തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതക കേസിൽ തെളിവെടുപ്പിനിടെ രണ്ടാം പ്രതി ഉമർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ പിടിച്ചുവച്ചിരിക്കുന്നതെന്നും തനിക്ക് അഭിറാമിനെ അറിയില്ലെന്നും ഇയാൾ തെളിവെടുപ്പിനിടെ ഉമർ പറഞ്ഞു.
‘എനിക്ക് അഭിറാമിനെ അറിയില്ല. ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്. ഞാൻ ഇവിടെ വന്നിട്ടില്ല. സംഭവം നടക്കുന്ന ദിവസം പോലും വന്നിട്ടില്ല. എന്നെ പ്രതിയാക്കിയതാണ്’- ഉമർ പറഞ്ഞു.
കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴാണ് ഉമർ കരഞ്ഞുകൊണ്ട് പ്രതികരിച്ചത്. കേസിൽ റിമാൻഡിലായിരുന്ന ഉമറിനെയും മൂന്നാം പ്രതി മണക്കാട് സ്വദേശിനിയായ ആനന്ദയെയും പൊലീസ് ശനിയാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഉമറിന്റെ സഹായത്തോടെയാണ് 17 വയസുകാരനായ ഒന്നാം പ്രതി, അഭിറാമിനെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്.
ആദ്യം ഉമറിന്റെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. തുടർന്നാണ് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് തുടർന്നത്. കേസിൽ ഉമറിന്റെ കാമുകിയായ ആക്കുളം സ്വദേശി ഐശ്വര്യയും പ്രതിയാണ്. ഒന്നാം പ്രതിയെയും ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.





