തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോട്ടറിക്കടയിലേക്ക് ബലം പ്രയോഗിച്ച് വലിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അരുവിക്കര വട്ടകുളം ലക്ഷംവീട് നമ്പർ 15-ൽ ശശിധരനെ (73)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും, പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടി അധികമായി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2024-ലായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ അരുവിക്കര ജംഗ്ഷനിൽ ലോട്ടറിക്കട നടത്തിയിരുന്ന പ്രതി കടയ്ക്കുള്ളിലേക്ക് വലിച്ചുകയറ്റി വാതിലടച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ പ്രതി വാതിൽ തുറന്ന് പുറത്തേക്ക് വിട്ടു. സ്കൂളിലെത്തി ഭയന്നുവിറച്ചിരുന്ന കുട്ടിയോട് അധ്യാപിക വിവരം തിരക്കിയപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി. 19 സാക്ഷികളെ വിസ്തരിച്ച കേസിൽ 31 രേഖകളും ഏഴ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. അന്നത്തെ അരുവിക്കര പൊലീസ് ഇൻസ്പെക്ടർ മുരളീകൃഷ്ണനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.






