പുലർച്ചെ അലർച്ച, ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ച് 7 പേർ; ലഹരി നൽകി കഴുത്തറുത്തു കൊന്നു; പിന്നിൽ ആ പെൺകുട്ടി

Spread the love

ഏപ്രിൽ 15 2008. പുലർച്ചെ 2. മണി. ഉത്തർപ്രദേശിലെ ഉൾനാടൻ ഗ്രാമമായ അമ്രോഹ. അവിടെയാണ് ഷൗക്കത്തലിയുടെ വീട്. ഗ്രാമം പൂർണനിദ്രയിലാണ്. നിശബ്ദതയ്ക്കു മേൽ പെട്ടെന്നൊരു അലർച്ചയും നിലവിളിയും മുഴങ്ങി ‘രക്ഷിക്കൂ…രക്ഷിക്കൂ…’’. ഗ്രാമമാകെ ഞെട്ടിയുണർന്നു. എവിടെ നിന്നാണ് ശബ്ദം എന്നറിയാതെ നാട്ടുകാർ ആദ്യം സംശയിച്ചു. എന്നാൽ വീണ്ടും ശബ്ദം ഉയർന്നതോടെ ആ നിലവിളി ഷൗക്കത്തലിയുടെ വീട്ടിൽ നിന്നാണെന്നു മനസ്സിലായി. ഷൗക്കത്തലിയുടെ അയൽവാസി ലത്തീഫ് നാട്ടുകാരെ കൂട്ടി ആ വീട്ടിലേക്ക് ഓടിക്കയറി. അകത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഏഴുപേർ. വീട്ടുടമസ്ഥൻ ഷൗക്കത്തലി, ഭാര്യ ഹാഷ്മി, മൂത്തമകൻ അനീസ്, ഇളയമകൻ റാഷിദ്, അനീസിന്റെ ഭാര്യ അഞ്ജും, പത്തുമാസം പ്രായമുള്ള മകൻ അർഷ്, ഇവരുടെ ബന്ധു റാബിയ എന്നിവരാണ് ആ വീട്ടിൽ മരിച്ചു കിടക്കുന്നത്. ചുറ്റും രക്തം തളംകെട്ടി നിൽക്കുന്നു. അവർക്കിടയിൽ നിന്ന് ആർത്തലച്ച് കരയുകയായിരുന്നു ആ വീട്ടിൽ ജീവനോടെ ബാക്കിയായ, ഷൗക്കത്തലിയുടെ മകൾ ഷബ്നം. കഴുത്തറുത്ത നിലയിലായിരുന്നു ഏഴുപേരുടേയും മൃതദേഹം. എന്താണ് സംഭവിച്ചതെന്നും കൊന്നത് ആരാണെന്നും ഷബ്നത്തിനോട് ചോദിക്കാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും ഭയന്നു വിറങ്ങലിച്ചു നിൽക്കുന്ന ആ പെൺകുട്ടിയിൽനിന്ന് മറുപടി കിട്ടിയില്ല. അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചു.

 

‘‘രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ കൊള്ളക്കാരാണ് എല്ലാവരേയും കൊന്നത്. ഞാൻ ടെറസിൽ ഉറങ്ങുകയായിരുന്നു. അതുകൊണ്ട് അവരുടെ ശ്രദ്ധയിൽപെട്ടില്ല. മഴ പെയ്തപ്പോഴാണ് താഴേയ്ക്ക് വന്നത്. അപ്പേഴാണ് എല്ലാവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്’’– പൊലീസിന്റെ ചോദ്യത്തിന് ഇതായിരുന്നു ഷബ്നത്തിന്റെ മറുപടി.

 

∙ കൊലപാതകം, പിന്നിൽ ഷബ്നം?

