കുണ്ടറ ∙ ജർമനിയിലെ ബോഹുമിൽ ബഹുനില അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ (20) നാട്ടിൽ എത്തിച്ചേക്കും. അപകടത്തിൽ മരിച്ച പെരിനാട് ചെമ്മക്കാട് അശ്വിനി നിവാസിൽ അഞ്ജലി എസ്. ജോയിയുടെ ബന്ധുക്കളെ സംസ്ഥാനത്തിന്റെ കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധി ജി. ദേവരാജനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു (19) വൈകിട്ടോടെ നാട്ടിലേക്ക് അയയ്ക്കുമെന്നാണു സൂചന. നെടുമ്പാശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസുകളിൽ വീടുകളിൽ എത്തിക്കും.
കഴിഞ്ഞ 14 ആണു പെരിനാട് ചെമ്മക്കാട് അശ്വിനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയി, സുഹൃത്തുക്കളായ ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു, കാലടി സ്വദേശി സിവിൻ ജോണി എന്നിവർ അപ്പാർട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചത്. മൂവരും പുക ശ്വസിച്ചു മരിക്കുകയായിരുന്നു. അപ്പാർട്മെന്റിന്റെ പടിക്കെട്ടുകൾ തീപിടിച്ചു തകർന്നിരുന്നു. മൂന്നാം നിലയിൽ താമസിച്ചിരുന്ന ഇവർക്ക് അതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല.








