ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

Spread the love

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റയില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ രണ്ടാംഘട്ടത്തില്‍ 149 കുടുംബങ്ങള്‍ക്ക് കൂടി വീടുകള്‍ അനുവദിച്ചു. ശനിയാഴ്ച നടന്ന നറുക്കെടുപ്പിലൂടെയാണ് രണ്ടാംഘട്ട ഗുണഭോക്താക്കളെ വീടുകളിലേക്ക് തെരഞ്ഞെടുത്തത്. ഫേസ് 2എ, ഫേസ് 2ബി, അപ്പീല്‍ പട്ടിക എന്നിവയില്‍ ഉള്‍പ്പെട്ടവരാണ് രണ്ടാംഘട്ടത്തില്‍ വീടുകള്‍ക്ക് അര്‍ഹരായത്. കൃഷി മന്ത്രി ടി സിദ്ദിഖിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി എപി അനില്‍കുമാറും പങ്കെടുത്തു.

 

രണ്ടാംഘട്ടത്തില്‍ സോണ്‍ ഒന്നില്‍ 23 വീടുകളും സോണ്‍ മൂന്നില്‍ ആറും സോണ്‍ നാലില്‍ 14ഉം സോണ്‍ അഞ്ചില്‍ 106 വീടുകളുമാണ് അനുവദിച്ചത്. നവംബറോടെ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും. ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറിയിരുന്നു. രണ്ടാംഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ ടൗണ്‍ഷിപ്പില്‍ 327 കുടുംബങ്ങള്‍ക്ക് വീടുകളാകും. വീടുകളുടെ നിര്‍മാണം നവംബര്‍ 20 വരെ തുടരും. തുടര്‍ന്ന് ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്ന് വീടുകള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. വീടുകളുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കില്‍ എഴുതി നല്‍കാനും സൗകര്യമുണ്ടാകും.

 

വാടകവീടുകളില്‍ കഴിയുന്ന ദുരന്തബാധിതര്‍ക്കുള്ള ജീവനോപാധി ധനസഹായം ഡിസംബര്‍ വരെ നീട്ടിയതായി റവന്യൂ മന്ത്രി എപി അനില്‍കുമാര്‍ അറിയിച്ചു. കേരള ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദുരന്തത്തില്‍ ജാതി, മത, ഭാഷാ വ്യത്യാസങ്ങള്‍ മറന്ന് ജനങ്ങള്‍ ദുരിതബാധിതര്‍ക്കൊപ്പം നിന്നു. ദുരന്തബാധിതരുടെ പ്രയാസങ്ങള്‍ ലഘൂകരിച്ച് പൂര്‍ണമായ പുനരധിവാസം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

അര്‍ഹരായവര്‍ക്ക് തുടര്‍ന്നുള്ള ഘട്ടങ്ങളിലും വീടുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളും ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വീടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും പദ്ധതി പ്രദേശത്തെ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ടി സിദ്ദിഖ് അഭ്യര്‍ഥിച്ചു.

 

നറുക്കെടുപ്പിനായി ഹാളില്‍ സ്ഥാപിച്ച ഗ്ലാസ് പെട്ടിയില്‍നിന്ന് ഗുണഭോക്താക്കള്‍ നറുക്കുകള്‍ എടുക്കുകയായിരുന്നു. സോണ്‍ നമ്പര്‍, ഇംഗ്ലീഷ് അക്ഷരത്തില്‍ രേഖപ്പെടുത്തിയ ക്ലസ്റ്റര്‍, വീടിന്റെ ക്രമനമ്പര്‍ എന്നിവയാണ് ഓരോ നറുക്കിലും ഉള്‍പ്പെടുത്തിയിരുന്നത്. മന്ത്രിമാര്‍, ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

 

ചൂരല്‍മല എടത്തറ വീട്ടില്‍ മജീദാണ് ആദ്യ നറുക്കെടുത്തത്. സോണ്‍ അഞ്ചിലെ ക്ലസ്റ്റര്‍ ബിയില്‍ 332-ാം നമ്പര്‍ വീടാണ് മജീദിന് ലഭിച്ചത്. നറുക്കെടുപ്പിന് പിന്നാലെ അനുവദിച്ച വീടുകളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിനായി ജില്ലാ ഭരണകൂടം പ്രത്യേക കൗണ്ടറും ഒരുക്കിയിരുന്നു. വീടുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വിലാസം തിരുത്തല്‍, റേഷന്‍ കാര്‍ഡ് നടപടികള്‍, വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കാന്‍ 16 കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. കെഎസ്ഇബി, നഗരസഭ, വാട്ടര്‍ അതോറിറ്റി എന്നിവയുടെ ഏകോപനത്തിലായിരുന്നു ക്രമീകരണങ്ങള്‍. 149 വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു.

  • Related Posts

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    തെരുവ് നായ ആക്രമണം: വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ: അരിഞ്ചേർമലയിൽ തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിക്കും വീട്ടമ്മയ്ക്കും പരിക്ക്. കണിയാമ്പറ്റ അരിഞ്ചേർമല പാറ അർഷാദിൻ്റെ മകൻ എം.കെ റൈഹാൻ (12), പുളിക്കൽ ആമിന (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് ആക്രമണം. ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ…

    Leave a Reply

    Your email address will not be published. Required fields are marked *