ജോലി ചെയ്യാത്തതിനാൽ ഭക്ഷണം കഴിച്ചതിന് റൂംമേറ്റിനെ ഭീഷണിപ്പെടുത്തി സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർക്കാൻ നിർബന്ധിച്ച കേസിൽ അമ്പതുകാരി ജാപ്പനീസ് കോടതിയിൽ കുറ്റം സമ്മതിച്ചു. ജപ്പാനിലെ ഇബരാക്കി പ്രവിശ്യയിലെ മിറ്റോ ജില്ലാ കോടതിയുടെ ഷിമോത്സുമ ശാഖയിൽ നടന്ന വിചാരണയുടെ ആദ്യദിനമാണ് മാസേ സകുരായ് എന്ന പ്രതി കുറ്റം ഏറ്റുപറഞ്ഞത്. നേരത്തെ അറസ്റ്റിലായ ഘട്ടത്തിൽ ഇവർ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് കോടതിയിൽ നിലപാട് മാറ്റുകയായിരുന്നു.
കഴിഞ്ഞ ജൂൺ 18 നും 24 നും ഇടയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. 42 കാരിയായ സഹതാമസക്കാരി തൊഴിലില്ലാതെ വീട്ടിൽ കഴിയുന്നതിനെ പ്രതി എതിർത്തിരുന്നു. “ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്” എന്നായിരുന്നു മാസേ സകുരായുടെ നിലപാട്. ഇതിനെ തുടർന്ന് യുവതി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ നിർബന്ധിതയായി. എന്നാൽ കടുത്ത വിശപ്പ് സഹിക്ക വയ്യാതെ മാസേയുടെ അനുമതിയില്ലാതെ വീട്ടിലുണ്ടായിരുന്ന ഭക്ഷണമെടുത്ത് കഴിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
തുടർന്ന് യുവതിയോട് സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് സ്വയം തുന്നാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. “ഞാൻ തന്നെ ചെയ്താൽ വേദന ഇരട്ടിയാകും” എന്ന് പറഞ്ഞായിരുന്നു ഇവർ ഇരയെ ഭീഷണിപ്പെടുത്തിയത്. ഒടുവിൽ പ്രതിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട 42 കാരിയായ യുവതി, കോഗ നഗരത്തിലെ ഒരു കടയിലേക്ക് ഓടിക്കയറുകയും നൂല് ഉപയോഗിച്ച് തുന്നിയ ചുണ്ടുകളോടെ ‘ദയവായി എന്നെ സഹായിക്കൂ’ എന്ന് എഴുതിയ കടലാസ് ഉയർത്തിക്കാട്ടി ജീവനക്കാരുടെ സഹായം തേടുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ജൂൺ 29 നാണ് മാസേ സകുരായ് ആദ്യം അറസ്റ്റിലായത്. എന്നാൽ താനല്ല ചുണ്ടുകൾ തുന്നിയതെന്നായിരുന്നു ഇവർ ആദ്യഘട്ടത്തിൽ വാദിച്ചിരുന്നത്. തുടർന്ന് പ്രതിയുടെ വീട്ടിലെ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തെളിവുകൾ സ്വീകരിക്കുന്നതിനെ പ്രതിഭാഗം എതിർത്തില്ല. യുവതിയെ ഭീഷണിപ്പെടുത്തി സ്വന്തം ചുണ്ടുകൾ തുന്നിച്ചെന്ന കുറ്റമാണ് നിലവിൽ മാസേ കോടതിയിൽ സമ്മതിച്ചിരിക്കുന്നത്. കേസിന്റെ അടുത്ത വിചാരണ 2027 ഫെബ്രുവരിയിൽ നടക്കും.







