തൃശൂർ ∙ കേരളത്തിൽ തെരുവുനായ നിയന്ത്രണത്തിനുള്ള ഏക പോംവഴി അവയെ ദത്തുനൽകലാണെന്നു സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. തൃശൂരിലെ അടാട്ട് പഞ്ചായത്തിന്റെ മാതൃകയിൽ വ്യക്തികളെയും സ്ഥാപനങ്ങളെയും ദത്തെടുക്കലിനു പ്രോത്സാഹിപ്പിക്കണം. കേരള വെറ്ററിനറി സർവകലാശാലയുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന വിദഗ്ധസമിതിയാണ് പഠനം നടത്തിയത്. റിപ്പോർട്ട് കഴിഞ്ഞദിവസം സമർപ്പിച്ചു.
മുൻകാലങ്ങളിൽ അവലംബിച്ച രീതികളൊന്നും നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചിട്ടില്ല. വന്ധ്യംകരണം (എബിസി) നടത്തി നായ്ക്കളെ വീണ്ടും അതേ സ്ഥലത്തേക്ക് തുറന്നുവിടുന്ന രീതി മാറ്റണം.
ഷെൽറ്ററുകളുണ്ടാക്കി നായ്ക്കളെ പാർപ്പിക്കുന്നതിലും ചെലവുകുറവ് നായ്ക്കളെ ദത്തെടുക്കുന്നവർക്ക് സർക്കാർ മാസംതോറും സബ്സിഡി നൽകുന്നതാണ്. ഷെൽറ്ററിലാണെങ്കിൽ ഒരു നായയ്ക്ക് മാസം 1800 മുതൽ 2000 രൂപ വരെയാണ് സർക്കാരിന് ചെലവ്. മറ്റു ചെലവുകൾ വേറെയും. ഷെൽറ്ററിന് സ്ഥലം കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്. എത്ര സൗകര്യമുള്ള ഷെൽറ്ററുകളിലായാലും നായ്ക്കളെ ദീർഘകാലം കൂട്ടിലടയ്ക്കുന്നത് അവയുടെ സ്വാഭാവിക പെരുമാറ്റത്തിനും സ്വാതന്ത്ര്യത്തിനും കുഴപ്പമുണ്ടാക്കും. പേവിഷബാധയും കടിയേൽക്കുന്ന സംഭവങ്ങളും കുറയ്ക്കാൻ മുതിർന്ന നായ്ക്കളെയും ദത്തു നൽകണം.
ഷെൽറ്ററിൽ ഒരു നായയ്ക്കായി മാസം 2000 രൂപ ചെലവഴിക്കുന്നതിനു പകരം ദത്തെടുക്കുന്നവർക്ക് സബ്സിഡിയായി മാസം 500 മുതൽ 1000 രൂപ വരെ നൽകിയാലും 50 ശതമാനത്തോളം തുക ലാഭിക്കാം. ദത്തു നൽകുന്ന നായ്ക്കൾക്ക് ആജീവനാന്ത സൗജന്യ വാക്സീനും ആദ്യത്തെ 6 മാസം സൗജന്യ ഡോഗ്ഫുഡ്, ബെൽറ്റ്, കോളർ എന്നിവയടങ്ങിയ വെൽഫെയർ കിറ്റും നൽകണമെന്നും വെറ്ററിനറി സർവകലാശാല വകുപ്പ് മേധാവി ഡോ. ഷിബു സൈമൺ അധ്യക്ഷനായ സമിതി ശുപാർശ ചെയ്യുന്നു.






