നാട്ടിലേക്ക് മടങ്ങിയ പ്രവാസിയെ തേടി ഒമാൻ പൗരൻ; 13 വർഷം കഴിഞ്ഞിട്ടും മറക്കാതെ കടം വീട്ടി, വൈറലായി സർപ്രൈസ്

Spread the love

മസ്‌കത്ത്∙ വര്‍ഷങ്ങള്‍ക്ക് മുൻപ് ലഭിക്കാനുണ്ടായിരുന്ന തുക ഒടുവില്‍ പ്രവാസി മലയാളിക്ക് തിരികെ ലഭിച്ചു. ഒമാന്‍ സ്വദേശിയായ മുഹമ്മദ് സെയ്ദ് മുഹമ്മദ് അബ്ദുള്ള അല്‍ കഅ്ബിയാണ് തന്റെ 13 വര്‍ഷം പഴക്കമുള്ള ബാധ്യത തീര്‍ത്ത് സമൂഹത്തിന് മാതൃകയായത്. കൊല്ലം സ്വദേശിയായ മലയാളിക്ക് ഏകദേശം 425 ഒമാനി റിയാല്‍ (1.04 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഇദ്ദേഹം തിരികെ നല്‍കിയത്.

 

അബുദാബിയിലെ അൽ ഐനിൽ സ്ഥാപനം നടത്തിവന്നിരുന്ന മലയാളിയില്‍ നിന്നും കസ്റ്റമറായിരുന്ന ഒമാന്‍ സ്വദേശി സാധനങ്ങള്‍ വാങ്ങിയിരുന്ന കാലത്തുള്ളതാണ് ഈ ബാധ്യത. 2013ല്‍ ഒമാന്‍ സ്വദേശിയുടെ സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറിയതിനെത്തുടര്‍ന്ന് ചില തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും സ്ഥാപനം അടച്ചുപൂട്ടേണ്ടി വരികയും ചെയ്തു. ഇതോടെ മലയാളിക്ക് നല്‍കാനുള്ള തുക കൊടുക്കാന്‍ സാധിക്കാതെ പോയി.നീണ്ട ഒൻപത് വര്‍ഷത്തെ നിയമ നടപടികള്‍ക്കൊടുവില്‍ ഒമാന്‍ സ്വദേശിക്ക് അനുകൂലമായി കോടതി വിധി വന്നു. തുടര്‍ന്ന് തന്റെ പഴയ ബാധ്യത തീര്‍ക്കാനായി അദ്ദേഹം ഈ മലയാളിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍, ഇതിനിടെ 2023ല്‍ മലയാളി തന്റെ അൽ ഐനിലെ സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറി നാട്ടിലേക്ക് മടങ്ങിയിരുന്നതിനാല്‍ അദ്ദേഹത്തെ കണ്ടെത്തുക എളുപ്പമായിരുന്നില്ല.കഴിഞ്ഞ മൂന്ന് വര്‍ഷമായി അന്വേഷണം തുടര്‍ന്ന ഒമാന്‍ സ്വദേശി, ഒടുവില്‍ ഒമാനില്‍ ബിസിനസ് നടത്തുന്ന കല്ലമ്പലം സ്വദേശിയായ സന്തോഷ് ചാത്തന്‍പാറയുടെ സഹായം തേടി. തുടര്‍ന്ന് നിസ്സാം തോട്ടക്കാട് എന്നിവര്‍ വഴി ഈ വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ മുഖേന ഒടുവില്‍ കൊല്ലം സ്വദേശിയായ മലയാളിയെ കണ്ടെത്തുകയായിരുന്നു.

 

‘തന്റെ വിശ്വാസപ്രകാരം മറ്റൊരാള്‍ക്ക് നല്‍കാനുള്ള ബാധ്യതകള്‍ തീര്‍ക്കല്‍ നിര്‍ബന്ധമാണെന്ന ബോധ്യമാണ് എത്ര പ്രതിസന്ധിയുണ്ടായാലും പണം തിരികെ നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചത്’ എന്ന് ഒമാന്‍ സ്വദേശി മുഹമ്മദ് സെയ്ദ് പറയുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി തുക കൈപ്പറ്റിയ കൊല്ലം സ്വദേശി, ഒമാന്‍ സ്വദേശിയായ മുഹമ്മദ് സെയ്ദിനും തന്നെ കണ്ടെത്താന്‍ സഹായിച്ച സന്തോഷ് ചാത്തന്‍പാറ, നിസ്സാം തോട്ടക്കാട്, സുഹൃത്തുക്കളായ പ്രിന്‍സ് വള്ളിക്കാവ്, അരുണ്‍ ലാല്‍, റിയാസ് ബുറൈമി എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

 

കാലമെത്ര കഴിഞ്ഞാലും മനുഷ്യത്വവും വിശ്വസ്തതയും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന ഈ സംഭവം സമൂഹമാധ്യമത്തിൽ വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

  • Related Posts

    റിയാദിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

    Spread the love

    Spread the loveറിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ഒക്ടോബർ 10ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.   മരണത്തിൽ റിയാദിലെ…

    90 മിനിറ്റിൽ ആശുപത്രിയിലേക്ക് 80 ഫോൺ കോളുകൾ! അടിയന്തര സേവനം തടസ്സപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ ‘പണി’

    Spread the love

    Spread the loveഫ്ലോറൻസ്∙ അലബാമയിലെ ഫ്ലോറൻസിലുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് ഒമ്പത് മിനിറ്റിനുള്ളിൽ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശയവിനിമയ ശൃംഖല ദുരുപയോഗം ചെയ്തതിനും അടിയന്തര സേവന കേന്ദ്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *