ന്യൂജഴ്‌സി∙ യുഎസിലെ ന്യൂജഴ്‌സിയിൽ ഒൻപതുവയസ്സുകാരിയായ മായ തോമസിനെ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. പോൾസ്ബറോ സ്വദേശികളായ ഇന്ത്യ മില്ലർ (27), സീൻ സ്കോട്ട് (45) എന്നിവരാണ് പിടിയിലായത്.
ഒക്ടോബർ 13ന് പുലർച്ചെയാണ് സംഭവം. കുട്ടി വാഹനാപകടത്തിൽപ്പെട്ടെന്നായിരുന്നു ഇവർ പൊലീസിനെ അറിയിച്ചത്. എന്നാൽ, കുട്ടിയുടെ മരണശേഷം നടത്തിയ പോസ്റ്റ്‌മോർട്ടത്തിലും വൈദ്യപരിശോധനയിലും വാഹനാപകടമല്ല മരണകാരണമെന്നും മർദനമേറ്റാണ് കുട്ടി മരിച്ചതെന്നും വ്യക്തമായി. കുട്ടിയുടെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. ശരീരത്തിൽ ഗുരുതരമായ പരുക്കുകളും കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനുള്ളിൽ രക്തക്കറകൾ കണ്ടെത്തി. കുട്ടിക്ക് അപകടമുണ്ടായെന്ന് പറയുന്ന സമയത്ത് പ്രദേശത്ത് വാഹനങ്ങളൊന്നും സഞ്ചരിച്ചിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നും വ്യക്തമായി. കുട്ടിയുടെ നാലുവയസ്സുകാരനായ സഹോദരൻ നൽകിയ മൊഴിയും അന്വേഷണത്തിൽ നിർണായകമായി.
കൊലപാതകം, കുട്ടികൾക്കെതിരായ അതിക്രമം, പൊലീസിനെ തെറ്റിധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും സലേം കൗണ്ടി ജയിലിൽ അടച്ചു. കുട്ടിയുടെ മറ്റൊരു സഹോദരനെ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിന്റെ സംരക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.







