ജയ്പുർ ∙ രാജസ്ഥാനിലെ സിക്കറിലുള്ള ഒരു മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് പതിനായിരം കോടി രൂപ. സാലാസർ ബസ് സ്റ്റാൻഡിന് സമീപമുള്ള നിർമൽ മെഡിക്കൽ പോയിന്റിലെ ജീവനക്കാരനായ സമീർ ഖാന്റെ അക്കൗണ്ടിലാണ് പണം എത്തിയത്.
സമീർ മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാൻ ബാങ്കിങ് ആപ്പ് തുറന്ന് പിൻ നമ്പർ അടിച്ചപ്പോൾ ബാലൻസ് പൂജ്യമാണെന്നാണ് കണ്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പതിനായിരം കോടിയിലധികം രൂപ ക്രെഡിറ്റ് ആയതിനെ തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ അക്കൗണ്ടിൽ തന്റേതായി ഉണ്ടായിരുന്ന 55,000 രൂപ പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാലായി യുവാവ്.
ഉടൻതന്നെ സമീർ വിവരം കടയുടമ ധീരജ് ശർമ്മയെ അറിയിച്ചു. ഇരുവരും ചേർന്ന് സിക്കർ സൈബർ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. എന്നാൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെടാനാണ് പൊലീസ് നിർദേശിച്ചത്. തുടർന്ന് ബാങ്ക് അധികൃതരെ സമീപിച്ചപ്പോഴാണ് ഒരു സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് വ്യക്തമായത്. പിന്നീട് ബാങ്ക് ഈ സാങ്കേതിക പിഴവ് പരിഹരിക്കുകയും അക്കൗണ്ടിലുണ്ടായിരുന്ന യഥാർഥ തുക പുനഃസ്ഥാപിക്കുകയും ചെയ്തു.







