മിക്ക അനധികൃത സ്പാകളിലും ജീവനക്കാരായ സ്ത്രീകളെ രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ ഈ അംഗത്വത്തിനു വൻ ഡിമാൻഡാണ്.

 

ഒപ്പമുണ്ട് ഗുണ്ടകൾ

 

അനധികൃത സ്പാ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആദ്യം കാണുന്നതു പ്രദേശത്തെ ഗുണ്ടാനേതാവിനെയാണ്. പെൺകുട്ടികളെ സ്പായിൽ എത്തിക്കുന്നതു മുതൽ സുരക്ഷാകാര്യങ്ങൾ വരെ അവരാണു നോക്കുന്നത്. പ്രശ്നക്കാരായ ഇടപാടുകാരെയും ഇവർ ‘കൈകാര്യം’ ചെയ്യും. അനധികൃത സ്പാകളിലെ ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഉദാഹരണമാണു കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തുണ്ടായത്. കളമശേരിയിലെ സ്പായിൽ റിസപ്ഷനിസ്റ്റ് ജോലിക്കായി ഇന്റർവ്യൂ നടത്തുന്നെന്ന വ്യാജേന യുവതിയെ ലോഡ്ജിലെത്തിച്ചു രാസലഹരി നൽകി കൂട്ടപ്പീഡനത്തിന് ഇരയാക്കിയതാണ് ഒരു സംഭവം. സ്പ‌ാ ജീവനക്കാരിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച അഞ്ചംഗസംഘത്തെ പൊലീസ് പിടികൂടിയതാണു രണ്ടാമത്തെ സംഭവം.

 

ആയുർവേദ സ്പായിൽ ആയുർവേദ ഡോക്ടർ നിർബന്ധമാണ്. രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയേ ഉഴിച്ചിൽ നടത്താവൂ. മസാജ് പോലുള്ള സുഖചികിത്സ നടത്തിയാൽ ചില രോഗങ്ങൾ മൂർഛിച്ചേക്കാം. ചില സുഖചികിത്സകൾക്കു പാർശ്വഫലങ്ങളുമുണ്ട്. അംഗീകൃത ഡോക്ടർ ഇല്ലെങ്കിൽ പണം കൊടുത്തു രോഗം വാങ്ങുന്ന സ്ഥിതിയാകും.

 

ഡോ. കെ.കെ.സുലൈമാൻ, ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സമിതിയംഗം

 

ടൂറിസത്തിന്റെ മറവിൽ

 

കർണാടകയിൽനിന്നുള്ള സഞ്ചാരികളാണു മാനന്തവാടി, ബത്തേരി ഭാഗങ്ങളിലെ സ്പാകൾ തേടിയെത്തുന്നവരിലേറെയും. ഇവരെ കാൻവാസ് ചെയ്യാൻ വയനാട്ടിൽ ഏജന്റുമാരുമുണ്ട്. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വയനാട്ടിലെ മിക്ക ടൂറിസം കേന്ദ്രങ്ങളും ജില്ലാ ഭരണകൂടം അടച്ചിടും. ഇതറിയാതെ എത്തുന്നവരുടെ അടുത്ത ഓപ്ഷൻ പലപ്പോഴും സ്പാകളാണ്. കൊടൈക്കനാൽ, ഊട്ടി, മൈസൂരു എന്നിവിടങ്ങളിലെ സ്പാകളുമായി ബന്ധപ്പെട്ട ലോബിയും വയനാട്ടിൽ സജീവമാണ്. ഈയിടെ വയനാട് വൈത്തിരിയിലെ സ്പായിൽ എംഡിഎംഎ വിതരണം ചെയ്ത താമരശ്ശേരി സ്വദേശിയെ എക്സൈസ് സംഘം പിടികൂടിയിരുന്നു.

