ഇടുക്കി ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ വീടിന് സമീപത്തെ നടപ്പാതയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേരിയാർ സ്വദേശിനി റാണി (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു.
മൃതദേഹത്തിന്റെ വലതുകൈയുടെ ഭാഗം അസ്ഥി മാത്രമുള്ള നിലയിലും ബാക്കി ഭാഗം മുറിച്ചുമാറ്റിയ നിലയിലുമായിരുന്നു. കൂടാതെ തലയിലും ഗുരുതരമായ പരിക്കുകളുണ്ട്. റാണിയുടെ വീടിനു സമീപത്തെ മറ്റൊരു വീട്ടിൽ താമസിച്ചിരുന്ന രണ്ട് അതിഥി തൊഴിലാളികളെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ചേരിയാറിൽ ആൾത്താമസം കുറഞ്ഞ ഒറ്റപ്പെട്ട പ്രദേശത്താണ് റാണിയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച പള്ളിയിൽ പോയി മടങ്ങിയെത്തിയ റാണിയെ പിന്നീട് അയൽവാസികൾ ആരും കണ്ടിരുന്നില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ചൊവ്വാഴ്ച സമീപവാസിയായ സ്ത്രീ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വാതിലുകൾ തുറന്നുകിടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ നടപ്പാതയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
25 വർഷം മുൻപ് തമിഴ്നാട്ടിലെ തേനിയിൽ വെച്ച് ഭർത്താവ് ബാലഗുരുവിനെ കൊലപ്പെടുത്തിയ കേസിൽ റാണി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. ആ കേസിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം കേരളത്തിലെത്തി ചേരിയാറിൽ സ്ഥലം വാങ്ങി താമസിക്കുകയായിരുന്നു. മക്കളായ റൂബൻ, ഡേവിഡ് എന്നിവർ മൂന്നാറിലാണ് താമസം.
വിവരമറിഞ്ഞ് ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ജില്ലാ പോലീസ് മേധാവി ഡോ. എ.എൻ. നസീം, ഇടുക്കി ഡിവൈ.എസ്.പി. കെ.ആർ. മോഹൻദാസ്, മൂന്നാർ എ.എസ്.പി. അമൃത സതീപൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.






