ബെംഗളൂരു ∙ കൊമേഴ്‌സ്യൽ സ്ട്രീറ്റിലുള്ള സ്റ്റാർബക്സ് കഫേയിൽ ഉപഭോക്താവിന്റെ ബാഗിൽനിന്ന് സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി പഴ്സ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ആശങ്കയാണ് ആളുകൾ പങ്കുവയ്‌ക്കുന്നത്. മോഷണത്തിനിരയായ ആളുടെ പങ്കാളിയായ ദിഷ ഭാട്ടിയ എന്ന യുവതിയാണ് ‘എക്‌സി’ലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.
യുവാവിന്റെ ബാഗിനടുത്ത് വന്നിരിക്കുന്ന യുവതി, അതിൽ കയ്യിട്ട് പഴ്‌സെടുത്ത് സ്ഥലംവിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കഫേയിലുണ്ടായിരുന്ന മറ്റ് ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടാത്ത വിധം വളരെ സമർത്ഥമായാണ് ഇവർ മോഷണം നടത്തിയത്. ‘സുഹൃത്തുക്കളെ, ദയവായി എല്ലാവരും അതീവ ജാഗ്രത പാലിക്കുക. കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ സ്റ്റാർബക്സിൽവെച്ച് ഈ സ്ത്രീ എന്റെ പങ്കാളിയുടെ പഴ്സ് മോഷ്ടിച്ചു’ – വിഡിയോ പങ്കുവച്ച് ദിഷ കുറിച്ചു.
ഇടപെടൽ ആവശ്യപ്പെട്ട് ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്ത് ദിഷ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. ‘നിങ്ങളുടെ പരാതി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി ദയവായി കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ സന്ദർശിക്കുക. നന്ദി’ – പൊലീസ് മറുപടി നൽകി. സംഭവത്തോട് പ്രതികരിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്.