 

ഇടുക്കി ജില്ലയിൽ എൺപതോളം സ്പാകൾ പ്രവർത്തിക്കുന്നതായാണു കണക്ക്. തമിഴ്നാട്ടിൽനിന്നുള്ളവരാണ് പ്രധാന ഇടപാടുകാർ. ക്രോസ് മസാജിങ് അന്വേഷിച്ചെത്തുന്നവരാണേറെ. സ്പായിൽ എത്തുന്ന സഞ്ചാരികളുടെ ആവശ്യത്തിനനുസരിച്ച് സ്ത്രീകളെ റിസോർട്ടുകളിലേക്കു പറഞ്ഞയയ്ക്കുന്ന രീതിയുമുണ്ട്. സ്പാകളുടെ മറവിൽ പെൺകുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കുന്നുവെന്ന ആരോപണങ്ങൾ തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര മേഖലകളിലുമുണ്ട്. കോവളത്ത് പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയെ സ്പാകളിലെത്തിച്ചു ചൂഷണംചെയ്ത കേസിൽ ബന്ധുക്കളും സ്ഥാപന ഉടമകളും അറസ്റ്റിലായതിനു പിന്നാലെ, തിരുവനന്തപുരം കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥാപനവുമായി ബെനാമി ബന്ധമുണ്ടെന്ന പേരിൽ അറസ്റ്റിലാവുകയും ചെയ്തു.

 

പലതുണ്ട് മസാജ്

 

∙ ക്രോസ് മസാജ്: അനധികൃത സെന്ററുകളിലേക്ക് ആളുകളെ ആകർഷിക്കാൻ ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്ക്. പുരുഷന്മാർക്കു സ്ത്രീകളും സ്ത്രീകൾക്കു പുരുഷന്മാരും തെറപ്പി ചെയ്യുന്ന രീതി. ശാസ്ത്രീയതയെക്കാൾ സ്പർശനത്തിനാണു പ്രാധാന്യം.

∙ ബോഡി ടു ബോഡി മസാജ്: ഏറ്റവുമധികം പേർ തിരഞ്ഞെടുക്കുന്ന മസാജ്. മേൽവസ്ത്രമില്ലാതെ, കൈകൾക്കൊപ്പം മറ്റു ശരീരഭാഗങ്ങളും ഉപയോഗിച്ചു ജീവനക്കാരികൾ നൽകുന്ന അധിക സർവീസ്. ടോപ്‌ലെസ് സർവീസ് എന്നു ചില സ്പാകളിൽ രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു.

∙ ഫ്ലോർ മസാജ്: നിലത്തു വിരിച്ച പായയിലോ മെത്തയിലോ കിടത്തിയുള്ള മസാജ്. നിരക്കു കൂടുതലാണ്. ഏഷ്യൻ മസാജ് രീതികളിൽ പ്രധാനപ്പെട്ടതാണെങ്കിലും അനധികൃത സ്പാകളിൽ ഇവ ലൈംഗികസമ്പർക്കത്തിലേക്കു പോകുന്നതാണു രീതി.

∙ സ്പെഷൽ പാക്കേജ്: റിസപ്ഷനിലെ മെനുവിൽ ഇല്ലാത്തതും രഹസ്യമായി ചെയ്തുകൊടുക്കുന്നതുമായ സർവീസുകളെല്ലാം ഇതിലുൾപ്പെടും. ടിപ് കൂടുതൽ വീഴുന്നയിടം.

  • Related Posts

    കാർ കയറ്റി അഭ്യാസം; കേരളോത്സവം നടത്താൻ തയാറാക്കിയ മൈതാനം നശിച്ചു: ഉടമയ്ക്ക് പിഴ 57,000 രൂപ

    Spread the love

    Spread the loveകൊച്ചി∙ ഗ്രൗണ്ടിൽ കാർ കയറ്റി നാലു വട്ടംവച്ചതേ ഓർമയുള്ളു, വാഹന ഉടമയ്ക്ക് പിഴ 57,212 രൂപ. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ വാഹനം കയറ്റി ഓടിച്ചയാൾക്കാണ് പിഴ. ഈ വർ‍ഷത്തെ കേരളോത്സവം നടത്തുന്നതിനായി സജ്ജീകരിച്ചിട്ടിരുന്ന ഗ്രൗണ്ടിലായിരുന്നു…

    ഓട്ടോ ‍ഡ്രൈവര്‍ക്കും ഭാര്യയ്ക്കുമെതിരെ ഗുണ്ടാആക്രമണം; വിവാഹം മുടങ്ങിയ അയല്‍ക്കാരന്‍റെ ക്വട്ടേഷനെന്ന് അക്രമികള്‍

    Spread the love

    Spread the loveവിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയില്‍ ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഷീദിനും ഭാര്യ ഷംനയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. മുളകുപൊടി എറിഞ്ഞശേഷം ഇരുമ്പുകട്ട ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അയല്‍വാസി ഏല്‍പ്പിച്ച ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം.…

    Leave a Reply

    Your email address will not be published. Required fields are marked *