മുംബൈ ∙ ജന്മദിനം ആഘോഷിക്കാനും പുതിയ ബൈക്ക് വാങ്ങാനും പണം കണ്ടെത്താനായി 17 വയസ്സുകാരനായ സുഹൃത്തിനെ രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താണെ ആസാദ് നഗർ സ്വദേശിയായ പ്രജ്യോത് കാംബ്ലെയാണ് കൊല്ലപ്പെട്ടത്. പ്രജ്യോത് ധരിച്ചിരുന്ന സ്വർണമാല കവരാനായിരുന്നു സുഹൃത്തുക്കളുടെ ക്രൂരത. കൊലപാതകത്തിനു ശേഷം മൃതദേഹം കത്തിക്കുകയും, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി മൊബൈൽ ഫോൺ ഓടിക്കൊണ്ടിരുന്ന ബസിലേക്ക് എറിയുകയുമായിരുന്നു.
സെപ്റ്റംബർ 24ന് രാത്രി 7 മണിയോടെയാണ് പ്രജ്യോതിനെ കാണാതാകുന്നത്. തൊട്ടടുത്ത ദിവസം പ്രജ്യോതിന്റെ പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രജ്യോതിന്റെ സുഹൃത്തുക്കളിലൊരാളെ പൊലീസ് ചോദ്യം ചെയ്തപ്പോൾ, പ്രജ്യോത് അജ്ഞാതനായ ഒരു ആൺകുട്ടിക്കൊപ്പം ബൈക്കിൽ ഘോഡ്ബന്ദർ ഭാഗത്തേക്ക് പോയതായി പറഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. പൊലീസ് ആ റൂട്ടിലെ 80 മുതൽ 90 വരെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ ഈ മൊഴി വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് ശാസ്ത്രീയ തെളിവുകളുടെയും മൊബൈൽ ലൊക്കേഷൻ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സുഹൃത്തിനെ വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പ്രജ്യോത് കഴുത്തിൽ എപ്പോഴും സ്വർണമാല ധരിക്കാറുണ്ടായിരുന്നു. പ്രതികളായ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളിൽ ഒരാൾക്ക് തന്റെ ജന്മദിനം വലിയ രീതിയിൽ ആഘോഷിക്കണമായിരുന്നു, മറ്റേയാൾക്ക് പുതിയൊരു ബൈക്ക് വാങ്ങണമായിരുന്നു. ഇതിനായി പണം കണ്ടെത്താൻ പ്രജ്യോതിന്റെ മാല കവരാൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടു. സെപ്റ്റംബർ 24ന് പുകവലിക്കാനെന്ന വ്യാജേന ഇവർ പ്രജ്യോതിനെ താണെയിലെ ബ്രഹ്മാണ്ഡ് ഫേസ് 2 പ്രദേശത്തിനടുത്തുള്ള വിജനമായ കാട്ടുപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ഇരുവരും ചേർന്ന് പ്രജ്യോതിനെ കത്തികൊണ്ട് കുത്തുകയും വലിയ കല്ലുകൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയും ആയിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി.
ദൃശ്യം സിനിമ മോഡലിൽ പൊലീസിനെ വഴിതിരിച്ചുവിടാൻ, പ്രജ്യോതിന്റെ ലൊക്കേഷൻ കണ്ടെത്താനാകാത്ത വിധം മൊബൈൽ ഫോൺ അവർ ഒരു ബസിലേക്ക് എറിഞ്ഞു കളഞ്ഞു. എന്നാൽ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക അന്വേഷണവും പ്രതികളുടെ ഈ കണക്കുകൂട്ടലുകൾ തകിടം മറിച്ചു. പ്രതികളായ രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കുറ്റം സമ്മതിച്ചതായും കേസിൽ തുടർഅന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.








