വാഷിങ്ടൻ∙ യുഎസിലെ ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിലെ പ്രതിയായ പതിനാറുകാരനു തോക്ക് നൽകിയത് അമ്മയാണെന്ന് റിപ്പോർട്ട്. ജന്മദിന സമ്മാനമായി അമ്മ നൽകിയ തോക്ക് ഉപയോഗിച്ചാണ് ഗ്രിഫിൻ ജെ. ജോൺ അതിക്രമം നടത്തിയതെന്നാണു വിവരം. 2026 ഓഗസ്റ്റിലാണ് ഈ തോക്ക് വാങ്ങിയതെന്നു വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒറിഗണിലെ ബെൻഡിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിൽ വെടിവയ്പ് നടന്നത്. സംഭവത്തിൽ 3 വിദ്യാർഥികളും അധ്യാപികയും അക്രമിയായ പതിനാറുകാരനും കൊല്ലപ്പെട്ടിരുന്നു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. മേഗൻ ലാംബർട്ട് (25) എന്ന അധ്യാപികയും വെടിയേറ്റു മരിച്ചു. വെടിവയ്പ് നടക്കുമ്പോൾ 9 പേരാണ് ക്ലാസ്മുറിയിൽ ഉണ്ടായിരുന്നത്. വഴിയാത്രക്കാരനായ കേലബ് ഗിയാമാങ്കോ (36) ആണ് അക്രമിയെ വെടിവച്ചു വീഴ്ത്തിയത്. അക്രമിയുടെ കയ്യിൽനിന്നു തോക്ക് പിടിച്ചുവാങ്ങാൻ അധ്യാപിക ശ്രമിക്കുന്നതിനിടെയാണ് ഗിയാമാങ്കോ ഓടിവന്ന് ജോണിനെ വെടിവച്ച് കൊന്നത്.
സ്കൂളിനു സമീപത്തുകൂടി പോവുകയായിരുന്ന ഒരു പിക്കപ്പ് ട്രക്കിനു നേരെയാണ് ജോൺ ആദ്യം വെടിയുതിർത്തത്. ഈ വാഹനത്തിന്റെ ഡ്രൈവർ ഉടൻ തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചു. സ്കൂളിന്റെ കതകുകൾ വെടിവച്ച് തകർത്ത് അകത്ത് കയറിയ ജോൺ വാതിലിന്റെ ഇടതുവശത്തുള്ള ക്ലാസ് മുറിയിലിരുന്ന കുട്ടികൾക്കു നേരെയാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ രണ്ടുപേർക്കു പരുക്കേറ്റു.