 

ഷബ്നം പറഞ്ഞതു പോലെ കൊള്ളക്കാരായിരിക്കും കൊലപാതകത്തിനു പിന്നിൽ എന്നാണ് പൊലീസും ആദ്യഘട്ടത്തിൽ കരുതിയത്. എന്നാൽ അപ്പോഴും പൊലീസിനു ചെറിയ സംശയങ്ങൾ ഉണ്ടായിരുന്നു. അകത്ത് കൊള്ളക്കാർ കയറിയെങ്കിൽ വീട്ടുകാരുമായി മൽപിടിത്തം നടക്കാൻ സാധ്യതയില്ലേ? അങ്ങനെയാണെങ്കിൽ ആ വീട്ടിൽ എന്തെങ്കിലും സാധനങ്ങൾ സ്ഥാനം മാറിക്കിടക്കുകയോ പൊട്ടുകയോ മറ്റോ ചെയ്യണ്ടേ? എന്നാൽ അത്തരത്തിൽ യാതൊന്നും ആ വീട്ടിൽ കണ്ടെത്താനായില്ല. അതോടെ പല സാധ്യതകളും പൊലീസ് അന്വേഷിക്കാൻ തുടങ്ങി. അക്രമിയെ ഒന്ന് എതിർക്കാൻ പോലും ശ്രമിക്കാതെ 7 പേരും കൊല്ലപ്പെട്ടെങ്കിൽ അവരെ ആരെങ്കിലും ലഹരിമരുന്നോ മറ്റോ നൽകി ബോധം കെടുത്തിയിരുന്നോ എന്ന് പൊലീസിനു സംശയം തോന്നി. അതുറപ്പിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുക എന്നതല്ലാതെ മറ്റൊരു വഴിയും പൊലീസിന്റെ മുന്നിലുണ്ടായിരുന്നില്ല.

 

10 മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരമൊഴികെ മറ്റെല്ലാവരുടേയും ശരീരത്തിൽ ലഹരിയുടെ അംശമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. എല്ലാവരുടേയും ശരീരത്തിൽ ലഹരിയുടെ അംശമുണ്ടെങ്കിൽ അത് ആരായിരിക്കും നൽകിയിട്ടുണ്ടാവുക? അപ്പോഴാണ്, ഷൗക്കത്തലിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഒരു മെഡിസിൻ സ്ട്രിപ്പിനെ പറ്റി അന്വേഷണ ഉദ്യോഗസ്ഥർക്ക് ഓർമ വന്നത്. പിന്നാലെ, സംഭവ ദിവസം വീട്ടിലേക്ക് പാഞ്ഞെത്തിയ അയൽവാസികളുടെ മൊഴി പൊലീസ് വിശദമായി പരിശോധിച്ചു. അയൽവാസികൾ വീട്ടിലേത്തിയപ്പോൾ വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്താണ് അവർ വീട്ടിൽ പ്രവേശിച്ചത്. പുറത്തുനിന്ന് വന്നവരാണ് കൊലപാതകത്തിന് പിന്നിലെങ്കിൽ എങ്ങനെ വാതിൽ അകത്തുനിന്നു പൂട്ടി? മാത്രമല്ല, താൻ ടെറസിന്റെ മുകളിലാണ് കിടന്നത്, അതുകൊണ്ടാണ് അക്രമികൾ തന്നെ കാണാതിരുന്നതെന്നാണ് ഷബ്നം പൊലീസിനോട് പറഞ്ഞത്. എന്നാൽ അയൽവാസികളുടെ മൊഴിപ്രകാരം ടെറസിന് മുകളിൽ ബെഡ് ഷീറ്റോ പുതപ്പോ ഒന്നും കണ്ടിരുന്നില്ല. ഇതോടെ ഷബ്നത്തെ പൊലീസ് സംശയിച്ചു തുടങ്ങി.

 

∙ പ്രണയത്തെ എതിർത്തു, പിന്നാലെ കൊലപാതകം

 

