കോവളം ∙ പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയെ കോവളത്തെ സ്പാകളിൽ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ കേസിൽ പിടിയിലായ നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വട്ടക്കരിക്കകം കാക്കാണിക്കര മഹേഷ് ഭവനിൽ വി.സി.മായയെ (42) കുടുക്കിയത് സാമ്പത്തിക ഇടപാടുകൾ.
കേസിലെ പ്രതികളായ അനുരൂപിന്റെയും നിഷാന്തിന്റെയും മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.അറസ്റ്റിലായ മായയുമായി നടത്തിയ വാട്സാപ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഫോണിലുണ്ടായിരുന്നു.ദിവസവും നിശ്ചിതതുക അനുരൂപിന്റെ ഗൂഗിൾപേ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് മായ അയച്ചിരുന്നതായും കണ്ടെത്തി.തുടർന്ന് മായയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തെളിവുകൾ നിരത്തിയതോടെ മായ എല്ലാം സമ്മതിച്ചു.
മറ്റൊരു സ്പാ ഉടമയായ സജിത്കുമാർ, പെൺകുട്ടിയുടെ ഇളയമ്മ, ഭർത്താവ് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. പെൺകുട്ടിയുടെ ഇളയമ്മയുൾപ്പെടെയുള്ളവരും മായയും തമ്മിലുള്ള ഫോൺ ബന്ധങ്ങളും സംഘം കണ്ടെത്തി.പെൺകുട്ടിയും മായയും സ്പായിൽ ഒന്നിച്ചുണ്ടായിരുന്നത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തി.ദൂരെ നഗരൂരിൽ ജോലിയുള്ള മായ വെങ്ങാനൂർ വെണ്ണിയൂർ കക്കാക്കുഴിയിൽ വാടകയ്ക്ക്.
താമസത്തിനെത്തിയത് അന്വേഷണ സംഘത്തിനു സംശയമുണ്ടാക്കിയിരുന്നു.പെൺകുട്ടിയുടെ ഇളയമ്മ, ഭർത്താവ് എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാനുള്ള പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.






