സ്പായിൽ ക്യുആർ കോഡ്, പണം പോകുന്നത് ഹെൽത്ത് ഇൻസ്‌പെക്ടർക്ക്; 16കാരിയെ എത്തിച്ച ഇളയമ്മയും ഭർത്താവും പിടിയിൽ

Spread the love

തിരുവനന്തപുരം∙ കോവളത്ത് പതിനാറുകാരിയായ ആന്ധ്ര സ്വദേശിനി സ്പായിൽ നിന്നു രക്ഷപ്പെട്ടത് ഒപ്പം ജോലി ചെയ്തിരുന്ന നെയ്യാർ സ്വദേശിയായ യുവാവിനൊപ്പം. സ്പായിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന യുവാവുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. തങ്ങൾ പ്രണയത്തിൽ ആയിരുന്നുവെന്നാണ് പതിനാറുകാരി പൊലീസിനു മൊഴി നൽകിയത്. ഈ യുവാവിനൊപ്പമാണ് കഴിഞ്ഞമാസം 19ന് പെൺകുട്ടി സ്പായിൽനിന്നു പോയത്. ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് തനിക്കു നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് പെൺകുട്ടി പറഞ്ഞത്. പെൺകുട്ടി സ്പായിൽനിന്നു പോയതിനു പിന്നാലെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇളയമ്മ കോവളം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി യുവാവിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞത്. അവിടെ എത്തിയ പൊലീസിനോട് കുട്ടി കാര്യങ്ങൾ വിശദീകരിച്ചു.

 

പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന ആധാർകാർഡിൽ പ്രായം 20 വയസ്സാണു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പൊലീസ് ആന്ധ്രയിൽ പെൺകുട്ടി പഠിച്ച സ്‌കൂളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് 16 വയസ്സ് മാത്രമേ ഉള്ളൂവെന്ന് കണ്ടെത്തി. സ്‌കൂൾ ഹെഡ്മാസ്റ്റർ രേഖകൾ പൊലീസിനു നൽകിയതോടെയാണ് കുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. പെൺകുട്ടി തനിക്കു നേരിട്ട ക്രൂരപീഡനങ്ങൾ പൊലീസിനോടു പറഞ്ഞുവെന്നും ആധാർ കാർഡിലെ തട്ടിപ്പ് പൊലീസ് കണ്ടെത്തിയെന്നും അറിഞ്ഞതോടെ ഇളയമ്മയും ഭർത്താവും ആന്ധ്രയിലേക്കു മുങ്ങി.

 

പിന്നാലെയെത്തിയ പൊലീസ് സംഘം സത്യസായി ജില്ലയിലെ പാലസമുദ്രത്തെ വീട്ടിൽനിന്ന് ഇവരെ കസ്റ്റഡിയിൽ എടുത്ത് ഇന്ന് കോവളത്ത് എത്തിച്ചു. ആന്ധ്ര പൊലീസുമായി ആശയവിനിമയം നടത്തി അവരുടെ സഹായത്തോടെയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയെ കാണിച്ച് ഇവരെ തിരിച്ചറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. സ്പായിൽ എത്തിയിരുന്ന ഇടപാടുകാർ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കോവളത്തെ ഒരു സ്പായിൽ രണ്ടു മാസത്തോളവും മറ്റൊരു സ്പായിൽ നാലു ദിവസവുമാണ് കുട്ടി ജോലി ചെയ്തിരുന്നത്. 9 പേരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പൊലീസ് പെൺകുട്ടിയെ ഷെൽറ്റർ ഹോമിലേക്കു മാറ്റി.

 

കുട്ടിയുടെ ചെറുപ്പത്തിൽ മാതാപിതാക്കൾ മരിച്ചതിനു ശേഷം ഇളയമ്മയുടെ സംരക്ഷണത്തിലാണു വളർന്നത്. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ കുട്ടിയുമായി ഇവർ താമസിച്ചിട്ടുണ്ട്. ചെന്നൈയിൽ എത്തിയ ശേഷമാണു കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ തുടങ്ങിയത്. ഇവിടെ ഒരു സ്പായിലാണ് കുട്ടിയെ ആദ്യം ജോലിക്ക് എത്തിച്ചത്. കൂടുതൽ പണം ലഭിക്കുമെന്ന് അറിഞ്ഞാണ് ഇവർ കുട്ടിയെയും കൊണ്ട് കോവളത്ത് എത്തിയത്. സ്പായുടെ നടത്തിപ്പുകാരായ പന്തളം നടുവിലെമുറി നയന വീട്ടിൽ സജിത്ത് കുമാർ (47), പൂവാർ ആശുപത്രി ജംക്‌ഷനിൽ സാഫല്യം വീട്ടിൽ നിഷാന്ത് (46) എന്നിവരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. സ്പാകളുമായി ബന്ധമുള്ള ഒരു ഹെൽത്ത് ഇൻസ്‌പെക്ടറെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്പാ നടത്തിപ്പുകാരനായ സജിത്ത് നിരന്തരം ഈ ഹെൽത്ത് ഇൻസ്‌പെക്ടറുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരം പൊലീസിനു ലഭിച്ചു. സ്പായിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ പണം ഈ ഹെൽത്ത് ഇൻസ്‌പെക്ടറുടെ അക്കൗണ്ടിലേക്കാണു പോയിരുന്നതെന്നും റിപ്പോർട്ടുണ്ട്.

 

പതിനാറുകാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ ആണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

  • Related Posts

    കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാര്‍ബിള്‍ഡിന് 750 രൂപ നല്‍കണം.   നവരാത്രി, ദീപാവലി സീസണില്‍ വടക്കേ…

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1081 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം നാളെ (തിങ്കളാഴ്ച) മുതല്‍. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും…

    Leave a Reply

    Your email address will not be published. Required fields are marked *