7 പേരെ കൊലപ്പെടുത്തിയ വീട്ടിൽ അക്രമികളെത്തിയിട്ടും അവർ ഷബ്നത്തെ കണ്ടില്ലെന്നതും പൊലീസിൽ സംശയമുണ്ടാക്കി. അങ്ങനെ പൊലീസ് ഷബ്നത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ ഷബ്നത്തിന്റെ മറുപടിയിൽ എന്തൊക്കെയോ പന്തികേട് തോന്നി. അതോടെ ഷബ്നത്തിന്റെ മൊബൈല്‍ ഫോണും മറ്റും പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. പരിശോധനയിൽ ഞെട്ടിക്കുന്ന ചിലത് കണ്ടെത്തി. കൊലപാതക ദിവസം സലീം എന്ന യുവാവിനെ ഷബ്നം 40 തവണയിലധികം വിളിച്ചിട്ടുണ്ട്. രാത്രി 1.45നായിരുന്നു ഇവർ തമ്മിൽ അന്ന് അവസാനമായി വിളിച്ചത്. അതിന് അൽപസമയത്തിന് ശേഷമാണ് അവളുടെ അലർച്ച കേട്ട് അയൽവാസികൾ ഷൗക്കത്തലിയുടെ വീട്ടിലെത്തിയത്. അതോടെ പൊലീസ് ഷബ്നത്തേയും സലീമിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒടുവിൽ അവൾ കുറ്റം സമ്മതിച്ചു.

 

ഒരേ ഗ്രാമത്തിലാണ് ഷബ്നവും സലീമും താമസിക്കുന്നത്. ഇംഗ്ലിഷിലും ഭൂമിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ ഷബ്നം നാട്ടിലെ ഒരു സ്കൂളിൽ അധ്യാപികയാണ്. എന്നാൽ സലീമാവട്ടെ ആറാംക്ലാസ് തോറ്റ് പഠനം നിർത്തിയവനാണ്. താഴ്ന്ന സമുദായത്തിൽപെട്ടൊരാളെ തന്റെ മകൾ പ്രണയിച്ചത് ഷൗക്കത്തലിക്ക് സഹിക്കാനായില്ല. ആ ബന്ധത്തെ അയാൾ എതിർത്തു. അച്ഛനും മകളും തമ്മില്‍ വഴക്ക് പതിവായി. പിതാവ് ഷബ്നത്തെ നിരന്തരം മർ‍ദിക്കാനും തുടങ്ങി. ഇതോടെ സലീമിനൊപ്പം ജീവിക്കാൻ വീട്ടുകാർ സമ്മതിക്കില്ലെന്ന് ഷബ്നത്തിന് മനസ്സിലായി. ഒരുമിച്ച് ജീവിക്കാൻ വഴികളില്ലാതെ വന്നതോടെയാണ് വീട്ടുകാരെ കൊല്ലാൻ ഷബ്നം തീരുമാനിക്കുന്നത്. കുടുംബത്തിലെ എല്ലാവരും മരിച്ചാൽ സ്വത്തുക്കളെല്ലാം തന്റെ പേരിലാകുമെന്നും സലീമിനൊപ്പം താമസിക്കാൻ മറ്റു തടസ്സങ്ങളുണ്ടാകില്ലെന്നും ഷബ്നം ഉറപ്പിച്ചു. താൻ രണ്ടുമാസം ഗർഭിണിയാണെന്നു കൂടി അറിഞ്ഞതോടെ, വീട്ടുകാരെ കൊല്ലാൻ സലീമിനൊപ്പം ചേർന്ന് ഷബ്നം പദ്ധതി തയാറാക്കി.

 

∙ കഴുത്തറുത്തു കൊന്നു

 

ലഹരിമരുന്നു നല്‍കി വീട്ടുകാരെ മയക്കിയ ശേഷം കൊലപ്പെടുത്താമെന്നാണ് ഇരുവരും കരുതിയത്. അതിനായി സലീം 10 ലഹരി ഗുളികകൾ ഷബ്നത്തിന് കൈമാറി. ഷബ്നം ചായയിൽ‍ ലഹരിമരുന്ന് കലർത്തി വീട്ടുകാർക്കു നൽകി. ചായ കുടിച്ചതിന് പിന്നാലെ എല്ലാവരും ബോധരഹിതരായി. ഷബ്നം സലീമിനെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് എത്താൻ ആവശ്യപ്പെട്ടു. സലീം ആയുധവുമായി വീട്ടിലെത്തി ഓരോരുത്തരെയായി കഴുത്തറുത്തു കൊന്നു. കൊലപാതകം എളുപ്പത്തിലാക്കാൻ ഷബ്നം എല്ലാവരുടേയും തല പിടിച്ചു കൊടുത്തു. 10 മാസം പ്രായമായ കുഞ്ഞിനെ ഒഴികെ മറ്റെല്ലാവരേയും സമാനരീതിയിലാണ് കൊലപ്പെടുത്തിയത്. അച്ഛനും അമ്മയ്ക്കുമിടയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊന്നത്. എല്ലാവരും കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്തി സലീം മടങ്ങി. പോകുന്ന വഴി, കൊലയ്ക്ക് ഉപയോഗിച്ച കോടാലി സലീം കുളത്തിൽ കളഞ്ഞു. പിന്നാലെ ഷബ്നം അലറിക്കരഞ്ഞ് നാട്ടുകാരെ വിളിച്ചു വരുത്തി.

