ഗൂഡല്ലൂർ ∙ ഉരുൾപൊട്ടലിൽ തകർന്ന ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചിട്ടതോടെ ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് നിലച്ചു. കഴിഞ്ഞ 23 മുതൽ 25 വരെ പെയ്ത കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ ബർളിയാർ ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി റോഡ് പൂർണമായും തകർന്നിരുന്നു. കനത്ത മഴയിൽ റോഡിന്റെ മുകൾ ഭാഗത്ത് പാറയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. അപകടകരമായി നിൽക്കുന്ന പാറക്കൂട്ടങ്ങൾ പൊട്ടിച്ചു മാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശീയപാത അതോറിറ്റിയുടെ ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ദേശീയപാതയിൽ ബർളിയാർ വരെ സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ സർവീസ് നടത്തുന്നുണ്ട്. മഴയുണ്ടായാൽ ബസ് സർവീസ് നിർത്തലാക്കും. മറ്റ് വാഹനങ്ങൾക്ക് അനുമതിയില്ല. ഇപ്പോൾ ഊട്ടിയിലേക്കുള്ള യാത്ര കോത്തഗിരി വഴിയാണ്. ഊട്ടിയിൽ നിന്നു കോത്തഗിരി വഴി മേട്ടുപ്പാളയത്തേക്ക് 13 കിലോമീറ്റർ ദൂരം അധികം സഞ്ചരിക്കണം. റോഡ് തടസ്സം കാരണം ഊട്ടിയിലേക്കുള്ള സഞ്ചാരികൾ കുറഞ്ഞു.






