ബത്തേരി ∙ നാലു നൂറ്റാണ്ടു മുൻപ് അന്നത്തെ കോട്ടയം രാജാവ് സമ്മാനിച്ച ഏഴരപ്പൊൻ വള നിധി പോലെ സൂക്ഷിക്കുകയാണ് വയനാട്ടിലും നീലഗിരിയിലും അധിവസിക്കുന്ന വയനാടൻ ചെട്ടി സമുദായം. ഏഴര പവൻ തനിതങ്കത്തിൽ തീർത്തതും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും കൊത്തുപണികളാൽ സമൃദ്ധവുമായ ഉള്ളിൽ മുത്തുകൾ നിറഞ്ഞു കുലുങ്ങുന്ന വള നമ്മോടു പറയുന്നത് അധികമെവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്ത ചരിത്ര ഏടുകളാണ്. വയനാട്ടിലെ ജനവിഭാഗവും കോട്ടയം രാജവംശവും തമ്മിലുണ്ടായിരുന്ന ഊഷ്മള സൗഹൃദവും ഇവിടെ നമുക്കു കാണാം.
തമിഴ്നാട്ടിലെ കൊങ്കുധാരാപുരത്തു നിന്നു നൂറ്റാണ്ടുകൾക്കു മുൻപ് 40 ചെട്ടി സമുദായ കുടുംബങ്ങൾ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ താമസമാക്കിയിരുന്നെന്ന് വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി നേതൃത്വം പറയുന്നു.സമുദായാംഗങ്ങൾ പാർത്ത സ്ഥലങ്ങൾ 5 മേഖലകളായി തിരിച്ചു 5 പേർക്ക് നേതൃസ്ഥാനം നൽകി അവരെ ഐവർ ചെട്ടിമാരായി വാഴിച്ചിരുന്നു. ചീരാൽ ചെട്ടി തോമാട്ടു ചെട്ടി, പെരുവക്കോട്ടു ചെട്ടി, ചെതലയം ചെട്ടി, കൊളപ്പള്ളി ചെട്ടി എന്നിവരായിരുന്നു അവർ. അതിൽ പ്രധാനി ചീരാൽ ചെട്ടിയായിരുന്നു.
അന്നത്തെ കോട്ടയം രാജാവ് വയനാട്ടിലെ 2 നാട്ടുപ്രമാണിമാരായിരുന്ന കോളിയാടി തമ്പുരാൻ, പാക്കം സ്വരൂപം എന്നിവരോടൊപ്പം ചീരാലിലെത്തി, ചീരാൽ കുറുപ്പിൽ നിന്ന് അധികാര സ്ഥാനം ചീരാൽ ചെട്ടിക്ക് കൈമാറി നൽകുകയും ഒപ്പം പട്ടും വളയും സമ്മാനിക്കുകയുമായിരുന്നു. ചീരാൽ ചെട്ടി കൈവശം വച്ചു പോന്നിരുന്ന വള ഇന്ന് വയനാടൻ ചെട്ടി സർവീസ് സൊസൈറ്റിയാണ് സൂക്ഷിക്കുന്നത്.
സമുദായാംഗങ്ങളുടെ വർഷത്തിലെ ഒത്തുകൂടൽ ദിനമായ വൃശ്ചിക സംക്രമാഘോഷത്തിനു മാത്രമാണ് വള പുറത്തെടുക്കുന്നത്. അല്ലാത്ത സമയമത്രയും ബാങ്ക് ലോക്കറിൽ സൂക്ഷിക്കും. സംക്രമദിനത്തിൽ ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ ഭഗവാന്റെ മുൻപിൽ സമർപ്പിച്ച് ആഘോഷം കഴിയുമ്പോൾ വീണ്ടും ലോക്കറിലേക്കു മാറ്റും. വയനാട്ടിലും നീലഗിരിയിലുമായി 4500 കുടുംബങ്ങളിൽ 18,000ത്തോളം പേരാണ് സമുദായത്തിലുള്ളത്.







