ചെന്നൈ ∙ മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഭരണം പിടിച്ച ടിവികെയ്ക്ക് 2025–26 സാമ്പത്തിക വർഷത്തിൽ ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ പുറത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് നാല് പേർ ചേർന്ന് 13.3 കോടി രൂപ പാർട്ടി ഫണ്ടിലേക്ക് സംഭാവന നൽകി എന്നാണ് പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്. ഈ തുകയുടെ 99 ശതമാനവും ടിവികെ സർക്കാരിൽ മന്ത്രിമാരായ ആധവ് അർജുന, ആർ. വി രഞ്ജിത്കുമാർ എന്നിവരാണ് നൽകിയത്. കായിക, പൊതുമരാമത്ത് മന്ത്രി അർജുന 8.2 കോടി രൂപയും ആർ.വി രഞ്ജിത്കുമാർ 5 കോടി രൂപയും നൽകി.
ഇക്കാലയളവിൽ ടിവികെയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയതും ആധവ് അർജുനയാണ്. ടിവികെയുടെ മൊത്തം സംഭാവനയുടെ 60 ശതമാനം വരുമിത്. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആർ.വി രഞ്ജിത്കുമാർ തന്റെ ആസ്തിയായി രേഖപ്പെടുത്തിയത് 18.28 കോടിയുടെ സ്വത്തുണ്ടെന്നാണ്. 2025–26 കാലയളവിൽ തമിഴ്നാട്ടിലെ മറ്റ് പ്രമുഖ പാർട്ടികളായ ഡിഎംകെയ്ക്ക് 191.19 കോടി രൂപയും എഐഎഡിഎംകെയ്ക്ക് 161.35 കോടി രൂപയും സംഭാവന ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.








