കേരളത്തിൽ ഹൃദ്രോഗികൾ കൂടുന്നു? മെഡിസെപ് ആൻജിയോപ്ലാസ്റ്റി ക്ലെയിമുകളിൽ വൻ വർധന

Spread the love

കോഴിക്കോട് ∙ ഹൃദ്രോഗ ചികിത്സ സംബന്ധിച്ചു ചർച്ചകൾ തുടരുമ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലും കൊറോണറി ആൻജിയോപ്ലാസ്റ്റി ക്ലെയിമുകളിൽ വർധന. പദ്ധതി ആരംഭിച്ച 2022 ജൂലൈ മുതൽ 2026 ജനുവരി വരെ സർക്കാർ ആശുപത്രികളിലും മെഡിസെപ്പിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലുമായി അനുവദിച്ചത് 13,365 ക്ലെയിമുകൾ. അനുവദിച്ചത് 120.76 കോടി രൂപ. അനുവദിച്ച ക്ലെയിമുകളിൽ എത്രയെണ്ണം അടിയന്തര ഹൃദയാഘാത ഘട്ടങ്ങളിലായിരുന്നുവെന്നും എത്രയെണ്ണം മരുന്നുകൾ കൊണ്ടു നിയന്ത്രിക്കാമായിരുന്ന മുൻകൂട്ടി നിശ്ചയിച്ച പ്രൊസീജിയറുകളായിരുന്നു എന്നും വ്യക്തമല്ല.

 

പദ്ധതി നിലവിൽ വന്ന 2022 ഓഗസ്റ്റ് മാസം കുറഞ്ഞ എണ്ണം മാത്രമുണ്ടായിരുന്ന ആൻജിയോപ്ലാസ്റ്റി 2024 ഡിസംബറോടെ ഏറ്റവും കൂടുതൽ നടത്തിയ 10 ചികിത്സകളുടെ പട്ടികയിൽ ഇടംപിടിച്ചു. പദ്ധതി ആരംഭിച്ച് ആദ്യത്തെ രണ്ടര വർഷം കൊണ്ട് 8,352 എണ്ണമായിരുന്നു ക്ലെയിം എങ്കിൽ 2025ൽ 4602 ക്ലെയിമുകളോടെ ആകെ എണ്ണം 12,954 ആയി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 1261 ക്ലെയിമുകൾ കൂടുതൽ. മെഡിസെപ്പിൽ ഏറ്റവും കൂടുതൽ തുക വിനിയോഗിച്ച ചികിത്സയിൽ രണ്ടാം സ്ഥാനത്താണ് ആൻജിയോപ്ലാസ്റ്റി (120.76 കോടി രൂപ). ഒരു ക്ലെയിമിന് ഏറ്റവും ഉയർന്ന ശരാശരി തുക വരുന്നതും ആൻജിയോപ്ലാസ്റ്റിക്കാണ് (ശരാശരി 90,360രൂപ).

 

സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും അടക്കം 36 ലക്ഷം പേരാണ് മെഡിസെപ്പിന്റെ ഗുണഭോക്താക്കൾ. സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ആൻജിയോഗ്രാം പരിശോധന നടത്തിയവരിൽ എത്ര ശതമാനം പേരെയാണ് ആൻജിയോപ്ലാസ്റ്റിയിലേക്കു മാറ്റിയത് എന്നതിന്റെ നിരക്ക് താരതമ്യം ചെയ്യുന്ന സമഗ്ര ഓഡിറ്റ് വേണമെന്നും ആവശ്യമുണ്ട്.

 

ഇത്രയധികം ആൻജിയോപ്ലാസ്റ്റി ക്ലെയിം വന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. അതേസമയം ഗുണഭോക്താക്കളിൽ 50 പിന്നിട്ടവരിൽ ഹൃദ്രോഗ സാധ്യത കൂടുതലായതിനാൽ ക്ലെയിമുകളുടെ എണ്ണവും വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. മുൻപ് വലിയ ചെലവ് വന്നിരുന്നതിനാൽ ചെയ്യാതെ മാറ്റിവച്ചിരുന്ന ഹൃദ്രോഗ പരിശോധനകളും സ്റ്റെന്റ് ഇടലും കാഷ്‌ലെസ് ഇൻഷുറൻസ് നിലവിൽ വന്നതോടെ കൃത്യസമയത്ത് ചെയ്യാൻ തുടങ്ങിയതും ക്ലെയിം ഉയരാൻ കാരണമായിട്ടുണ്ടാകാമെന്നും ഇവർ പറയുന്നു.

 

120.76 കോടി

2022 ജൂലൈ മുതൽ 2026 ജനുവരി വരെ സർക്കാർ ആശുപത്രികളിലും മെഡിസെപ്പിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലുമായി 13,365 ക്ലെയിമുകളിൽ അനുവദിച്ചത് 120.76 കോടി രൂപ.

  • Related Posts

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    സ്വർണവിലയ്ക്ക് ഇന്നും ‘തീ’ പിടിച്ചു; 4 ദിവസംകൊണ്ട് 5600ന്റെ കുതിച്ചുകയറ്റം

    Spread the love

    Spread the loveസ്വർണവില റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലോ? കേരളത്തിൽ ഇന്നും സ്വർണ വിലയിൽ തീ പിടിച്ചു. ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയായി. പവൻ വില 2360 രൂപ ഉയർ‌ന്ന് 1,07,080 രൂപയിലെത്തി. 4 ദിവസത്തിനിടെ പവന് വർധിച്ചത് 5600…

    Leave a Reply

    Your email address will not be published. Required fields are marked *