ബർലിൻ ∙ പശ്ചിമ ജർമൻ നഗരമായ ഡോർട്ട്മുണ്ടിൽ പുതുതായി ആരംഭിച്ച ഫാസ്റ്റ് ഫുഡ് ഔട്ട്‌ലറ്റിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നൂറോളം ഉദ്യോഗസ്ഥരെയും ഹെലികോപ്റ്റർ യൂണിറ്റിനെയും അയച്ച് ജർമൻ പൊലീസ്. കബാബുകൾ വിൽക്കുന്ന ഔട്ട്‌ലറ്റിൽ ഭക്ഷണത്തിന് വൻ ഓഫർ പ്രഖ്യാപിച്ചതോടെയാണ് ജനം തടിച്ചുകൂടിയത്. 9 യൂറോ വരെ (941 രൂപ) വിലയുള്ള കബാബുകൾ പ്രമോഷന്റെ ഭാഗമായി ഒരു യൂറോയ്ക്ക് (104 രൂപ) വിൽക്കാൻ തീരുമാനിച്ചതോടെയാണ് ജനക്കൂട്ടം ഇടിച്ചുകയറിയത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റ് ആദ്യം സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നൽകുന്ന സ്വകാര്യ സ്ഥാപനത്തിന്റെ സഹായമാണ് തേടിയത്. എന്നാൽ ജനക്കൂട്ടം അക്രമാസക്തരാകുന്നത് കണ്ട് പൊലീസ് സഹായം തേടുകയായിരുന്നു. ഏകദേശം മുന്നൂറോളം ആളുകളാണ് കബാബ് വാങ്ങാൻ ഒരുമിച്ച് എത്തിയത്. എന്നാൽ നിമിഷ നേരം കൊണ്ട് ആളുകളുടെ എണ്ണം 1,000 കവിഞ്ഞതായി ഉടമ അവകാശപ്പെട്ടു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് എത്തിയതോടെ ആളുകൾ അക്രമാസക്തരാകുകയും കല്ലുകൾ, കുപ്പികൾ എന്നിവ എറിയുകയും ചെയ്തു. തുടർന്ന് പൊലീസ് നിരവധി ആളുകളെ കസ്റ്റഡിയിൽ എടുത്തു.ആൾക്കൂട്ടത്തിൽ ഒരാള്‍ തോക്കുമായിട്ടാണ് എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. സമാധാന ലംഘനത്തിനു നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.






