ഫോർട്ട് കൊച്ചിയെ പരാമർശിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വിഡിയോയെ പിന്തുണച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ദിയ കൃഷ്ണ. പാക്കിസ്ഥാൻ സ്ഥാപകനായിരുന്ന മുഹമ്മദലി ജിന്നയുടെ ഫോട്ടോയുമായി ബന്ധപ്പെട്ടാണ് താന് അങ്ങനെയൊരു കമന്റ് പോസ്റ്റ് ചെയ്തതെന്നാണ് ദിയ പറയുന്നത്. ഒരു മതത്തെയും അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആ വിഡിയോ മുഴുവനായി കാണാതെ പകുതി മാത്രം കണ്ട് അങ്ങനെയൊരു കമന്റ് ഇട്ടത് തെറ്റായിപ്പോയെന്നും ദിയ വ്യക്തമാക്കി.
ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിഡിയോയ്ക്ക് താഴെ ‘ദൗർഭാഗ്യകരമായ യാഥാർഥ്യം’ (Sad Reality) എന്നാണ് ദിയ കൃഷ്ണ കമന്റ് ചെയ്തിട്ടുള്ളത്. ഇത് ഫോർട്ട് കൊച്ചിയുമായി ബന്ധപ്പെട്ട ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ പരാമർശത്തെ ശരിവയ്ക്കുന്നതാണെന്ന് ആരോപിച്ചാണ് ദിയയ്ക്കെതിരെ ആളുകൾ രംഗത്തെത്തിയത്.
‘‘ഞാനിപ്പോൾ മൂന്നാറാണ്. രാവിലെ കുറച്ച് താമസിച്ചാണ് എഴുന്നേറ്റത്. എഴുന്നേറ്റപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ കാണുന്നത്, എന്നെക്കുറിച്ചുള്ള വളച്ചൊടിച്ച ചില വാർത്തകളാണ്. സത്യത്തില് അത് ഹൃദയഭേദകമായിരുന്നു. ഇന്ന് കേരളത്തിൽ അന്യമതസ്ഥരക്കുറിച്ചുള്ള വിദ്വേഷ വാർത്തകൾ വന്നാൽ അതിനൊത്ത നടുക്ക് ഞാനോ എന്റെ അച്ഛനോ ഉണ്ടാകും.
എങ്ങനെയൊക്കെയോ ഞങ്ങളെ അതിൽ പിടിച്ചിടുന്നത് ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. സത്യത്തിൽ ഇത് ദുഃഖകരമായ യാഥാർഥ്യമാണ്. നോർത്തിലുള്ള ഒരു ഇൻഫ്ലുവൻസറെ ഞാൻ ഫോളോ ചെയ്യുന്നുണ്ട്. അയാളുടെ കണ്ടന്റ്ുകൾ എനിക്കിഷ്ടമാണ്. ഒരാഴ്ച മുമ്പേ കേരളത്തിൽ അയാളൊരു നീണ്ട വിഡിയോ ചെയ്തിരുന്നു.
വർക്കലയിൽ ‘കാശി’ എന്നൊരു കഫെയുടെ ഉള്ളിൽ നിന്നൊരു വിഡിയോയാണ്. അവിടെ മഹാത്മാ ഗാന്ധിയുടെയും ജിന്നയുടെയും ഫോട്ടോ അലങ്കരിച്ചുവച്ചിട്ടുണ്ടായിരുന്നു. നമ്മുടെ േകരളത്തിനകത്ത് പാക്കിസ്ഥാൻ സ്ഥാപകനായിരുന്ന ജിന്നയുടെ തല എന്തിനാണ് വയ്ക്കുന്നതെന്നായിരുന്നു ആ വിഡിയോയുടെ ആദ്യ പകുതിയിൽ അയാൾ സംസാരിക്കുന്നത്. ജവഹർലാൽ നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം. പക്ഷേ ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത് അറിയാവുന്നവരുണ്ടെങ്കിൽ വിഡിയോ ചെയ്തുകൊള്ളുക, എനിക്കതിനെപ്പറ്റി സംസാരിക്കാനില്ല.
ആദ്യ പകുതിയിലെ ആ ഭാഗം കണ്ടിട്ടാണ്, ‘സാഡ് റിയാലിറ്റി’ എന്ന കമന്റ് ഞാൻ പോസ്റ്റ് ചെയ്തത്. സ്വൽപമെങ്കിലും ബോധമുള്ളവർക്ക് അത് കണ്ടാൽ മനസ്സിലാകും. അതിന്റെ രണ്ടാം പകുതിയിൽ അയാൾ എന്താണ് പറയുന്നതെന്ന് ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഒരാൾ ആ വിഷയം ചൂണ്ടിക്കാട്ടി വിഡിയോ അയച്ചു തന്നപ്പോഴാണ് അത് മുഴുവനായി കാണുന്നത്.
ജിന്നയുെട കാര്യം തന്നെ കണ്ട് മൂഡ് പോയപ്പോഴാണ് ഞാൻ ആ കമന്റ് തന്നെ പോസ്റ്റ് ചെയ്തത്. കാരണം കേരളത്തിനകത്ത് ഇങ്ങനെയൊന്ന് വയ്ക്കാൻ ആരാണ് ഇങ്ങനെയൊരു ആശയം കൊടുത്തതെന്ന് അറിയില്ല. ഇത് വളരെ ഖേദകരമായെന്നാണ് ആ കമന്റിലൂടെ ഞാൻ പറഞ്ഞത്.