 

എന്നാൽ പിടിയിലായതോടെ പരസ്പരം പഴിചാരി കേസിൽനിന്നു രക്ഷപ്പെടാനാണ് ഇരുവരും ശ്രമിച്ചത്. താൻ ടെറസിൽ ഉറങ്ങിക്കിടന്നപ്പോൾ വീട്ടില്‍ കയറിയ സലീം വീട്ടുകാരെ കൊലപ്പെടുത്തിയെന്നാണ് ഷബ്നം പൊലീസിനോടു പറഞ്ഞത്. എന്നാൽ ഷബ്നം വിളിച്ചതു പ്രകാരമാണ് താൻ വീട്ടിലെത്തിയതെന്നും വീട്ടുകാരെ കൊന്നെന്ന് അവിടെ വച്ച് അവൾ തന്നോട് ഏറ്റുപറഞ്ഞെന്നുമാണ് സലീം പറഞ്ഞത്. ഷബ്നത്തിന്റെ അഭ്യർഥന പ്രകാരം, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കുളത്തിൽ ഉപേക്ഷിക്കുക മാത്രമാണ് താൻ ചെയ്ത കുറ്റമെന്നും സലീം പറഞ്ഞു. എന്നാൽ ഇത് കോടതി വിശ്വസിച്ചില്ല. ഇരുവരുടേയും ഫോൺ രേഖകളും മറ്റു സാഹചര്യത്തെളിവുകളും പരിശോധിച്ചതിന് പിന്നാലെ കോടതി ഇരുവരേയും കുറ്റക്കാരായി കണ്ടെത്തി. രണ്ടുപേരുടേയും കോൾ ഹിസ്റ്ററിയും ഷബ്‌നത്തിൽനിന്നു കണ്ടെടുത്ത രക്തക്കറ പുരണ്ട തുണിയും ലഹരിമരുന്നിന്റെ പാക്കറ്റുമെല്ലാം പൊലീസ് തെളിവായി സ്വീകരിച്ചു.

 

2010 ജൂലൈയിൽ ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരെ സുപ്രീം കോടതിയെ ഇരുവരും സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. അതോടെ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചുവെങ്കിലും 2016 ൽ രാഷ്ട്രപതി ദയാഹർജിയും തള്ളി. ജയിലിൽ കഴിയവെ 2008 ഡിസംബറിൽ ഷബ്നം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ആറു വയസ്സുവരെ ആ കുഞ്ഞ് ഷബ്‌നത്തിനോടൊപ്പം ജയിലിൽ കഴിഞ്ഞു. പിന്നീട് ഷബ്‌നത്തിന്റെ സുഹൃത്ത് മകനെ ദത്തെടുത്തു.

  • Related Posts

    പോക്സോ ; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

    Spread the love

    Spread the love    തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി ജോബി(51)യെയാണ് 14 വർഷത്തെ തടവിനും 130000 രൂപ പിഴ അടയ്ക്കാനും ബത്തേരി ഫാസ്റ്റ്…

    ബീഫ് കഴിച്ചതിന് പരിഹാസം, ജാതി അധിക്ഷേപം; സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കി

    Spread the love

    Spread the loveകോയമ്പത്തൂർ: കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്നെന്ന് ആരോപണം. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകൻ…

    Leave a Reply

    Your email address will not be published. Required fields are marked *