ന്യൂഡല്‍ഹി: ഹിന്ദു ആചാരങ്ങളെയും ഇന്ത്യൻ ഡോക്ടർമാരെയും അപഹസിച്ചുകൊണ്ടുള്ള ഇസ്രായേലി-അമേരിക്കൻ ജൂത പുരോഹിതൻ (റബ്ബി) യോസെഫ് (യോസി) മിസ്രാച്ചിയുടെ പരാമർശം വിവാദത്തില്‍. പശുക്കളെ ആരാധിക്കുന്ന ഇന്ത്യക്കാരെ അറിയാമോയെന്ന് യോസെഫ് മിസ്രാച്ചി ചോദിച്ചു. ഇന്ത്യയില്‍ പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളുണ്ടെന്നും അവര്‍ തറയില്‍ വീഴുന്ന ഗോമൂത്രം നക്കിയെടുക്കാറുണ്ടെന്നും മിസ്രാച്ചി പറഞ്ഞു. ഇക്കൂട്ടത്തില്‍ ചിലര്‍ ഡോക്ടര്‍മാരാണെന്നും റബ്ബി പരിഹസിച്ചു.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന, ജൂതമതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു ഇന്ത്യക്കാരനെ കുറിച്ച് പറയുന്നതിനിടെയിലായിരുന്നു മിസ്രാച്ചിയുടെ വിവാദ പരാമര്‍ശം. ഇസ്രായേലില്‍ ജനിച്ച മിസ്രാച്ചി യുഎസില്‍ ഓര്‍ത്തഡോക്‌സ് ജൂത പ്രാസംഗികനായി പ്രവര്‍ത്തിച്ചുവരികയാണ്.
പശുവിനെ ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്ന ഒരു പിതാവിനും സഹോദരനുമൊപ്പമാണ് അദ്ദേഹം ഇന്ത്യയില്‍ ജീവിച്ചിരുന്നത്. അവര്‍ വീടിനകത്തേക്ക് പോലും പശുവിനെ കൊണ്ടുവരാറുണ്ടെന്നും ഫാര്‍മസികളില്‍ നിന്ന് ഇന്ത്യക്കാര്‍ ഗോമൂത്രം വാങ്ങാറുണ്ടെന്നും മിസ്രാച്ചി അവകാശപ്പെട്ടു.
ഡല്‍ഹിയില്‍ പലപ്പോഴും ഗതാഗതം തടസപ്പെടുത്തുന്നത് പശുക്കളാണ്. ഇതെല്ലാം കണ്ട് ചിരിക്കാറുണ്ടെങ്കിലും ഇന്ത്യക്കാരെ പോലെ ആകാതിരുന്നതില്‍ ദൈവത്തോട് നന്ദി അറിയിക്കുന്നുവെന്നും മിസ്രാച്ചി പറഞ്ഞു. പരാമര്‍ശം ചര്‍ച്ചയതോടെ സോഷ്യല്‍ മീഡിയയിലുടനീളം രൂക്ഷവിമര്‍ശനമാണ് മിസ്രാച്ചി നേരിടുന്നത്. ഇന്ത്യക്കാര്‍ക്ക് പുറമെ ഇസ്രായേലികളും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
മിസ്രാച്ചിയുടെ പരാമര്‍ശം അന്താരാഷ്ട്രതലത്തില്‍ ഇസ്രായേലിന്റെ പ്രതിച്ഛായയ്ക്ക് വലിയ കോട്ടം വരുത്തിയെന്ന് ഇസ്രായേലി ഗവേഷകനും എഴുത്തുകാരനുമായ യെഷായാ റോസന്‍മാന്‍ വിമര്‍ശിച്ചു. ഹോളോകോസ്റ്റില്‍ കൊല്ലപ്പെട്ട ജൂതന്മാര്‍ക്കും വിവിധ മതവിഭാഗങ്ങള്‍ക്കും അര്‍ബുദ രോഗികള്‍ക്കുമെതിരെയും മിസ്രാച്ചി സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
ഓട്ടിസവും ഡൗണ്‍ സിന്‍ഡ്രോമും മുന്‍ ജന്മങ്ങളില്‍ ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷകളാണെന്നും അദ്ദേഹം ആവകാശപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള അതിരുകടന്ന പ്രസംഗങ്ങള്‍ മൂലം മിസ്രാച്ചിക്ക് യുകെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഭാവിയില്‍ ഇസ്രായേലും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും യെഷായാ റോസന്‍മാന്‍ പറഞ്ഞു. ഇന്ത്യയില്‍ താമസിക്കുകയും പഠിക്കുകയും ചെയുന്ന ഇസ്രായേല്‍ പൗരനാണ് യെഷായാ.
വംശീയത മനുഷ്യരാശിയ്ക്ക് ഭീഷണിയാണെന്നും ഇത്തരക്കാര്‍ അസഹിഷ്ണുതയാണ് പ്രചരിപ്പിക്കുന്നതെന്നും ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല എം. അബു ഷാവേശ് പറഞ്ഞു. റബ്ബിയുടെ പേരെടുത്ത് പറയാതെയായിരുന്നു പ്രതികരണം.
മിസ്രാച്ചിയുടെ പരാമര്‍ശങ്ങളില്‍ വെറുപ്പ് തോന്നുന്നുവെന്ന് മുംബൈയിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് രേവാച്ച് പറഞ്ഞു. ഈ കോമാളിയുടെ മണ്ടത്തരം മൂലം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ഹിന്ദുക്കളുടെ മതാചാരങ്ങളെ അപമാനിച്ച മിസ്രാച്ചി വംശീയവാദിയാണെന്നും ചിലര്‍ വിമര്‍ശിച്ചു.






