ബെയ്ജിങ് ∙ ചൈനയിലെ ഫ്യൂജിയൻ പ്രവിശ്യയിൽ ഫ്ലാറ്റിന്റെ 12 ാം നിലയിലെ ജനൽക്കമ്പികൾക്കിടയിൽ തല കുടുങ്ങി പുറത്തേക്ക് തൂങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഷാങ്പിങ് നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം. കുഞ്ഞ് താഴേക്ക് വീണുപോകാതിരിക്കാൻ അയൽവാസികളും സുരക്ഷാ ജീവനക്കാരും പാഞ്ഞെത്തുന്നതും, കുഞ്ഞ് ഗ്രില്ലിൽ സർവ്വ ശക്തിയുമെടുത്ത് മുറുകെ പിടിച്ചുനിൽക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവസമയത്ത് കുഞ്ഞ് വീട്ടിൽ തനിച്ചായിരുന്നുവെന്നാണ് പ്രദേശവാസികളെയും അധികൃതരെയും ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിയുടെ പിതാവ് ജോലിസ്ഥലത്തായിരുന്നു. കുഞ്ഞ് ഉറങ്ങിക്കിടക്കുകയായിരുന്ന സമയത്ത് സാധനങ്ങൾ വാങ്ങാനായി അമ്മ പുറത്തുപോയതായിരുന്നു. ഇതിനിടെ ഉറക്കമുണർന്ന കുട്ടി ജനൽ ഗ്രില്ലിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയും അബദ്ധത്തിൽ കമ്പികൾക്കിടയിൽ തല കുടുങ്ങിപ്പോവുകയുമായിരുന്നു.
കുഞ്ഞ് ആപത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഒരു താമസക്കാരൻ ഉടൻ സഹായം തേടി ഫ്ലാറ്റ് സമുച്ചയത്തിലെ അന്തേവാസികളുടെ ഗ്രൂപ്പ് ചാറ്റിൽ ചിത്രം പങ്കുവെച്ചു. കുഞ്ഞ് ഇരു കൈകൾ കൊണ്ടും ഗ്രില്ലിൽ മുറുകെ പിടിച്ചിരിക്കുന്നതും ശരീരം മുഴുവൻ പുറത്തേക്ക് തൂങ്ങിക്കിടക്കുന്നതുമായ ഭയാനകമായ ദൃശ്യമായിരുന്നു അത്.
വിവരമറിഞ്ഞയുടൻ സുരക്ഷാ ജീവനക്കാരും ഫ്ലാറ്റ് മാനേജ്‌മെന്റ് ജീവനക്കാരും കുട്ടിയുടെ ഫ്ലാറ്റിന് തൊട്ടുതാഴത്തെ നിലയിലേക്ക് ഓടിയെത്തി. കുട്ടി ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലായിരുന്നു. താഴത്തെ ഫ്ലാറ്റിലെ രണ്ടു വ്യത്യസ്ത ജനലുകളിലൂടെ പുറത്തേക്ക് ചാഞ്ഞുനിന്ന രണ്ടുപേർ കുട്ടിയുടെ പാദങ്ങൾക്ക് താഴെ താങ്ങായി ഒരു സ്റ്റൂൾ വച്ചുകൊടുത്തു. അവരുടെ ഈ അവസരോചിതമായ ഇടപെടലാണ് അഗ്നിരക്ഷാ സേന എത്തുന്നതുവരെ കുഞ്ഞിന് ജീവശ്വാസമായത്.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന കുഞ്ഞിന്റെ ഫ്ലാറ്റിന്റെ വാതിൽ ബലമായി തുറന്ന് അകത്തുകയറി. കമ്പികൾക്കിടയിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി വേർപെടുത്തി അവർ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തുടർന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.








