ആൾവാർ (രാജസ്ഥാൻ)∙ ഡീഗ് ജില്ലയിലെ ബഡേസ്ര ഗ്രാമത്തിൽ 13 വയസ്സുള്ള ഇരട്ട കുട്ടികളെ കൊലപ്പെടുത്തി. അമ്മ പ്രീതിയെയും കാമുകനെയും മൂത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകനുമായുള്ള ബന്ധത്തെ കുട്ടികൾ എതിർത്തതിനെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
വിനയ്, വിഷ്ണു എന്നിവരുടെ മൃതദേഹങ്ങൾ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്. ഇരട്ടക്കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മയുടെ സഹോദരി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരട്ടക്കുട്ടികളുടെ കഴുത്തറുത്തതായി ഡീഗിലെ എസ്പി കാംബ്ലെ ശരൺ ഗോപിനാഥ് പറഞ്ഞു. കുട്ടികളുടെ ശരീരത്തിൽ നിരവധി മുറിവുകളും തലയ്ക്ക് പരുക്കുകളുമുണ്ടായിരുന്നു.
മൂത്ത മകൻ അമ്മയുടെ ബന്ധത്തെ പിന്തുണച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതത്തിന് മൂത്തമകനും സഹായിച്ചു. ഉത്തർപ്രദേശിലെ ഹാത്രാസ് ജില്ലയിലെ സരോത് മൻസ ഗ്രാമവാസിയായിരുന്ന നിരഞ്ജൻ സിങ്ങുമായി 20 വർഷം മുൻപാണ് പ്രീതിയുടെ വിവാഹം കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. നാലു മക്കളാണ് ദമ്പതികൾക്കുള്ളത്.