ഇവിെട ഇന്ന് എറണാകുളത്ത് വന്നിറങ്ങിയപ്പോൾ എന്റെ കൂടെ സെൽഫി എടുക്കുന്നത് തന്നെ മറ്റു മതങ്ങളിൽ പെട്ട പെൺകുട്ടികളാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിമാരുടെയുമൊക്കെ അടുത്ത സുഹൃത്തുക്കളും മറ്റ് മതങ്ങളിൽ പെട്ടവരാണ്. ഒരു പ്രത്യേക മതത്തിൽപെട്ടവരെ വെറുക്കണമെന്നോ അവരോട് ഇറങ്ങിപ്പോകണമെന്നോ ഞാൻ എവിടെയും പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. അങ്ങനെയൊരു വിദ്വേഷം ഒരു മതസ്ഥരോടുമില്ല.
എനിക്ക് എന്റെ മതത്തോട് ഇഷ്ടമുണ്ട്. അത് പറയുന്നതിൽ ഒരു നാണക്കേടുമില്ല. എല്ലാവർക്കും അവരവരുടേതായ മതത്തോട് ഇഷ്ടമുള്ളപോലെ എനിക്കുമുണ്ട്. പക്ഷേ മറ്റൊരു മതത്തിനോട് ഒരു എതിർപ്പുമില്ല. എനിക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കാൻ തയാറായി ഇരിക്കുന്നവർക്ക് ഇതൊരു ആഘോഷമാണ്. ആ ആഘോഷത്തിനിടയിൽ ഒരു ബുദ്ധിമുട്ടുണ്ടാക്കുന്നതിനു വേണ്ടിയാണ് ഇന്ന് ഈ വിഡിയോ പുറത്തുവിടുന്നത്.
ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ആ കമന്റ് ഇട്ടത്. അല്ലാതെ നമ്മുടെ നാട്ടിൽ ക്രിസ്ത്യൻസ് ഉണ്ടെന്നോ ഹിന്ദു ഉണ്ടെന്നോ മുസ്ലിം ഉണ്ടെന്നോ പറഞ്ഞല്ല ഞാൻ ആ കമന്റ് ഇട്ടിരുന്നത്. ഇന്ന് ഈ വാർത്ത വന്നതിൽ പിന്നെ ആൺകുട്ടികളും പെൺകുട്ടികളുമടക്കുള്ളവരാണ് എനിക്കെതിരെ മെസേജ് അയയ്ക്കുന്നത്. അവർക്കൊരു കുടുംബം ഉള്ളതുകൊണ്ട് അവരുെട തല പുറത്തുവിടുന്നില്ല. അത്രയ്ക്ക് മോശമായ രീതിയില് എനിക്കു പറയാനുള്ളത് കേൾക്കാൻപോലും കൂട്ടാക്കാതെയാണ് മെസേജ് അയയ്ക്കുന്നത്.
വീടുവച്ച് കൊടുക്കുന്നതും അനാഥലയങ്ങളിൽ ഭക്ഷണവും വസ്ത്രവും കൊടുക്കുന്നത് ആരും വാർത്തയാക്കുന്നില്ല. നല്ല കാര്യം ചെയ്താൽ അത് വാർത്തയാകില്ല. എല്ലാവർക്കും താൽപര്യം നെഗറ്റിവിറ്റിയാണ്. നല്ലൊരു ഓറയിൽ പോസിറ്റിവ് ആയി ഇരിക്കുന്ന ഒരാളെ എങ്ങനെ നശിപ്പിക്കാമെന്ന് ആലോചിച്ചിരിക്കുന്ന മീഡിയയുടെ ലോകത്ത് ദയവ് ചെയ്ത് എന്റെ ഫോളോവേഴ്സ് ചെന്ന് വീഴരുത്.
ആ വിഡിയോ മുഴുവനായി കാണാതെ പകുതി മാത്രം കണ്ട് അങ്ങനെയൊരു കമന്റ് ഇട്ടത് എന്റെ തെറ്റാണ്. അക്കാര്യത്തിൽ ഞാൻ മാപ്പ് പറയുന്നു. ആ ഫോട്ടോ ഇനി എവിടെ കണ്ടാലും അതുപോലെ തന്നെ കമന്റ് ചെയ്യും. അതിനിനി ആളുകൾ ചീത്ത പറഞ്ഞാലും കുഴപ്പമില്ല. പക്ഷേ അതിനൊരു വിശദീകരണം നിങ്ങൾ നൽകണം.
ഒരു വയസ്സുള്ള കുഞ്ഞിനെയും എന്റെ ബിസിനസ്സും നോക്കി ഞാനിങ്ങനെ ജീവിച്ചുപോകുകയാണ്. ആ വാർത്തയിൽ പറഞ്ഞതുപോലെ ഒരുകാര്യവും ഞാൻ പറയില്ല, ഓൺലൈനിൽ കാണുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കരുത്.’’–ദിയയുടെ വാക്കുകൾ.






