തിരുവനന്തപുരം∙ ചാലയിലെ ജ്വല്ലറിയുടമയിൽ നിന്ന് 2 കിലോ സ്വർണം കവർന്ന കേസിൽ 6 പേർ പിടിയിൽ. 4 പേരെ വയനാട്ടിലെ പടിഞ്ഞാറേത്തറയിൽ നിന്നും 2 പേരെ തിരുവനന്തപുരത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലൂടെ നീങ്ങിയ പ്രതികളെ പിന്തുടർന്നാണ് വയനാട്ടിൽ വച്ച് പിടികൂടിയത്. ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറുമായി സ്വർണ വ്യാപാരം നടത്തുന്നവരാണു കവർച്ചയ്ക്കു പിന്നിലെന്നു പൊലീസ് സ്ഥിരീകരിച്ചു.
നന്ദകുമാർ വീട്ടിലേക്കു സ്കൂട്ടറിൽ മടങ്ങവേ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കവർച്ചയ്ക്കിരയായത്. നന്ദകുമാർ ശരീരത്തിനു കുറുകെയിട്ട ക്രോസ് ബാഗിൽ വച്ചിരുന്ന സ്വർണം ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം തട്ടിയെടുക്കുകയായിരുന്നു. 2.6 കോടി രൂപ മൂല്യമുള്ള സ്വർണമാണ് കവർന്നത്.
പ്രതികൾ കവർച്ചയ്ക്കായി ഉപയോഗിച്ച ബൈക്കിന്റെ നമ്പർ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ബൈക്കിന്റെ ഉടമ അനിൽ എന്നയാളാണെന്നു സ്ഥിരീകരിച്ച ഫോർട്ട് പൊലീസ് അയാളെ കേന്ദ്രീകരിച്ച് അന്വേഷണവുമായി മുന്നോട്ടുനീങ്ങി. സംഭവശേഷം ബൈക്ക് ഉപേക്ഷിച്ച പ്രതികൾ അനിലിന്റെ സുഹൃത്തിന്റെ കാറിൽ കേരളത്തിൽ നിന്നു ബെംഗളൂരു, മൈസൂരു വഴി വയനാട്ടിലെത്തി. കർണാടകയിലെ ടോൾ ബൂത്തിലൂടെ കാർ കടന്നുപോയതു പൊലീസ് കണ്ടെത്തി. കവർച്ച നടത്തിയ സ്വർണത്തിൽ ഒരുഭാഗം പ്രതികളിൽ നിന്നു കണ്ടെടുത്തു.






