*ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ജാഗ്രതക്കുറവ് ഉണ്ടായാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം: സുപ്രീംകോടതി*

Spread the love

ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ നഷ്ടത്തിന് ബാങ്കുകള്‍ ഉത്തരവാദികളായിരിക്കണമെന്ന് സുപ്രീംകോടതി. ഇടപാടുകാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ധനകാര്യ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ‘ഡിജിറ്റല്‍ അറസ്റ്റ്’ അടക്കമുള്ള തട്ടിപ്പുകളില്‍ ബാങ്കുകളുടെ ഭാഗത്തുനിന്നും ജാഗ്രതക്കുറവ് ഉണ്ടായതായി കണ്ടെത്തിയാല്‍, ഇരകള്‍ക്ക് നഷ്ടപ്പെട്ട തുകയെങ്കിലും ബാങ്കുകള്‍ തിരിച്ചുനല്‍കണമെന്നാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ എടുത്ത പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചത്. ഇടപാടുകാരുടെ സാധാരണ ഇടപാട് രീതികളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് നടക്കുന്ന അസാധാരണ ഇടപാടുകള്‍ തടയുന്നതിനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ സ്വയം നിരീക്ഷിക്കുന്നതിനും കര്‍ശനമായ മുന്‍കരുതല്‍ സംവിധാനങ്ങള്‍ വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഇരകളെ സംരക്ഷിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്. ഇടപാടുകാര്‍ സാധാരണയായി 10,000 രൂപയോ 20,000 രൂപയോ മാത്രം പിന്‍വലിക്കുന്ന അക്കൗണ്ടില്‍ നിന്ന് പെട്ടെന്ന് 50,000 രൂപ പിന്‍വലിക്കുമ്പോള്‍ അത് പരിശോധിക്കേണ്ടതല്ലേയെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ ചോദിച്ചു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ വിദ്യാസമ്പന്നരായ ആളുകള്‍ പോലും കുടുങ്ങുന്നതില്‍ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. ഫോണില്‍ വിളിച്ച് ആരെങ്കിലും നിങ്ങളെ അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞാല്‍ ഉടന്‍ നിങ്ങള്‍ അത് വിശ്വസിക്കുകയാണോ എന്നും കോടതി ചോദിച്ചു.

കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് കേസുകളില്‍ 50 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. സുപ്രീംകോടതിയുടെ ഇടപെടലുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനങ്ങളും ബോധവത്കരണ കാംപയ്നുകളുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.എന്നാല്‍, ഈ വര്‍ഷം മാത്രം രാജ്യത്ത് ഇത്തരം തട്ടിപ്പുകളിലൂടെ ഏകദേശം 800 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ പണം കൈമാറാന്‍ ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ പ്രശ്‌നവും ബാങ്കുകളുടെ ഉത്തരവാദിത്തവുമാണ് പ്രധാനമായും പരിഹരിക്കപ്പെടേണ്ടതെന്നും കോടതി വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദിഷ്ട കെവൈസി ഭേദഗതി നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷം കോടതി തുടര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കും. ഡിസംബര്‍ 31 മുതലാണ് പുതിയ കെവൈസി മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത്. ബാങ്കുകള്‍ക്ക് ബാധ്യത ചുമത്താന്‍ ആര്‍ബിഐ തയ്യാറായില്ലെങ്കില്‍ ജുഡീഷ്യല്‍ ഉത്തരവിലൂടെ ചെയ്യേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

  • Related Posts

    റീല്‍ ചിത്രീകരിക്കാന്‍ 18കാരനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

    Spread the love

    Spread the loveകൊല്‍ക്കത്ത: റീല്‍ ചിത്രീകരിക്കാനായി യുവാവിനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്ന പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ഒക്ടോബര്‍ 27നാണ് 18കാരനു നേരെ ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട്…

    ഗാലറി തിരയണ്ട, ചിത്രങ്ങള്‍ ചാറ്റ് വിന്‍ഡോയില്‍ തെളിയും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ‘റീസന്റ് മീഡിയ സജഷന്‍സ്’ എന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും. . ചാറ്റ് വിന്‍ഡോയില്‍ ഏറ്റവും പുതിയ ഫോട്ടോകളോ വിഡിയോകളോ നേരിട്ട് കാണാന്‍ സാധിക്കുന്നതാണ് ഫീച്ചര്‍.   ആര്‍ക്കെങ്കിലും…

    Leave a Reply

    Your email address will not be published. Required fields are marked *