തൊടുപുഴ: ഇടുക്കി രാജകുമാരിയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന കവര്‍ച്ചാക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി പിടിയിലായി. കോട്ടയം സ്വദേശിയായ അല്‍ത്താഫിനെ കോയമ്പത്തൂരില്‍ നിന്നാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു മൂന്ന് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.
2025 ഡിസംബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാജകുമാരി നടുമറ്റം പാലക്കുന്നേല്‍ ടോമിയുടെ മാതാവ് മറിയക്കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതികള്‍, ഇവരെ ഊണുമേശയുടെ കാലില്‍ തുണികൊണ്ട് കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് ഒരു പവന്‍ വീതമുള്ള മൂന്ന് സ്വര്‍ണമോതിരങ്ങളും അലമാരയിലുണ്ടായിരുന്ന 3,000 രൂപയും കവര്‍ന്നു. തുടര്‍ന്ന് സ്വയം കെട്ടഴിച്ച മറിയക്കുട്ടി വീട്ടില്‍നിന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
മറിയക്കുട്ടിയുടെ മകളുടെ മകൻ പന്നിയാര്‍കുട്ടി സ്വദേശി സൈബു തങ്കച്ചന്‍, സുഹൃത്തുക്കളായ കാഞ്ഞിരപ്പള്ളി സ്വദേശിനി അനില, തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ എന്നിവരും അല്‍ത്താഫിനൊപ്പം കവര്‍ച്ചയില്‍ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ദിവസങ്ങള്‍ക്കകം സോണിയയെ മണര്‍കാട്ടുള്ള വാടകവീട്ടില്‍നിന്നും സൈബു തങ്കച്ചനെയും അനിലയെയും പാലക്കാട്ടുനിന്നുമാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ അല്‍ത്താഫ് മാത്രം പൊലീസിന്റെ പിടിയിലാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കെയാണ് കോയമ്പത്തൂരില്‍നിന്ന് പിടിയിലായത്. ജാമ്യത്തിലിറങ്ങിയ സോണിയക്കൊപ്പം കോയമ്പത്തൂരില്‍ താമസിച്ചുവരികയായിരുന്ന അല്‍ത്താഫ്, അവിടെ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. മണിമല, പള്ളിക്കത്തോട്, തൊടുപുഴ, പുത്തന്‍കുരിശ്, എരുമേലി എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






