സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് സീന്‍. മലയാളത്തിന്റെ നസ്രിയ നസീമാണ് ചിത്രത്തിലെ നായിക. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് സീന്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ നടന്ന പരിപാടിയില്‍ നിന്നുള്ള നസ്രിയയുടെ ലുക്ക് വൈറലായിരുന്നു. പച്ച നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഡ്രസ് ധരിച്ചാണ് നസ്രിയയെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമാണ് നസ്രിയ പിന്നാലെ നേരിട്ടത്. ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രം നസ്രിയയ്ക്ക് ചേരുന്നില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. കേട്ടാലറയ്ക്കുന്ന തരത്തിലുള്ള കമന്റുകളുമായി സോഷ്യല്‍ മീഡിയ താരത്തെ കടന്നാക്രമിക്കുകയായിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് നസ്രിയ.
വിമര്‍ശിക്കപ്പെട്ട അതേ വസ്ത്രം ധരിച്ചു കൊണ്ടുള്ള തന്റെ ഫോട്ടോഷൂട്ട് പങ്കുവച്ചുകൊണ്ടാണ് നസ്രിയ മറുപടി നല്‍കിയിരിക്കുന്നത്. ചിത്രത്തോടൊപ്പം കുറിപ്പുകളൊന്നും പങ്കുവച്ചില്ലെങ്കിലും നസ്രിയയുടെ പോസ്റ്റ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. നസ്രിയയുടെ ചിത്രത്തിന് കമന്റുകളുമായി താരങ്ങളുമെത്തുന്നുണ്ട്. നസ്ലെന്‍, മീര നന്ദന്‍, ശ്രിന്ദ, അര്‍ച്ചന കവി, ജിത്തു മാധവന്‍, തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്.
വസ്ത്രത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടവെയാണ് നസ്രിയ പോസ്റ്റുമായെത്തിയത്. ഇതിന് മുമ്പ് സിനിമയിലും പൊതുവേദിയിലും നസ്രിയ ഗ്ലാമറസായി എത്തിയിരുന്നില്ല. അതുകൊണ്ട് ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്. നേരത്തെ ധനുഷ് ചിത്രം നയ്യാണ്ടിയുടെ സംവിധായകനെതിരെ നസ്രിയ കേസ് കൊടുത്തതും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരുന്നു.







