ന്യൂഡൽഹി∙ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബൈനാൻസിൽ ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കൊള്ള. കമ്പനിയുടെ വോലറ്റുകളിൽനിന്ന് 636 കോടിയിലധികം യുഎസ് ഡോളർ (ഏകദേശം 60,000 കോടി രൂപ) മൂല്യമുള്ള ക്രിപ്റ്റോകറൻസി സൈബർ കൊള്ളസംഘം തട്ടിയെടുത്തു. ലോകത്തെ ഞെട്ടിച്ച വൻ കവർച്ചയ്ക്കു പിന്നിൽ ഉത്തര കൊറിയയിലെ കുപ്രസിദ്ധ ഹാക്കിങ് സംഘമായ ‘ട്രേഡർ ട്രെയ്റ്റർ’ ആണെന്ന് പ്രമുഖ ബ്ലോക്ക്ചെയിൻ നിരീക്ഷണ ഏജൻസിയായ ടിആർഎം അറിയിച്ചു. മോഷ്ടിക്കപ്പെട്ടതിൽ പകുതിയോളം തുകയായ ഏകദേശം 300 കോടി ഡോളർ (ഏകദേശം 28,000 കോടി രൂപ) ഉടൻതന്നെ മരവിപ്പിക്കാൻ കഴിഞ്ഞതായി കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ‘ബൈബിറ്റ്’ എന്ന ക്രിപ്റ്റോ എക്സ്ചേഞ്ചിൽനിന്ന് 150 കോടി ഡോളർ തട്ടിയെടുത്തതിനു പിന്നിലും ഇതേ ഉത്തര കൊറിയൻ സംഘമായിരുന്നുവെന്ന് എഫ്ബിഐ സ്ഥിരീകരിച്ചിരുന്നു. ആ കവർച്ചയ്ക്കു സമാനമായ രീതി തന്നെയാണ് ബൈനാൻസിലും പ്രയോഗിച്ചിരിക്കുന്നതെന്ന് മറ്റ് അനലിറ്റിക്സ് കമ്പനികളും വിലയിരുത്തി. സൈബർ ആക്രമണത്തെത്തുടർന്ന് എക്സ്ചേഞ്ചിൽ നിന്ന് പണം പിൻവലിക്കുന്നതിന് ബൈനാൻസ് താൽക്കാലിക വിലക്കേർപ്പെടുത്തി. കുറ്റവാളികളെ കണ്ടെത്താൻ രാജ്യാന്തര അന്വേഷണ ഏജൻസികളുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു.
‘നിക്ഷേപം സുരക്ഷിതം’
സൈബർ ആക്രമണം ഞെട്ടിക്കുന്നതാണെങ്കിലും ഇടപാടുകാരുടെ നിക്ഷേപം സുരക്ഷിതമാണെന്ന് ബൈനാൻസ് സ്ഥാപകൻ ഷാങ്പെങ് ഷാവോ വ്യക്തമാക്കി. കമ്പനിയുടെ ദൈനംദിന ചുമതലകളിൽ ഇപ്പോൾ താനില്ലെങ്കിലും ഓഹരി ഉടമയെന്ന നിലയിൽ ഉപയോക്താക്കൾക്ക് പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടം കമ്പനി പൂർണമായി വഹിക്കുമെന്ന് ബൈനാൻസും വ്യക്തമാക്കിയിട്ടുണ്ട്.
വെറും 20 മിനിറ്റിനുള്ളിൽ 10 ബ്ലോക്ക്ചെയിൻ ശൃംഖലകൾ വഴിയാണ് പണം അജ്ഞാത അക്കൗണ്ടുകളിലേക്ക് മാറ്റിയത്.കമ്പനിനിയിലുള്ള ഒരു എൻജിനീയറുടെ ലാപ്ടോപ്പിലെ പഴുതുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ. എന്നാൽ, തുടരന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ കണ്ടെത്തിയെന്നും തട്ടിപ്പിനുപയോഗിച്ച രീതി സങ്കീർണമാണെന്നും കമ്പനി അറിയിച്ചു.
ക്രിപ്റ്റോകറൻസി വാങ്ങാനും വിൽക്കാനുമുള്ള ഇടമാണ് ബൈനാൻസ് പോലെയുള്ള വെർച്വൽ എക്സ്ചേഞ്ചുകൾ.






