തലശ്ശേരി: ചെന്നൈയിൽ നിന്നും കവർന്ന 16,85,840 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വിദേശ കറൻസിയും ഇലക്ട്രോണിക് ഉപകരണങ്ങളുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ തലശ്ശേരി പോലീസിന്റെ പിടിയിലായി. നേപ്പാൾ പ്യൂത്താൻ ധർമപുരി സ്വദേശി ഗോപാൽ കെ.സി. (22), അസം ലഖിംപൂർ സ്വദേശി ദെബോജിത് ഡോലെ (24) എന്നിവരെയാണ് രാത്രികാല പട്രോളിങ്ങിനിടെ പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച (നവംബർ 12) രാത്രി എട്ടുമണിയോടെ തലശ്ശേരി തിരുവങ്ങാട് അംശം ഇംബാല ലോഡ്ജിന് സമീപത്തുവെച്ചാണ് പ്രതികൾ പിടിയിലായത്. തലശ്ശേരി എസ്.ഐ. നീതു തച്ചഞ്ചേരിയുടെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ് നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ ഇരുവരെയും കാണുകയായിരുന്നു. പോലീസ് ജീപ്പ് കണ്ടതോടെ തിരിഞ്ഞു നടക്കാൻ ശ്രമിച്ച ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്തു. ഗോപാലിന്റെ കൈയിലുണ്ടായിരുന്ന ഷോൾഡർ ബാഗിൽ നിന്നും ദെബോജിത് ഡോലെയുടെ അരക്കെട്ടിൽ നിന്നുമാണ് മോഷണമുതലുകൾ കണ്ടെടുത്തത്.
15 ലക്ഷം രൂപ വിലമതിക്കുന്ന 110.75 ഗ്രാം സ്വർണാഭരണങ്ങൾ, 1,10,000 രൂപയുടെ ഇന്ത്യൻ കറൻസി, 40 കനേഡിയൻ ഡോളർ (20 ഡോളറിന്റെ രണ്ട് നോട്ടുകൾ), 50,000 രൂപ വിലവരുന്ന ആപ്പിൾ മൊബൈൽ ഫോൺ, 20,000 രൂപ വിലവരുന്ന ഏസർ ലാപ്ടോപ്പ്, 5,000 രൂപ വിലവരുന്ന യാഷിക ക്യാമറ, 300 രൂപയുടെ വെള്ളി നിറത്തിലുള്ള മെറ്റൽ ബോക്‌സ് എന്നിവയാണ് പ്രതികളിൽ നിന്നും പോലീസ് പിടിച്ചെടുത്തത്.
ചെന്നൈയിൽ മൂർത്തി എന്നയാളുടെ ഷട്ടർ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്ന ഗോപാൽ, രാത്രി തൊട്ടടുത്തുള്ള വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു. തുടർന്ന് ചെന്നൈയിൽ നിന്നും ട്രെയിൻ മാർഗം ബെംഗളൂരുവിലെത്തിയ ശേഷം, അവിടെയുള്ള സുഹൃത്തായ ദെബോജിത്തിനൊപ്പം മോഷണമുതൽ വിൽക്കുന്നതിനായി കേരളത്തിലേക്ക് വരികയായിരുന്നു. യാത്രയ്ക്കിടെ ട്രെയിനിൽ പോലീസ് പരിശോധന കണ്ടതോടെ പരിഭ്രാന്തരായ ഇരുവരും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നുവെന്നും പ്രതികൾ വെളിപ്പെടുത്തി. ചെന്നൈയിലെ കടയുടമയുമായി ഫോണിൽ ബന്ധപ്പെട്ട് പോലീസ് വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭാരതീയ ന്യായ സംഹിത 2023-ലെ 331(4), 334(1), 305(a), 3(5) എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഗ്രേഡ് എസ്.ഐ. ഷാജി കെ.യുടെ നേതൃത്വത്തിൽ കേസിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് തലശ്ശേരി പോലീസ് അറിയിച്ചു.







