ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സോഹ്നയ്ക്ക് സമീപമുള്ള ദൗല ഗ്രാമത്തിൽ യുവതിയെ സ്വന്തം വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 34-കാരിയായ നീതു ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച (ഒക്ടോബർ 16) ഉച്ചയ്ക്ക് രണ്ട് മണിയോടെ മക്കളോടൊപ്പം വീട്ടിലെത്തിയ ഭർത്താവ് പ്രശാന്ത് ആണ് വീടിനുള്ളിലെ ബാത്ത്റൂമിൽ മൃതദേഹം കണ്ടത്. യുവതിയുടെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലും വായയിലും മുഖത്തും ടേപ്പ് ഒട്ടിച്ച നിലയിലുമായിരുന്നു.
സ്വകാര്യ സ്കൂൾ അധ്യാപകനായ പ്രശാന്ത് വെള്ളിയാഴ്ച (ഒക്ടോബർ 16) രാവിലെ രണ്ട് മക്കളുമായി സ്കൂളിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടുസാധനങ്ങളെല്ലാം വലിച്ച് വാരിയിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാത്ത്റൂമിൽ നീതുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സോഹ്നയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസിപി മുകേഷ് യാദവിന്റെയും സോഹ്ന സദർ എസ്.എച്ച്.ഒയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.








